Connect with us

Ongoing News

ചാലക്കുടിയില്‍ ബലാബലം

Published

|

Last Updated

ചാലക്കുടിയിലെ പോരിന് ചൂടേറുമെന്ന് വെറുതെ പറയുന്നതല്ല. മീനച്ചൂടിനെ വെല്ലുന്ന ചൂടാണ് ഇവിടെ തിരഞ്ഞെടുപ്പിന്. ഇടതു വലതു സ്ഥാനാർഥികളുടെ പ്രചാരണം കൊട്ടിക്കയറുമ്പോൾ ചാലക്കുടിയിൽ ആരു ജയിക്കുമെന്ന പ്രവചനം അസാധ്യം. ഏതു ഭാഗത്തേക്കും മാറി മറിയാൻ സാധ്യതയുള്ള മണ്ഡലമായി ചാലക്കുടിയെ ഇക്കുറി വിലയിരുത്തുമ്പോൾ പോരിനിറങ്ങിയവരുടെ നെഞ്ചിടിപ്പ് കൂടുകയാണ്. മണ്ഡല പുനർനിർണയത്തിന് ശേഷം ആദ്യ തവണ കോൺഗ്രസും പിന്നെ ഇടതുപക്ഷവും വെന്നിക്കൊടി നാട്ടിയ ഇവിടെ രാഷ്ട്രീയ ബലാബലത്തിനായി വീണ്ടും കാഹളം മുഴങ്ങുമ്പോൾ ആരാണ് ചാലക്കുടി നീന്തിക്കയറുകയെന്ന് കണ്ടറിയേണ്ടി വരും.
ഇടതുമുന്നണി സ്ഥാനാർഥിയായി ആദ്യം കളത്തിലിറങ്ങിയ ഇന്നസെന്റും പിറകെയെത്തിയ യു ഡി എഫിന്റെ ബെന്നി ബഹനാനും എൻ ഡി എയിലെ എ എൻ രാധാകൃഷ്ണനും തമ്മിലാണ് പ്രധാനപോരാട്ടം.

മുകുന്ദപുരത്തിന്റെ ചരിത്രം പേറുന്ന ലോക്‌സഭാ മണ്ഡലമായ ചാലക്കുടി 2008 ലെ മണ്ഡല പുനർനിർണയത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി കേന്ദ്രമാക്കിയാണ് രൂപവത്കരിക്കപ്പെട്ടത്. കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി, ആലുവ, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ഈ ലോക്‌സഭാ മണ്ഡലത്തിൽ 2014ൽ ഇന്നസെന്റ്നേടിയത് അട്ടിമറി ജയമായിരുന്നു. പി സി ചാക്കോയും കെ പി ധനപാലനും പരസ്പരം തൃശൂർ, ചാലക്കുടി മണ്ഡലങ്ങൾ വെച്ചുമാറിയതാണ് രണ്ട് സ്ഥലത്തെയും തോൽവിക്ക് കാരണമായതെന്ന് വിലയിരുത്തുന്ന യു ഡി എഫ്, ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ദൗത്യവുമായാണ് ബെന്നി ബഹനാനെ രംഗത്തിറക്കിയിരിക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആകെയുള്ള ഏഴ് നിയമസഭാ സീറ്റുകളിൽ നാലെണ്ണം യു ഡി എഫിനൊപ്പവും മൂന്നെണ്ണം എൽ ഡി എഫിനൊപ്പവുമായിരുന്നു.
ഈ തിരഞ്ഞെടുപ്പിൽ ഈ സമവാക്യങ്ങൾ എന്തായാലും മാറിമറിയും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്നസെന്റിനെ മത്സരിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ കേരളം ഏറെ ശ്രദ്ധിച്ച മണ്ഡലമായിരുന്നു ചാലക്കുടി. വെറുമൊരു സിനിമാക്കാരനെന്നതിൽ നിന്ന് രാഷ്ട്രീയമായ വലിയ വളർച്ച കൂടിയായിരുന്നു ഇന്നസെന്റിന്റെ ചാലക്കുടിയിലെ ജയം. ഇത്തവണ രാഷ്ട്രീയക്കാരനായ, കമ്യൂണിസ്റ്റുകാരനായ ഇന്നസെന്റാണ് മത്സരിക്കുന്നതെന്നത് ചാലക്കുടിയിലെ പോരാട്ടത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ആർ എസ് പിയിലൂടെ രാഷ്ട്രീയത്തിലെത്തി ഇരിങ്ങാലക്കുട നഗരസഭാംഗമായ ശേഷം സിനിമയിലേക്ക് പോയി വീണ്ടും രാഷ്ട്രീയത്തിലേക്ക് മടങ്ങിവന്ന ഇന്നസന്റ് ഇത്തവണ മത്സരിക്കുന്നത് അരിവാൾ ചുറ്റിക നക്ഷത്രമെന്ന പാർട്ടി ചിഹ്നത്തിലാണ്. ഇന്നസെന്റിന്റെ വാക്കും നോക്കും മണ്ഡലത്തിലെ ഇടപെടലുകളുമെല്ലാം ഇത്തവണ വോട്ടർമാർ സസൂക്ഷ്മം വിലയിരുത്തുമെന്നത് ഉറപ്പ്. രാഷ്ട്രീയക്കാരനായ ഇന്നസെന്റിന് എത്ര മാർക്കാണ് ചാലക്കുടിക്കാർ നൽകുകയെന്നത് ഇത്തവണ വ്യക്തമാകും.

