Connect with us

Articles

കാത്തിരിക്കുന്നവരോട് കോണ്‍ഗ്രസ് എന്ത് പറയും?

Published

|

Last Updated

രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, കെജ്‌രിവാള്‍

ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യ അതിന്റെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും നിലനില്‍പ്പ് തേടുന്ന അതിനിര്‍ണായകമായ പൊതു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ആര്‍ എസ് എസ് നിയന്ത്രിത ഭരണകൂടത്തെ താഴെയിറക്കാന്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി മുന്നേറുന്നു. എന്നാല്‍ ഇതിന്റെ ഏറ്റവും മുന്നിലാണെന്ന് സ്വയം അവകാശപ്പെടുന്നവരുടെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുന്ന സംഭവ വികാസങ്ങളാണ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കണ്ടുവരുന്നത്.

ഫാസിസ്റ്റ് വിരുദ്ധ മുന്നണിയുടെ ചുക്കാന്‍ പിടിക്കുന്നുവെന്ന് സ്വയം അവകാശപ്പെടുന്നുണ്ട് കോണ്‍ഗ്രസും അതിന്റെ നായകന്‍ രാഹുല്‍ ഗാന്ധിയും. പ്രസംഗ വേദികളിലും ട്വിറ്റര്‍, ഫേസ്ബുക്ക് ഉള്‍പ്പടെ സോഷ്യല്‍ മീഡിയകളിലും ഫാസിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുമ്പോള്‍ തന്നെ തിരഞ്ഞെടുപ്പില്‍ ഈ ഫാസിസത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് എന്തു ചെയ്തുവെന്ന ചോദ്യമുയരുന്നുണ്ട്. സംവാദ വേദികളിലും റോഡ് ഷോകളിലും ട്വിറ്റര്‍ പേജുകളിലും പ്രതിരോധിച്ചാല്‍ മാത്രം ജനാധിപത്യ മര്യാദകള്‍ക്ക് പുല്ലുവില കല്‍പ്പിക്കാത്ത മോദിയെയും ഫാസിസ ചേരിയെയും ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് ഈ രാജ്യത്തിനറിയാം.

മോദി ഭരണം അവസാനിപ്പിച്ച് മതേതര സര്‍ക്കാര്‍ നിലവില്‍ വരണമെങ്കില്‍ ഈ പൊതു തിരഞ്ഞെടുപ്പില്‍ ബി ജെ പി വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ ജയിച്ചുവരേണ്ടത് അനിവാര്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഭരണം നിലനിര്‍ത്താന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഫാസിസ്റ്റുകള്‍ പതിനെട്ടടവും പയറ്റുമ്പോള്‍ വ്യക്തമായി ഒരു സഖ്യം പോലുമുണ്ടാക്കാന്‍ കോണ്‍ഗ്രസിനോ രാഹുല്‍ ഗാന്ധിക്കോ കഴിഞ്ഞിട്ടില്ലെന്നത് വളരെ ദയനീയമാണ്. ഭരണത്തില്‍ പ്രധാന ഭാഗധേയം നിര്‍ണയിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ മോദിയെയും ഫാസിസത്തെയും പ്രതിരോധിക്കുന്നതിന് ഫലപ്രദമായ ഒരു കൂട്ടുകെട്ടുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസും രാഹുലും അമ്പേ പരാജയപ്പെട്ട അവസ്ഥയാണ് കണ്ടത്. യു പിയിലെ വലിയ പ്രാദേശിക കക്ഷികളായ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌ പാര്‍ട്ടിയും പിണക്കങ്ങള്‍ മാറ്റിവെച്ച് കൂടെ കൂടാന്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചെങ്കിലും അപ്രധാനമായ പല കാരണങ്ങളും നിരത്തി കോണ്‍ഗ്രസും രാഹുലും ഒളിച്ചോടുകയായിരുന്നു. ബദ്ധശത്രുവായ ബി ജെ പി തലപൊക്കാന്‍ ശ്രമിക്കുകയും വലിയ ശത്രുവായ മമതാ ബാനര്‍ജി കരുത്തോടെ നിലനില്‍ക്കുകയും ചെയ്യുന്ന ബംഗാളില്‍ സഖ്യത്തിനായി ഇടതുപക്ഷം കാത്തിരുന്നെങ്കിലും ഇവിടെയും സഖ്യത്തെ കൈവിട്ട് ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒപ്പം ഡല്‍ഹിയില്‍ കെജ്‌രിവാളിന്റെ ആം ആദ്മിയുമായും കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് സമ്മതിച്ചില്ല. അവസാനമായി ദക്ഷിണേന്ത്യയില്‍ സാന്നിധ്യമുറപ്പിക്കാനെന്ന പേരില്‍ കേരളത്തില്‍ മത്സരിക്കാനും രാഹുല്‍ തയ്യാറായിരിക്കുന്നു.
ഉത്തര്‍പ്രദേശില്‍ സഖ്യം തകരാന്‍ കാരണമായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത് മായാവതിയെയാണ്. ബംഗാളില്‍ സഖ്യം പൊളിച്ചത് ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചാണ്. ഡല്‍ഹിയില്‍ ആം ആദ്മി തങ്ങളെക്കാള്‍ ചെറിയപാര്‍ട്ടിയാണ്, ഇവിടെ സഖ്യമില്ലെങ്കിലും വലിയ പ്രശ്‌നമുണ്ടാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ നയം. അതിനിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പില്‍ എന്ത് നിസ്സംഗമായ നിലപാടുകളുമായാണ് കോണ്‍ഗ്രസ് ഫാസിസത്തെ നേരിടാന്‍ ഒരുങ്ങുന്നതെന്ന് ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകള്‍ കേട്ടാല്‍ ബോധ്യമാകും. വര്‍ഷങ്ങളോളം ഭരിച്ച ഡല്‍ഹിയില്‍ ഇപ്പോള്‍ നിയമസഭ കാണണമെങ്കില്‍ കോണ്‍ഗ്രസിന് പാസെടുത്ത് കയറണമെന്ന അവസ്ഥയിലെത്തി. നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ആര്‍ക്കാണ് ഗുണം ചെയ്യുന്നത് എന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസ് നേതാക്കള്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്.

