Connect with us

Kerala

കെ എസ് ആർ ടി സിയിൽ വീണ്ടും ശമ്പളം മുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: മാസങ്ങൾക്ക് ശേഷം കെ എസ് ആർ ടി സിയിൽ വീണ്ടും ശമ്പളം മുടങ്ങി. ഓഫീസർ വിഭാഗത്തിലുള്ളവർക്ക് വേതനം പൂർണമായും മുടങ്ങിയപ്പോൾ, മറ്റുള്ളവർക്ക് 30 ശതമാനം മാത്രമാണ് അവസാന തൊഴിൽ ദിവസം നൽകാനായത്. സർക്കാർ ധനസഹായം തീർന്നതും വരുമാനം കുറഞ്ഞതുമാണ് ശമ്പളം മുടങ്ങാൻ പ്രധാന കാരണം. മാസാവസാന പ്രവൃത്തി ദിവസം ലഭിച്ചുകൊണ്ടിരുന്ന ശമ്പളം കഴിഞ്ഞ മാസം മൂന്ന് ദിവസമാണ് വൈകിയതെങ്കിൽ ഈ മാസം പത്താം തീയതിയെങ്കിലുമാകാതെ ശമ്പളം ലഭിക്കില്ലെന്നാണ് ഇപ്പോഴത്തെ സൂചന.

പത്താം തീയതിയോടെ ലോട്ടറിയിൽ നിന്നുള്ള വരുമാനവും കേന്ദ്ര ജി എസ് ടി വിഹിതവും ലഭിച്ചാൽക്കൂടി 20 കോടി രൂപയേ സർക്കാർ ധന സഹായം ലഭിക്കൂ. ഈ തുക ലഭിച്ചാലും ശമ്പളം നൽകാൻ 33 കോടി രൂപ കൂടി കണ്ടെത്തണം. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക് 13,000 രൂപ വീതം മാത്രമാണ് ഈ മാസം ശമ്പള യിനത്തിൽ നൽകിയത്. ഓഫീസർ കേഡറിൽ ആർക്കും ശമ്പളം നൽകിയില്ല. മറ്റ് ആനുകൂല്യങ്ങൾ ഉൾപ്പെടാതെ 67 കോടി രൂപ ഒരു മാസം ശമ്പളം നൽകാൻ വേണം. പക്ഷേ ഈ മാസം 28 കോടിയോളം രൂപ മാത്രമേ കെ എസ് ആർ ടി സിക്ക് ലഭിച്ചിട്ടുള്ളൂ. ഇതാണ് ശമ്പളം മുടങ്ങാൻ കാരണം. പരീക്ഷാക്കാലം, വേനൽ ഇതൊക്കെയാണ് കലക്ഷൻ കുറയുന്നതിനുള്ള കോർപറേഷന്റെ ന്യായീകരണങ്ങൾ.

എല്ലാ മാസവും 20 കോടി രൂപ ശമ്പളം നൽകാൻ സർക്കാർ ധനസഹായം നൽകും. എന്നാൽ ഇത്തവണ മൂന്ന് കോടി മാത്രമേ ബാക്കിയുള്ളൂ.കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച 1000 കോടി രൂപയിൽ 997 കോടി ഇതിനോടകം കോർപറേഷനായി ചെലവഴിച്ചു കഴിഞ്ഞു. കഴിഞ്ഞ മാസം ഐ ഒ സിയോട് കടംപറഞ്ഞ് തുക കണ്ടെത്തിയായിരുന്നു ശമ്പളം നൽകിയത്.

ഈ കടം വീട്ടാത്തതിനാൽ ഇത്തവണ അതും നടക്കില്ല. കുടിശ്ശിക വർധിച്ചതോടെ എണ്ണക്കമ്പനികൾക്ക് പിന്നാലെ സ്‌പെയർ പാർട്‌സ് കമ്പനികളും വിതരണം നിർത്തിവെക്കുമെന്ന് കോർപറേഷന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ലക്ഷങ്ങളുടെ കുടിശ്ശിക നൽകാത്തതിനാൽ ടയർ കമ്പനികൾ, റീട്രെഡിംഗ് റബർ, സ്‌െപയർപാർട്‌സ്, ഓയിൽ വിതരണക്കാർ തുടങ്ങി എല്ലാവരും സപ്ലൈ നിർത്തുകയാണ്. ഇതോടെ വണ്ടികൾ കൂടുതലായി കട്ടപ്പുറത്താവും. ഇപ്പോൾ തന്നെ 1400 ഓളം ബസുകൾ കട്ടപ്പുറത്താണ്.

പുതിയ ബജറ്റിൽ പ്രഖ്യാപിച്ച 1000 കോടി രൂപയിൽ അഡ്വാൻസ് തുക അനുവദിച്ചാൽ മാത്രമേ ശമ്പളം നൽകാനാകൂ. ടോമിൻ ജെ തച്ചങ്കരിയെ എം ഡി സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷമാണ് കെ എസ് ആർ ടി സിയിൽ വീണ്ടും ശമ്പള പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.

Latest