Connect with us

Palakkad

പോലീസ് കമാൻഡോകളുടെ പ്രവർത്തനം ഏകോപിപ്പിക്കാന്‍ ഇനി ജി പി എസ്‌

Published

|

Last Updated

പാലക്കാട്: സംസ്ഥാന പോലീസ് സേനയിലെ കമാൻഡോ വിഭാഗത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജി പി എസ്) സംവിധാനമൊരുങ്ങി. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് ജി പി എസ് സംവിധാനം ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

കമാൻഡോകൾക്ക് കൈയിൽ കൊണ്ടു നടക്കാവുന്ന തരത്തിലുള്ള ജി പി എസ് ഉപകരണങ്ങളാണ് ലഭിക്കുക. കേരള ഭീകരവിരുദ്ധ സേന, വനമേഖലകളിൽ നടത്തുന്ന മവോവാദികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് നിയോഗിക്കപ്പെടുന്ന സേനാ വിഭാഗങ്ങൾ എന്നിവർക്കാണ് ജി പി എസ് നിയന്ത്രിത ഓപറേഷനുകൾ ഏറെ സഹായകരമാവുക. നിലവിൽ വനമേഖലയിൽ ഫോൺ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തത് മൂലം പോലീസ് സേനക്ക് മവോവാദികളുടെ നീക്കങ്ങൾ അറിയുന്നതിനും നേരിടുന്നതിനും തടസ്സം അനുഭവിക്കുന്നുണ്ട്. ജി പി എസ് സംവിധാനം വരുന്നതോടെ ഇതിന് പരിഹാരം കാണുമെന്നാണ് പോലീസ് അധികൃതർ പറയുന്നത്. 27 ജി പി എസ് ഉപകരണങ്ങളാണ് സേനയുടെ ഭാഗമാവുന്നത്. ഒരെണ്ണത്തിന് 15,694 രൂപ വിലവരും. ഇടതൂർന്ന കാടുകളും വനമേഖലകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോവാദികൾക്കായുള്ള തിരച്ചിലിനിടെ സേനക്ക്‌ നിലവിലുള്ള വയർലെസ്, സെൽഫോൺ സംവിധാനങ്ങൾ വിവരങ്ങൾ യഥാസമയം കൈമാറുന്നതിന് പലപ്പോഴും ഗുണകരമാകാറില്ല. ഇത് സേനയെ കൃത്യസമയത്ത് വേണ്ടസ്ഥലത്ത് വിന്യസിക്കുന്നതിനും സേനാംഗങ്ങളെ ഏകോപിപ്പിക്കുന്നതിനും തടസ്സമുണ്ടാകുന്നുണ്ട്.

കേരളത്തിലെ മൂന്ന് ജില്ലകൾ ഉൾപ്പെടെ രാജ്യത്ത് എട്ട് ജില്ലകളെക്കൂടി കഴിഞ്ഞവർഷം കേന്ദ്രസർക്കാർ നക്‌സൽ ബാധിത പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. വയനാട്ടിലെ വനമേഖലകൾക്ക് പുറമേ മലപ്പുറം ജില്ലയിലെ വനമേഖലകളിലും പാലക്കാട് ജില്ലയിലെ ശിരുവാണി, അട്ടപ്പാടി മേഖലകളിലുമാണ് നക്‌സൽ പ്രവർത്തനങ്ങൾ ശക്തമായിട്ടുള്ളത്. പുതിയ സംവിധാനം വരുന്നതോടെ പോലീസ് സേനക്ക് മവോവാദികളുകളടക്കമുള്ളവരുടെ പ്രവർത്തനങ്ങൾ തടയിടാൻ കഴിയുമെന്നാണ് പ്രതീക്ഷ.