നരേന്ദ്ര മോദി, അമിത് ഷാ

വ്യത്യസ്ത ആശയങ്ങളും നിലപാടുകളുമുള്ള പാര്‍ട്ടികളാകുമ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ടാകും. ഇതെല്ലാം പ്രശ്‌നാധിഷ്ഠിതമായ ഒരു ധാരണയില്‍ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നതാണല്ലോ ഒരു നായകന്റെ മിടുക്ക്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് നിലവില്‍ കാര്യമായ ജനപിന്തുണയില്ലെന്ന് കഴിഞ്ഞ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രകടമായതാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വേരുകളുള്ള പ്രാദേശിക ഘടകങ്ങളുമായി ഏതുവിധേനയും സഖ്യമുണ്ടാക്കി ശത്രുവിന്റെ പതനം വേഗത്തിലാക്കുകയെന്ന പ്രാഥമിക രാഷ്ട്രീയ അറിവ് പോലും ആര്‍ജിച്ചെടുക്കാന്‍ കോണ്‍ഗ്രസിനും രാഹുലിനും കഴിഞ്ഞിട്ടില്ല. ഒടുവില്‍ സഖ്യത്തിനായി സീറ്റ് ഒഴിച്ചിട്ട് എസ് പിയും ബി എസ് പിയും കാത്തിരുന്നുവെങ്കിലും കോണ്‍ഗ്രസ് അതിനോട് പ്രതികരിച്ചില്ല. എങ്കിലും അവര്‍ കോണ്‍ഗ്രസിന്റെ രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ടാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്.
പ്രിയങ്ക ഗാന്ധിയെ ഇറക്കി ഉത്തര്‍പ്രദേശ് പിടിക്കാമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സ്വപ്‌നം കാണുന്നത്. രാജ്യം ഏകകക്ഷി ഭരണ സാഹചര്യത്തില്‍ നിന്ന് മാറി ബഹുകക്ഷി ഭരണത്തിന്റെ അവസ്ഥയിലേക്ക് എത്തിയെങ്കിലും ഇപ്പോഴും അത് മാനസികമായി അംഗീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് വേണം കരുതാന്‍. അതേസമയം, ബംഗാളില്‍ പൊതുധാരണ ലംഘിച്ച് ഇടതുകക്ഷികളുടെ സിറ്റിംഗ് സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് സഖ്യ തകര്‍ച്ചക്ക് വഴിയൊരുക്കിയത്. ഇരുകക്ഷികളും ജയിച്ചുവന്ന സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്ന ധാരണ തെറ്റിച്ച് സി പി എമ്മിന്റെ സിറ്റിംഗ് മണ്ഡലമായ റായ്ഗഞ്ചിലും സി പി ഐ ജയിച്ച മുര്‍ഷിദാബാദിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ടാണ് സഖ്യ സാധ്യതകളെ തുടക്കത്തിലേ പൊളിച്ചത്.

