Connect with us

Ongoing News

തുഷാറും കൈവിട്ടു; തൃശൂരിൽ നാഥനില്ലാതെ എൻ ഡി എ

Published

|

Last Updated

തൃശൂർ: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളി എൻ ഡി എ സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെ അനാഥമാകുന്നത് തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ എൻ ഡി എ മുന്നണി പ്രവർത്തകരാണ്.
ഇന്നലെ ബി ജെ പി അധ്യക്ഷൻ അമിത്ഷായാണ് തുഷാറിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ഏറെ അനിശ്ചിതത്വത്തിന് ശേഷമാണ് തൃശൂർ മണ്ഡലത്തിൽ തുഷാറിനെ സഥാനാർഥിയായി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിനു ശേഷം പ്രചാരണ പ്രവർത്തനവുമായി ബി ജെ പി ജില്ലാ നേതൃത്വം ഏറെ മുന്നോട്ട് പോയിരുന്നു. അതേസമയം രാഹുൽ മത്സരിക്കാനെത്തിയാൽ ബി ജെ പി ദേശീയ നേതാവ് തന്നെ വയനാട്ടിൽ മത്സരിക്കാനെത്തുമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. സ്ഥാനാർഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തിൽ ഭേദഗതി ഉണ്ടാകുമെന്ന് എൻ ഡി എ നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.

തൃശൂരിലെ സ്ഥാനാർഥിയെ നിശ്ചയിക്കാൻ ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പമുണ്ടായത് അണികൾക്കിടയിൽ അസംതൃപ്തിക്ക് കാരണമായിരുന്നു. എങ്കിലും തുഷാറിനെ സ്ഥാനാർഥിയായി ലഭിച്ചതോടെ ആവേശം ചോരാതെ അണികൾ പ്രചാരണത്തിൽ മുഴുകിയപ്പോഴാണ് രാഹുലിന്റെ സ്ഥാനാർഥി പ്രഖ്യാപനം വരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം തൃശൂരിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വയനാട്ടിലെ ബി ഡി ജെ എസ് സ്ഥാനാർഥിയെ പിൻവലിച്ച് സീറ്റ് ബി ജെ പിക്ക് നൽകാൻ തയ്യാറാണെന്ന് തുഷാർ പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ആശയവിനിമയം നടത്തിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തൃശൂർ സീറ്റിന്റെ കാര്യത്തിൽ ആശയക്കുഴപ്പമൊന്നും ഇല്ലെന്നായിരുന്നു തുഷാർ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇന്നലെ രാവിലെ തന്നെ തുഷാർ വയനാട്ടിലേക്ക് തിരിച്ചത് കേന്ദ്ര നേതൃത്വത്തിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു. അമിത് ഷായുടെ പ്രഖ്യാപനം വന്നതോടെ തൃശൂരിലെ സ്ഥാനാർഥിയുടെ കാര്യം വീണ്ടും അനിശ്ചിതത്വത്തിലായി.

സ്ഥാനാർഥിക്കു വേണ്ടി ആരംഭിച്ച ചുവരെഴുത്തുകളും അച്ചടിച്ച പോസ്റ്ററുകളും വെറുതെയായ നിരാശയിലാണ് ജില്ലയിലെ പ്രവർത്തകർ. മൂന്ന് ദിവസത്തെ പ്രചാരണ കോലാഹലങ്ങളും അവസാനിച്ചു. ഇനി അടുത്ത സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് വേണ്ടി കാത്തിരിപ്പ് തുടരുകയാണ്.