Connect with us

Kerala

ആദ്യ ഹജ്ജ് വിമാനം ജൂലൈ നാലിന് കരിപ്പൂരില്‍ നിന്ന്; ഇത്തവണ ആദ്യം മദീനയിലേക്ക്

Published

|

Last Updated

കരിപ്പൂര്‍: സംസ്ഥാന ഹജജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ആദ്യ തീര്‍ത്ഥാടക സംഘം കരിപ്പൂരില്‍ നിന്ന് യാത്ര തിരിക്കും. ജൂലൈ നാലിന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് ആദ്യ വിമാനം പുറപ്പെടുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി മുംബൈയില്‍ അറിയിച്ചു. ഹജ്ജിനു മുമ്പ് നേരിട്ട് മദീനയിലേക്കു പുറപ്പെടുന്ന രീതി (ഫസ്റ്റ് ഫെയ്‌സ്) ആണ് ഇത്തവണ കേരള ത്തിലെ തീര്‍ത്ഥാടകര്‍ക്കു വേണ്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിച്ചിട്ടുള്ളത്. ജിദ്ദ വഴി മക്കയിലേക്കു പുറപ്പെട്ട് ഹജ്ജ് കര്‍മ്മങ്ങള്‍ക്കു ശേഷം മദീന സന്ദര്‍ശനം നടത്തി അവിടെ നിന്നും മടങ്ങുന്ന രീതിയായിരുന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരള ത്തിനു അനുവദിച്ചിരുന്നത്.

ഇത്തവണ കോഴിക്കോട് നിന്നും കൊച്ചിയില്‍ നിന്നും നേരിട്ട് മദീനയിലേക്കാണ് യാത്ര പുറപ്പെടുന്നത്. ജൂലായ് ആദ്യ വാരത്തില്‍ തന്നെ കൊച്ചിയില്‍ നിന്നുള്ള തീര്‍ത്ഥാടകരും യാത്ര പുറപ്പെടും. കേന്ദ്ര വിദേശ കാര്യ മന്ത്രാലയം പുതുതായി പ്രഖ്യാപിച്ച പുതിയ ക്വാട്ട പ്രകാരം ഇന്ത്യയില്‍ ഇരുപത്തയ്യായിരം ഹാജിമാര്‍ക്കു കൂടി ഇത്തവണ അവസരം ലഭിക്കും. നറുക്കെടുപ്പിലൂടെ വെയ്റ്റിങ്ങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട കേരളത്തിലെ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പര്‍ രണ്ടായിരം വരെയുള്ളവര്‍ അവരുടെ പാസ്‌പോര്‍ട്ട് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ഏപ്രില്‍ 8നും 22നുമിടയിലായി സമര്‍പ്പിക്കണം. ഇവര്‍ക്കുള്ള പണമടവുള്‍പ്പെടെയുള്ള മറ്റു കാര്യങ്ങള്‍ തെരഞ്ഞെടുക്കുന്ന മുറക്ക് പിന്നീട് അറിയിക്കുന്നതാണ്.

ഹജ്ജിനു മുമ്പ് മദീന യാത്ര സൗകര്യപ്പെടുത്തിയത് പ്രവാസികള്‍ക്കും ഏറെ ഉപ കാരമായിരിക്കും. ഹജ്ജ് കഴിഞ്ഞ ഉടനെ തന്നെ അവര്‍ക്കു വിദേശത്തെ ജോലി സ്ഥലത്തേക്കു പോവാന്‍ സാധിക്കുന്നതിനാല്‍ ലീവ് ദിവസങ്ങള്‍ കുറയ്ക്കാന്‍ കഴിയും. തീര്‍ത്ഥാടകരുടെ വാക്‌സിനേഷന്‍ റമസാനിനു മുമ്പ് വല്ല കാരണവശാലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നാല്‍ റമളാനിനു ശേഷം പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും ചെയര്‍മാന്‍ പറഞ്ഞു.

മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസ്സര്‍ ഡോ. മഖ്‌സൂദ് അഹ്മദ് ഖാനുമായി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, മെമ്പര്‍ മുസ്‌ലിയാര്‍ സജീര്‍ എന്നിവര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്. കേരളത്തില്‍ നിന്നുളള ഹജ്ജ് യാത്രാ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മഖ്‌സൂദ് അഹ്മദ് ഖാന്‍ ഉടനെ കേരളം സന്ദര്‍ശിക്കും. സൗദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ, കാലികറ്റ് എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

Latest