മിക്ക സംസ്ഥാനങ്ങളിലെയും സഖ്യ സാധ്യതകള്‍ തകര്‍ന്നതിന്റെ മുഖ്യ കാരണക്കാര്‍ അതത് സംസ്ഥാന ഘടകങ്ങളാണെന്നതിനാല്‍ ഇവരെ നിലക്ക് നിര്‍ത്താനോ നിര്‍ണായക തിരഞ്ഞെടുപ്പിന്റെ ഗൗരവവും സഖ്യത്തിന്റെ നേട്ടങ്ങളും ബോധ്യപ്പെടുത്താനോ ദേശീയ അധ്യക്ഷനെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല. ബി ജെ പിക്കെതിരെ കോണ്‍ഗ്രസല്ലാതെ മറ്റൊന്നുമില്ലെന്ന് പറയുമ്പോള്‍ തന്നെ കോണ്‍ഗ്രസ് ഇത്തരം സമീപനങ്ങളാണ് മിക്ക സംസ്ഥാനങ്ങളിലും സ്വീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള മേഖലകളിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പരിശോധിച്ചാല്‍ അവിടങ്ങളിലെ കോണ്‍ഗ്രസിന്റെ പ്രകടനങ്ങള്‍ വളരെ ദയനീയമാണ്. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ പോലും കോണ്‍ഗ്രസ് അവകാശപ്പെടുന്നത് ഒറ്റയക്ക സംഖ്യയാണ്. സഖ്യമില്ലാത്ത ബംഗാളിലെ കാര്യവും സമാനമാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണം തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടുണ്ട്. ഗുജറാത്തില്‍ ബി ജെ പിയെ ഫലപ്രദമായി നേരിടാനുള്ള ഒരു സംവിധാനവും കോണ്‍ഗ്രസിന് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മഹാരാഷ്ട്രയില്‍ ശിവസേനയും ബി ജെ പിയും തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഒറ്റക്കെട്ടായതോടെ വലിയ പ്രതീക്ഷകളുമില്ല. പിന്നീട് നേട്ടമുണ്ടാക്കാന്‍ പോകുന്നത് ദക്ഷിണേന്ത്യയിലാണ്. തെലങ്കാനയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടായിട്ടും കോണ്‍ഗ്രസിന് നിലം തൊടാന്‍ കഴിഞ്ഞിരുന്നില്ല. ഇവിടെ കെ സി ചന്ദ്രറാവുവിന്റെ പ്രഭാവം മറികടക്കാന്‍ കോണ്‍ഗ്രസിന്റെ കൈയില്‍ ജാലവിദ്യകളൊന്നുമില്ല. ആന്ധ്രയില്‍ ടി ഡി പിയുടെ നിഴലിന് കീഴിലാണ് കോണ്‍ഗ്രസുള്ളത്. തമിഴ്‌നാട്ടില്‍ ഡി എം കെയുടെ ഔദാര്യത്തിലാണ് 10ല്‍ താഴെ സീറ്റുകള്‍ പ്രതീക്ഷിക്കുന്നത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിന് വിജയം നേടാനായെങ്കിലും രാഷ്ട്രീയമായി ഭദ്രത കൈവരിക്കാനായിട്ടില്ല. താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിലെ സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇടതുപക്ഷ ഭീഷണി മറികടക്കുകയും വേണം. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കെ ഇക്കാര്യങ്ങള്‍ പരിഹരിക്കാതെ എങ്ങനെയാണ് പ്രധാനമന്ത്രി കസേരയെ കുറിച്ച് കോണ്‍ഗ്രസും രാഹുലും സ്വപ്‌നം കാണുന്നത്.
ഇതിനിടെയാണ് ദക്ഷിണേന്ത്യയില്‍ സാന്നിധ്യമുറപ്പിക്കാനെന്ന പേരില്‍ കേരളത്തിലെ വയനാട് രാഹുല്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പൊതുവെ ഫാസിസ്റ്റ് വിരുദ്ധത പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളം. ബി ജെ പിക്ക് വലിയ വേരോട്ടമുണ്ടാക്കാന്‍ കേരളം ഇതുവരെ അവസരം നല്‍കിയിട്ടില്ല. കേരളത്തേക്കാള്‍ ബി ജെ പി ഭീഷണി നേരിടുന്ന സംസ്ഥാനമാണ് കര്‍ണാടക. ഇവിടെ രാഹുലിന്റെ സാന്നിധ്യം കോണ്‍ഗ്രസിന് വലിയ തുണയാകുമെന്ന കാര്യം സുനിശ്ചിതമാണ്. എന്നിട്ടും വയനാടിനെ തിരഞ്ഞെടുത്തിരിക്കുന്നു. ഈ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം നേടിക്കൊടുക്കുമോയെന്ന് മതേതര കക്ഷികള്‍ ആശങ്കപ്പെടുന്നു. കാര്യമായി പണിയെടുക്കാതെ ഘടക കക്ഷികളുടെ തോളില്‍ കയറിയിരുന്ന് രാജ്യം ഭരിക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ടാകും.

എല്ലാവരും കോണ്‍ഗ്രസിനെ പിന്തുണച്ചുകൊള്ളണമെന്നും പിന്തുണക്കാത്തവരൊക്കെ ബി ജെ പിയെ സഹായിക്കുകയുമാണെന്ന സെന്റിമെന്റല്‍ നീക്കത്തില്‍ വലിയ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല.
പല സംസ്ഥാനങ്ങളിലും മേഖലകളിലും ചെറുതും വലുതുമായ കക്ഷികളും കൂട്ടുകെട്ടുകളും രംഗത്തുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപപ്പെടുന്ന വലിയ സഖ്യത്തിന് ഫാസിസത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് തന്നെയാണ് മതേതര ഇന്ത്യയുടെ വിശ്വാസം. അതിലേക്കുള്ള ചുവടുകളാണ് കോണ്‍ഗ്രസില്‍ നിന്ന്, രാഹുല്‍ ഗാന്ധിയില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്.

ഖാസിം എ ഖാദര്‍

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest