Connect with us

Ongoing News

ബി ജെ പിയിലേക്ക് പോകില്ലെന്ന് ഉറപ്പുള്ളവർക്ക് മാത്രം വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

ഇന്നസെൻറിന്റെ പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ കോലഞ്ചേരിയിൽ പ്രസംഗിക്കുന്നു

പെരുമ്പാവൂർ: ബി ജെ പിയിലേക്ക് പോകില്ലെന്ന് ഉറപ്പുള്ളവർക്ക് മാത്രം ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലക്കുടി മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഇന്നസെന്റിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം കോലഞ്ചേരിയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ തിരഞ്ഞെടുപ്പുകളും നിർണായകമാണ്. എന്നാൽ ഈ തിരഞ്ഞെടുപ്പ് അതിനിർണായകമാണ്. രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസരമാണിത്. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയും മതേതരത്വവും ചോദ്യം ചെയ്യപ്പെടുന്നു. സംഘ്പരിവാറും ആർ എസ് എസും ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല. ബി ജെ പിക്ക് വീണ്ടും ഭൂരിപക്ഷം ലഭിച്ചാൽ ഇനിയൊരു തിരഞ്ഞെടുപ്പുണ്ടാകില്ലെന്ന് ഇപ്പോൾ തന്നെ പാർട്ടി വക്താവ് സാക്ഷി മഹാരാജ് പറഞ്ഞത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. അതിനെപ്പറ്റി കേന്ദ്രഭരണത്തിലെ ആരും ഒരു അരവാക്ക് പോലും ശബ്ദിച്ചില്ല.

പശുവിന്റെ പേരിൽപ്പോലും എല്ലാ സീമകളും ലംഘിച്ച്‌
അക്രമം അഴിച്ചു വിടുന്നതാണ് നമ്മൾ കണ്ടത്. ഭൂരിപക്ഷ വർഗീയതക്കൊപ്പം ജാതീയമായ അക്രമങ്ങളും പെരുകുന്നു. രാജ്യസ്‌നേഹികളും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരും രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യം ആഗ്രഹിക്കുന്നവരും ബി ജെ പി ഭരണം അവസാനിക്കാൻ ആഗ്രഹിക്കുന്നവരാണ്.

2009ൽ അധികാരത്തിലെത്തിയ രണ്ടാം യു പി എ സർക്കാറിന്റെ ജനദ്രോഹ നടപടികളാണ് 2014ൽ ബി ജെ പിക്ക് ഭരണം ലഭിക്കാൻ സഹായിച്ചത്. 2004ൽ അധികാരത്തിൽ വന്ന ഒന്നാം യു പി എ സർക്കാറിനെ ഇടതുപക്ഷം പിന്തുണച്ചിരുന്നു. അതുകൊണ്ട് തന്നെ ജനദ്രോഹ നടപടികളെടുക്കാൻ ആ സർക്കാറിന് സാധിച്ചില്ല.
പിന്നീട് ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ അധികാരത്തിൽ വന്ന രണ്ടാം യു പി എ സർക്കാർ രാജ്യത്തെ മുച്ചൂടും നശിപ്പിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കൽ പോലെ ഒരുപാട് ജനവിരുദ്ധ നടപടികൾക്ക് അവരാണ് തുടക്കം കുറിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest