Connect with us

Kozhikode

രാഹുൽ വ്യാഴാഴ്ച പത്രിക നൽകും

Published

|

Last Updated

കോഴിക്കോട്: വയനാട്ടിലെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. വൈകീട്ട് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ തങ്ങുന്ന രാഹുൽ വ്യാഴാഴ്ച വയനാട്ടിലെത്തി നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധിക്കൊപ്പം എ ഐ സി സി ജനറൽ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്കാ ഗാന്ധിയും മറ്റ് ദേശീയ നേതാക്കളും വയനാട്ടിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

എ ഐ സി സിയുടെ സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനാണ് രാഹുലിന്റെ പത്രികാ സമർപ്പണം അടക്കമുള്ള കാര്യങ്ങളിൽ ഏകോപന ചുമതല.
അതിനിടെ, രാഹുൽ ഗാന്ധിയുടെ വരവിനോടനുബന്ധിച്ച് വലിയ സുരക്ഷാ മുൻകരുതലുകളാണ് പോലീസും മറ്റ് ഏജൻസികളും ഒരുക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലയെന്ന നിലയിൽ വയനാട്ടിൽ പഴുതുകളടച്ച സുരക്ഷയാണ് രാഹുലിനും സംഘത്തിനും ഒരുക്കുക.

മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ, പുൽവാമയിൽ കൊല്ലപ്പെട്ട സി ആർ പി എഫ് ജവാൻ വസന്ത് കുമാറിന്റെ വീട് സന്ദർശിക്കാൻ നേരത്തേ സുരക്ഷാ ഏജൻസികൾ രാഹുൽ ഗാന്ധിക്ക് അനുമതി നൽകിയിരുന്നില്ല. രാഹുലിന്റെ വാഹന വ്യൂഹം, സമ്മേളന സ്ഥലങ്ങൾ, വോട്ട് അഭ്യർഥിച്ചെത്തുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം കനത്ത സുരക്ഷ തന്നെ ഒരുക്കും. രാഹുലിന്റെ വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് യു ഡി എഫ് സംസ്ഥാന നേതൃത്വം.

Latest