Connect with us

Ongoing News

വോട്ട് പിടിക്കുന്നവർക്ക് ഓഫർ പെരുമഴ

Published

|

Last Updated

പാലക്കാട്: തമിഴകത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിൽ വിജയം നേടുന്നതിന് വൻകിട ഓഫറുകളുമായി പ്രമുഖ കക്ഷികളായ എ ഐ എ ഡി എം കെയും ഡി എം കെയും രംഗത്ത്. സാരിയും ടെലിവിഷനും വോട്ടർമാർക്ക് നൽകുന്നത് പതിവാണെങ്കിലും ലോക്‌സഭ മണ്ഡലത്തിൽ നിയോജകമണ്ഡലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടിത്തരുന്ന ചുമതലയുള്ള നേതാക്കൾക്കാണ് ഓഫറുകളുടെ പെരുമഴയുമായി പാർട്ടികൾ വിജയത്തിനുള്ള പുതിയ വഴി തേടുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിത്തരുന്ന നിയോജക മണ്ഡലത്തിലെ നേതാക്കൾക്ക് ഒരു കോടി രൂപ, വിദേശ യാത്ര എന്നിവക്ക് പുറമെ സ്വർണ മാല, മോതിരം, ഫ്രിഡ്ജ്, ബുള്ളറ്റ് മോട്ടോർ ബൈക്കുകൾ തുടങ്ങിയവ നൽകുമെന്ന വാഗ്ദാനമാണ് നേതാക്കൾ നിരത്തുന്നത്. ഡി എം കെ ട്രഷറർ എസ് ദുരൈസ്വാമിയുടെ മകൻ കാർത്തി ആനന്ദ് മത്സരിക്കുന്ന വെല്ലൂരിൽ അമ്പത് ലക്ഷം രൂപയുടെ ഓഫറാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആർക്കോണത്ത് ഡി എം കെ സ്ഥാനാർഥിയും യു പി എ ഭരണക്കാലത്ത് കേന്ദ്രമന്ത്രിയുമായിരുന്ന ജഗത് രക്ഷകൻ ഒരു കോടിയാണ് വാഗ്ദാനം ചെയ്യുന്നത്.

തമിഴ്‌നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും നക്ഷത്ര ഹോട്ടലുകളും നടത്തുന്ന ജഗത് രക്ഷകൻ മഹാകോടീശ്വരൻമാരുടെ ലിസ്റ്റിൽപ്പെട്ട സ്ഥാനാർഥിയാണ്. വെല്ലൂരിൽ ഡി എം കെ സ്ഥാനാർഥി കാർത്തി ആനന്ദിന്റെ എതിരാളി എ ഐ ഡി എം കെ സ്ഥാനാർഥി എ സി ഷൺമുഖൻ ആറ് ബുള്ളറ്റ് മോട്ടോർ ബൈക്കുകളും വിദേശ യാത്രയുമാണ് ഓഫർ ചെയ്തിട്ടുള്ളത്. ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നത് മൂലം പ്രവർത്തകർ കൂടുതൽ അധ്വാനിക്കുകയും സ്ഥാനാർഥിയുടെ വിജയം സുനിശ്ചിതമാക്കുകയും ചെയ്യുമെന്നാണ് എ ഐ എ ഡി എം കെ നേതാക്കളുടെ വാദം.
2014ൽ ബി ജെ പി ടിക്കറ്റിൽ മത്സരിച്ച നിലവിലെ എ ഐ ഡി എം സ്ഥാനാർഥി ഷൺമുഖൻ ലോക്സഭ പരിധിയിലുള്ള നിയോജകമണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടി തരുന്ന നേതാക്കൾക്ക് ഒരു ലക്ഷം രൂപ, ബുള്ളറ്റ് മോട്ടോർ ബൈക്ക്, വിദേശ, നോർത്ത് ഇന്ത്യ യാത്രകളും വാഗ്ദാനം ചെയ്തിരുന്നുവെങ്കിലുംപരാജയപ്പെടുകയായിരുന്നു.

തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെ ഓഫറുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
തിരഞ്ഞെടുപ്പിൽ വൻതോതിൽ പണമൊഴുക്ക് തടയുന്നതിന്റെ ഭാഗമായി ശനിയാഴ്ച വെല്ലൂർ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശ പ്രകാരം ആദായ നികുതി ഉദ്യോഗസ്ഥർ കാർത്തി ആനന്ദിന്റെ കാട്പടിയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ച 19 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടിൽ പല നേതാക്കളും ഇത്തരത്തിൽ വാഗ്ദാനവുമായി രംഗത്ത് വന്നിട്ടുണ്ട്.

Latest