Connect with us

Editorial

കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കണം

Published

|

Last Updated

വേനല്‍ക്കാലം കടന്നുവരികയും ഇത്തവണ സംസ്ഥാനത്തെ താപനില സര്‍വകാല റെക്കോര്‍ഡിലെത്തുകയും ചെയ്തതോടെ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ് കേരളീയര്‍. ഈ സാഹചര്യം മുതലെടുത്ത് കൊള്ളലാഭം കൊയ്യുകയാണ് കുപ്പിവെള്ള കമ്പനികളും കച്ചവടക്കാരും. ഒരു ലിറ്റര്‍ കുപ്പിവെള്ളം 20 രൂപക്കാണ് മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നത്. 25 രൂപക്ക് വില്‍ക്കുന്നവരുമുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22ന് കൊച്ചിയില്‍ ചേര്‍ന്ന കേരള ബോട്ടില്‍സ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ യോഗം ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ ചില്ലറ വില 20ല്‍ നിന്ന് 12 രൂപയാക്കി കുറച്ചതാണ്. ചില പ്രമുഖ കമ്പനികള്‍ ഈ തീരുമാനം അനുസരിക്കാതെ 20 രൂപക്ക് തന്നെ വില്‍പന തുടര്‍ന്നപ്പോള്‍, സര്‍ക്കാര്‍ അവരുമായി ചര്‍ച്ച നടത്തി വില 13 രൂപയായി നിശ്ചയിക്കുകയും കുപ്പിവെള്ളം അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ മിക്ക കമ്പനികളും ഇപ്പോഴും ഉയര്‍ന്ന വിലക്കു തന്നെയാണ് വില്‍ക്കുന്നത്. വില നിയന്ത്രിച്ചു കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയായി അവശേഷിക്കുകയും ചെയ്തു.

കഴിഞ്ഞ മെയില്‍ ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ തന്നെ വെളിപ്പെടുത്തിയതനുസരിച്ച് ഒരു കുപ്പി വെള്ളം ഉത്പാദിപ്പിക്കാന്‍ 3.70 രൂപയാണ് ചെലവ്. കുപ്പിയുടെ അടപ്പിനും ലേബലിനും 32 പൈസയും അടപ്പിന്റെ മുകളിലൊട്ടിക്കുന്ന കവറിന് ആറ് പൈസയും. പിന്നെ വരുന്നത് പാക്കിംഗിനും വിതരണത്തിനുമുള്ള ചെലവുകളാണ്. എല്ലാം ചേര്‍ത്ത് 12 കുപ്പികളടങ്ങുന്ന ഒരു പാക്കറ്റിന്റെ ഉത്പാദന ചെലവ് 78.12 രൂപയേ വരൂ. കുപ്പിയൊന്നിന് 6.51 പൈസ. നികുതി ചേര്‍ത്താലും എട്ട് രൂപക്ക് ഇത് വിതരണം ചെയ്യാം. ബഹുരാഷ്ട്ര കമ്പനികളും ഇടനിലക്കാരും ചെറുകിട കച്ചവടക്കാരും ഒത്തുകളിച്ചാണ് വില കുറക്കാനുള്ള തീരുമാനം അട്ടിമറിക്കുന്നതെന്നാണ് അസോസിയേഷന്‍ പറയുന്നത്. ബഹുരാഷ്ട്ര കമ്പനിക്കാര്‍ക്ക് കൂടുതല്‍ ലാഭം കൊയ്യാനായി 20 രൂപ വിലയിട്ട കുപ്പികളാണ് ഇറക്കുന്നത്. ഇത് വിറ്റാല്‍ ലാഭം കൂടുതലുണ്ടാകുമെന്നതിനാല്‍ ചില്ലറ വില്‍പനക്കാര്‍ അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാനാണ് താത്പര്യപ്പെടുന്നത്. പല പ്രദേശങ്ങളിലും 12 രൂപ വില രേഖപ്പെടുത്തിയ കുപ്പിവെള്ളം കച്ചവടക്കാര്‍ മടക്കി അയക്കുകയുണ്ടായി. ഇതോടെ സംസ്ഥാനത്തെ ചെറുകിട കുപ്പിവെള്ള നിര്‍മാതാക്കളും വില കൂട്ടാന്‍ നിര്‍ബന്ധിതരാവുകയാണ്. ഈ പിടിച്ചു പറിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കുന്നില്ല.

ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനും (എഫ് ഡി എ), ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്ററും (ബി എ ആര്‍ സി) നടത്തിയ പരിശോധനയില്‍ രാജ്യത്തെ കുപ്പിവെള്ളത്തില്‍ 45 ശതമാനവും ഉപയോഗയോഗ്യമല്ലെന്നു കണ്ടെത്തിയിരുന്നു. ഇവയില്‍ ബാക്ടീരിയകളുടെ അളവ് നിശ്ചിത പരിധിയില്‍ കൂടുതലാണ്. പല കുപ്പികളിലെയും വെള്ളം ശരിയായ രീതിയില്‍ ശുദ്ധീകരിച്ചില്ലെന്നു മാത്രമല്ല, ക്യാന്‍സറിനു വരെ കാരണമാകാവുന്ന ബ്രൊമേറ്റ് കൂടിയ അളവില്‍ അടങ്ങിയതായും പരിശോധനയില്‍ വ്യക്തമായി.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വിവിധ കമ്പനികളുടെ കുപ്പിവെള്ളത്തില്‍ അപകടകാരിയായ കോളിഫാം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 100 എം എല്‍ വെള്ളത്തില്‍ രണ്ട് മുതല്‍ 41 സി എഫ് യു വരെ ബാക്ടീരിയയുടെ അളവുണ്ട്. ഇത് കുടിച്ചാല്‍ കോളറ അടക്കമുള്ള പല മാരക അസുഖങ്ങളും പിടിപെടാന്‍ സാധ്യതയുണ്ട്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കുപ്പിവെള്ളത്തില്‍ 93 ശതമാനത്തിലും സൂക്ഷ്മമായ പ്ലാസ്റ്റിക് തരികള്‍ കണ്ടെത്തുകയുണ്ടായി. കുപ്പികളുടെ അടപ്പുകളില്‍ നിന്നാണത്രെ പ്ലാസ്റ്റിക് തരികള്‍ വെള്ളത്തില്‍ കലരുന്നത്.
പല കമ്പനികളും വെള്ളം ശേഖരിക്കുന്നത് വൃത്തിയില്ലാത്ത ഇടങ്ങളില്‍ നിന്നാണെന്ന് പരിശോധനയില്‍ വ്യക്തമായി.

ഗുണമേന്മയില്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്ന ചില കമ്പനികള്‍ അടപ്പിക്കുകയും ചെയ്തിരുന്നു. വേനല്‍ക്കാലത്ത് വാഹനങ്ങളില്‍ കുപ്പിവെള്ളം കൊണ്ടുപോകുമ്പോള്‍ വെയില്‍ ഏല്‍ക്കാത്ത വിധം മൂടണമെന്നും ആരോഗ്യ വകുപ്പധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. അല്ലാത്തപക്ഷം കുപ്പിയിലുള്ള വെള്ളം സൂര്യന്റെ ചൂടേല്‍ക്കുമ്പോള്‍ രാസപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുകയും ഈ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് മാരക രോഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്. വിതരണക്കാര്‍ അത് പാലിക്കാറുമില്ല.
കുപ്പിവെള്ള വിപണിയിലെ ഈ പകല്‍ക്കൊള്ള അവസാനിപ്പിക്കാനും ഉപഭോക്താവ് വില കൊടുത്തു വാങ്ങുന്ന വെള്ളം തീര്‍ത്തും സുരക്ഷിതമാണെന്നു ഉറപ്പ് വരുത്താനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഒരു ലിറ്റര്‍ വെള്ളത്തിന് 10 രൂപ വിലയില്‍ കുപ്പിവെള്ളം വില്‍ക്കാനുള്ള ലക്ഷ്യത്തില്‍ ജലവിഭവ വകുപ്പ് അരുവിക്കരയില്‍ കുപ്പിവെള്ള നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നുണ്ട്. ഇവിടെ യന്ത്രങ്ങളെല്ലാം സ്ഥാപിച്ചു കഴിഞ്ഞതായും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി ഐ എസ്), ഭക്ഷ്യസുരക്ഷ, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് എന്നിവയുടെ അംഗീകാരത്തിന് കാത്തിരിക്കുകയാണെന്നും വാര്‍ത്തയുണ്ടായിരുന്നു. ജയില്‍ വകുപ്പും സപ്ലൈകോയും ചേര്‍ന്ന് കുറഞ്ഞ വിലക്ക് കുപ്പിവെള്ളം ലഭ്യമാക്കാനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ജയില്‍ വകുപ്പ് പത്ത് രൂപക്ക് കുപ്പിവെള്ളം അവരുടെ വിതരണ കേന്ദ്രങ്ങളില്‍ നല്‍കുന്നുണ്ട്. സപ്ലൈകോ വിതരണ കേന്ദ്രങ്ങളിലൂടെ ഇത് സംസ്ഥാന വ്യാപകമാക്കാനാണ് പദ്ധതി. എന്നാല്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇത്തരം പദ്ധതികള്‍ക്കു കാലതാമസം നേരിടുകയാണ്. സാങ്കേതിക തടസ്സങ്ങള്‍ നീക്കി ഇവ യാഥാര്‍ഥ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. വിപണിയില്‍ ലഭ്യമായ സ്വകാര്യ കമ്പനികളുടെ കുടിവെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ പരിശോധനകള്‍ കര്‍ശനമാക്കുകയും വേണം.