വികസന പ്രവർത്തനങ്ങൾ മാത്രം പ്രചാരണ വിഷയമാക്കിയാൽ മണ്ഡലം ഇക്കുറിയും നിലനിർത്താമെന്നതാണ് എൽ ഡി എഫിന്റെ ഉറച്ച പ്രതീക്ഷ. എന്നാൽ ഇന്നസെന്റിന് ഇത്തവണ എതിരാളിയായെത്തിയ ബെന്നി ബഹനാൻ അത്ര നിസ്സാരക്കാരനല്ല. 1978ൽ കെ എസ്‌ യു സംസ്ഥാന പ്രസിഡന്റായാണു നേതൃത്വത്തിലേക്കുള്ള വരവ്. തൃക്കാക്കരയിൽ നിന്നും പിറവത്ത് നിന്നും നിയമസഭയിലെത്തി. ഇടക്കാലത്ത് തൃശൂർ ഡി സി സിയുടെ ചുമതലക്കാരനായി. കോൺഗ്രസിലെ കടുത്ത എ ഗ്രൂപ്പ് കാരനായി. എന്നാൽ സർവ സമ്മതനായ സർവോപരി യു ഡി എഫ് കൺവീനറായ ബെന്നിയുടെ വരവ് കോൺഗ്രസ് ക്യാമ്പിന് ആവേശം തന്നെയാണ് പകർന്ന് നൽകിയിട്ടുള്ളത്. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ബെന്നിയിലൂടെ തിരിച്ചു പിടിക്കാനാകുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം.
ആർ എസ് എസ് വളണ്ടിയറായി കണ്ണൂരിൽ തുടങ്ങിയ രാഷ്ട്രീയജീവിതമാണ് ബി ജെ പി സ്ഥാനാർഥി എ എൻ രാധാകൃഷണന്റേത്. പാർട്ടി എറണാകുളം ജില്ലാ പ്രസിഡന്റ്സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം തുടങ്ങിയ പദവികളിലെല്ലാം എത്തിയ രാധാകൃഷ്ണൻ ഇരുമുന്നണികൾക്കൊപ്പം പ്രചാരണ രംഗത്ത് ഇതിനകം സജീവമായിട്ടുണ്ട്.

സകലവിധ രാഷ്ട്രീയ വിഷയങ്ങളും ഇവിടെ ചർച്ചയാകുന്നുണ്ടെങ്കിലും പ്രളയമാണ് ഇവിടെ രാഷ്ട്രീയ പാർട്ടികൾ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം. ചാലക്കുടിയെ ദുരിതക്കയത്തിലാഴ്ത്തി സർവതും നശിപ്പിച്ചു കടന്നുപോയ പ്രളയം അത്രമേൽ ഇവിടുത്തെ ജനങ്ങളെ ബാധിച്ചിരുന്നു. പ്രളയത്തിന്റെ നഷ്ടത്തിൽ നിന്ന് കരകയറാനാകാത്ത ജീവിതങ്ങൾക്ക് മുമ്പിൽ ഒരു രാഷ്ട്രീയ പ്രശ്‌നവും വിലപ്പോകില്ലെന്ന് എല്ലാ സ്ഥാനാർഥികൾക്കുമറിയാം. അതുകൊണ്ട് തന്നെ പ്രളയമാണ് ഇവിടെ വോട്ടിനു വേണ്ടിയുള്ള പാർട്ടികളുടെ പ്രധാന ആയുധം. എന്നാൽ പ്രളയകാലത്തെ ആധിയകറ്റാൻ സർക്കാർ ചെയ്ത നടപടികൾ ഒന്നൊന്നായി ഇടതു സ്ഥാനാർഥി ഇന്നസെന്റ് നിരത്തുമ്പോൾ പ്രളയദുരിതാശ്വാസത്തിൽ ഇപ്പോഴും സർക്കാർ നൽകിത്തീർക്കാനുള്ള കടത്തിന്റെ കണക്കുകൾ എതിരാളികളുടെ ആവനാഴിയിലെ അസ്ത്രത്തിന്റെ മൂർച്ച കൂട്ടുന്നു. എം പിയായിരിക്കെ ചെയ്ത 17550 കോടിയുടെ വികസനക്കണക്ക് പൊടിതട്ടിയെടുത്ത് ഇന്നസെന്റ് വോട്ടർമാർക്ക് മുമ്പിലവതരിപ്പിക്കുമ്പോൾ പാർലിമെന്റിലെ പ്രകടനമാണ് എതിരാളിയായ ബെന്നി ജനസമക്ഷം മുന്നോട്ട് വെക്കുന്നത്.

മണ്ഡലത്തിലെ കൃസ്ത്യൻ വോട്ടുകളിൽ നല്ലൊരു ശതമാനം ഇക്കുറി യു ഡി എഫിന്റെ പെട്ടിയിൽ വീണേക്കാമെന്നും നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. അതേസമയം ശബരിമലയാണ് ബി ജെ പിയുടെ പ്രചാരണ വിഷയങ്ങളിൽ പ്രധാനം. ശബരിമല പ്രശ്‌നത്തിൽ പത്ത് ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം കിടന്നയാളാണ് സ്ഥാനാർഥിയെന്നത് ബി ജെ പി ഉയർത്തിക്കാട്ടാനും മടിക്കുന്നില്ല. എൻ എസ് എസിന്റെ നിലപാട് ഇവിടെ വോട്ടായി പ്രതിഫലിക്കുമെന്നാണ് ബി ജെ പി കരുതുന്നത്.
സംസ്ഥാനത്ത് എൻ എസ് എസിന്റെ ഏറ്റവും വലിയ താലൂക്കായ മുകുന്ദപുരം ചാലക്കുടിയിലാണ്. എൻ എസ് എസിന്റെ രാഷ്ട്രീയ നിലപാട് ഇവിടെ നിർണായകമാണെന്നും അത് തങ്ങൾക്കനുകൂലമാണെന്നും ബി ജെ പി കണക്കുകൂട്ടുന്നു.
സന്നദ്ധ സംഘടനയായ ട്വന്റി ട്വന്റിയുടെ നിലപാടാണ് ഇവിടെ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ സ്വാധിനിക്കുന്ന മറ്റൊരു ഘടകം. തുടക്കത്തിൽ സ്ഥാനാർഥിയെ നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇവർ പിന്നീട് പിൻവലിയുകയായിരുന്നു. കിഴക്കമ്പലം പഞ്ചായത്തിൽ നിർണായക സ്വാധീനമുള്ള ട്വന്റി ട്വന്റിയുടെ തീരുമാനം ഇഞ്ചോടിച്ച് മത്സരം നടന്നാൽ ചാലക്കുടി എം പിയെ തീരുമാനിക്കുന്ന കാര്യത്തിൽ നിർണായകമാകും.

സി വി സാജു
കൊച്ചി

Latest