Connect with us

Sports

ധോണി ഒരു സംഭവമാണ്‌

Published

|

Last Updated

ചെന്നൈ: മഹേന്ദ്ര സിംഗ് ധോണി ഒരു സംഭവമാണെന്ന കാര്യത്തില്‍ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിന് സംശയമില്ല. രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് കൊണ്ടും പിന്നീട് ക്യാപ്റ്റന്റെ തന്ത്രം കൊണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയമൊരുക്കിയ ധോണിയെ എത്ര പ്രകീര്‍ത്തിച്ചാലും അധികമാകില്ലെന്ന് താഹിര്‍.
അദ്ദേഹം അധികം സംസാരിക്കില്ല. പക്ഷേ, മത്സരം എവിടെ വെച്ച് തന്റെ വരുതിയിലാക്കണമെന്ന് അദ്ദേഹത്തിനറിയാം. യഥാര്‍ഥ നായകനാണ് അയാള്‍ – ദക്ഷിണാഫ്രിക്കന്‍ താരം ധോണിയെ കുറിച്ച് പറയുന്നു.

ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സ് വിജയക്കുതിപ്പ് തുടരുന്ന കാഴ്ചയാണ്. തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും സിഎസ്‌കെ വെന്നിക്കൊടി പാറിച്ചു. ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനെയാണ് സിഎസ്‌കെ എട്ടു റണ്‍സിനു മറികടന്നത്.

സീസണില്‍ രാജസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയമാണിത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി (75*) പൊരുതി നേടിയ ഇന്നിംഗ്സിന്റെ മികവില്‍ അഞ്ചു വിക്കറ്റിന് 175 റണ്‍സാണ് നേടിയത്.
46 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടതാണ് ധോണിയുടെ ഇന്നിംഗ്‌സ്. സുരേഷ് റെയ്‌ന (36), ഡ്വയ്ന്‍ ബ്രാവോ (27) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. രാജസ്ഥാനു വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ഒരു ഘട്ടത്തില്‍ മൂന്നിന് 27 റണ്‍സെന്ന നിലയില്‍ തകര്‍ത്ത നേരിട്ട സിഎസ്‌കെയെ ധോണി റെയ്‌ന സഖ്യമാണ് 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി കരകയറ്റിയത്.

റെയ്‌ന പുറത്തായെങ്കിലും ധോണി അവസാനം വരെ ക്രീസില്‍ നിന്നു. ജയദേവ് ഉനാട്കട്ടിന്റെ അവസാന ഓവറില്‍ 28 റണ്‍സാണ് സിഎസ്‌കെ വാരിക്കൂട്ടിയത്. നാലു സിക്‌സറുകള്‍ ഈ ഓവറില്‍ പിറന്നു. ഇവയില്‍ മൂന്നും ധോണിയുടെ വകയായിരുന്നു.
മറുപടിയില്‍ മുന്‍നിര തകര്‍ന്നെങ്കിലും ബെന്‍ സ്‌റ്റോക്‌സ് (26 പന്തില്‍ 46), ജോഫ്ര ആര്‍ച്ചര്‍ (11 പന്തില്‍ 24*), രാഹുല്‍ ത്രിപാഠി (24 പന്തില്‍ 39), സ്റ്റീവ് സ്മിത്ത് (28) എന്നിവരുടെ ഇന്നിംഗ്സുകള്‍ രാജസ്ഥാനെ ജയത്തിന് അരികില്‍ വരെയെത്തിച്ചു. അവസാന ഓവറില്‍ 12 റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
എന്നാല്‍ ഡ്വയ്ന്‍ ബ്രാവോയുടെ ഓവറില്‍ വെറും മൂന്നു റണ്‍സാണ് അവര്‍ക്കു നേടാനായത്. രണ്ടു വിക്കറ്റുകളും രാജസ്ഥാന് നഷ്ടപ്പെട്ടു. സിഎസ്‌കെയ്ക്കു വേണ്ടി ദീപക് ചഹര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍, ഡ്വയ്ന്‍ ബ്രാവോ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

---- facebook comment plugin here -----

Latest