Connect with us

Eranakulam

കാട്ടിലും വരൾച്ച; മൃഗങ്ങൾ കൂട്ടത്തോടെ കാടിറങ്ങുന്നു

Published

|

Last Updated

വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി വനം വകുപ്പ്
സ്ഥാപിച്ച ബോർഡ്

കൊച്ചി: വരൾച്ചയും ചൂടും കൂടിയതോടെ കാട്ടിൽ നിന്ന് പുലികളടക്കമുള്ള കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങി. സംസ്ഥാനത്തിന്റെ വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിലേക്കാണ് മൃഗങ്ങൾ കൂട്ടത്തോടെ ഇറങ്ങുന്നത്. ഇടമലയാർ അണക്കെട്ട് പ്രദേശത്തേക്ക് പോകുന്ന മരപ്പാലം, ചക്കി മേട് ഭാഗങ്ങളിൽ റോഡിൽ വന്യ ജീവികൾ കൂട്ടത്തോടെ ഇറങ്ങുന്നത് പതിവായിട്ടുണ്ട്. ആന കൂട്ടങ്ങൾ, പുലി, കരടി തുടങ്ങിയവ ഈ ഭാഗത്തെ റോഡിലേക്ക് പകൽ പോലും ഇറങ്ങുന്നത് വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ് തുണ്ടം റേഞ്ചിലെ മരപ്പാലം ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന ചക്കി മേട് ഭാഗത്ത് ചെയിൻ ഗേറ്റ് സ്ഥാപിച്ചു.
ഇതോടെപ്പം അനധികൃതമായി വാഹനങ്ങൾ കടന്നു പോകുന്നത് തടയാൻ കാവൽക്കാരെയും നിയമിച്ചിട്ടുണ്ട്. ഇതു കൂടാതെ ഇടമലയാർ റോഡിൽ ചക്കി മേടിന് സമീപം വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ബോർഡും സ്ഥാപിച്ചു കഴിഞ്ഞു. നിയന്ത്രണങ്ങൾ മറികടന്ന് പോകാൻ ശ്രമിക്കുന്നവർക്കെതിരെ കേസ് എടുക്കുമെന്നും വനപാലകർ അറിയിച്ചിട്ടുണ്ട്.

അതിരപ്പിള്ളി വനമേഖലയിലെ തുമ്പൂർമുഴി മുതൽ ചിക്ലായി വരെയുള്ള ഭാഗങ്ങളിലും പ്ലാന്റേഷൻ റോഡിലും പിള്ളപ്പാറ, അതിരപ്പിള്ളി ഭാഗങ്ങളിൽ റോഡിലും കാട്ടാനക്കൂട്ടം പതിവാണ്. പകൽ സമയത്തും ഈ മേഖലയിൽ പുഴയിലിറങ്ങി വെള്ളം കുടിക്കാനെത്തുന്ന മ്ലാവുകളെയും കാട്ടുപന്നികളെയും കാണാനാകും. ആനമല റോഡിലൂടെ പ്രത്യേകിച്ച് രാത്രിയിൽ സാവധാനത്തിലും സൂക്ഷിച്ചും വണ്ടി ഓടിച്ചില്ലെങ്കിൽ വന്യമൃഗങ്ങളെ ഇടിക്കാനുള്ള സാധ്യത കൂടുതലാണ്.

മ്ലാവുകളും പന്നികളും വന്ന് ഇരുചക്രവാഹനങ്ങളിലിടിച്ച് പരുക്ക് പറ്റുന്നത് പതിവായതോടെ ഇവിടെയും വാഹന നിയന്ത്രണമേർപ്പെടുത്താൻ വനപാലകർ ആലോചിക്കുന്നുണ്ട്.
വനം വരൾച്ചയിലമർന്നതോടെ കാട്ടരുവികളും ചോലകളും കുളങ്ങളും വറ്റിയതും കാട്ടുതീ പടരുന്നതുമാണ് മൃഗങ്ങളുടെ കാടിറങ്ങലിന് കാരണമായി പറയുന്നത്.വനത്തോട് ചേർന്ന തോട്ടം മേഖലകളിലെ വാഴകളും തെങ്ങുകളും കൈതച്ചക്കകളും കവുങ്ങുകളും കാട്ടാനകൾ നശിപ്പിക്കുന്നത് നിത്യ സംഭവമായി മാറിയിട്ടുണ്ട്.

Latest