Connect with us

Sports

എന്തൊരു ജയം !

Published

|

Last Updated

സര്‍ഫറാസ് ഖാന്‍ പുറത്തായപ്പോള്‍ ഡല്‍ഹി ടീമിന്റെ ആഹ്ലാദം

ചണ്ഡീഗഡ്: ഐ പി എല്ലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെ പതിനാല് റണ്‍സിന് തോല്‍പ്പിച്ച് പഞ്ചാബ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഇരുപതോവറില്‍ ഒമ്പത് വിക്കറ്റിന് 166 റണ്‍സടിച്ചു. ഡല്‍ഹിയുടെ മറുപടി ഉഷാറായിരുന്നെങ്കിലും മധ്യനിരയും വാലറ്റവും തകര്‍ന്നതോടെ 19.2 ഓവറില്‍ 152ന് ആള്‍ ഔട്ടായി.

ശിഖര്‍ ധവാന്‍ (30), ശ്രേയസ് അയ്യര്‍ (28), റിഷഭ് പന്ത് (39), കോളിന്‍ ഇന്‍ഗ്രാം (38) എന്നിവരുടെ മികവില്‍ ഡല്‍ഹി മത്സരം പിടിച്ചെടുത്തിരുന്നു. അനായാസം ജയിക്കുമെന്ന ഘട്ടത്തിലാണ് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് തോല്‍വിയിലേക്ക് വഴുതിയത്. സാം കുറാന്‍ നാല് വിക്കറ്റെടുത്ത് പഞ്ചാബ് ബൗളിംഗില്‍ തിളങ്ങി. അശ്വിന്‍, ഷമി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് ജയിച്ച ഡല്‍ഹി കാപ്പിറ്റല്‍സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ക്രീസിലേക്കയച്ചു. ലോകേഷ് രാഹുലും കുറാനും ചേര്‍ന്നാണ് ഇന്നിംഗ്‌സ് ആരംഭിച്ചത്. മികച്ച തുടക്കം നല്‍കാന്‍ ഓപണര്‍മാര്‍ക്കായില്ല. 11 പന്തുകളില്‍ 15 റണ്‍സെടുത്ത രാഹുലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അടിച്ചു കളിച്ച രാഹുല്‍ ഒരു സിക്‌സും രണ്ട് ഫോറും നേടിയിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തില്‍ മോറിസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു രാഹുല്‍. സാം കുറാന്റെ ഊഴമായിരുന്നു അടുത്തത്. 10 പന്തില്‍ 20 റണ്‍സെടുത്ത കുറാനെ ലാമിചെനെ എല്‍ബിഡബ്ല്യുവില്‍ കുടുക്കി. മൂന്ന് ഫോറും ഒരു സിക്‌സറുമായി തകര്‍പ്പന്‍ ഫോമിലേക്ക് ഉയരുമ്പോഴാണ് പുറത്താകല്‍. ആറ് റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ റണ്ണൗട്ടായി. സര്‍ഫറാസ് ഖാനാണ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 29 പന്തുകളില്‍ 39 റണ്‍സാണ് ഖാന്‍ നേടിയത്. ആറ് ഫോറുകളടങ്ങുന്ന ഇന്നിംഗ്‌സിന് അന്ത്യമിട്ടത് ലാമിചനെയാണ്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ചായാണ് സര്‍ഫറാസ് മടങ്ങിയത്. ഒപ്പം അടിച്ചു കളിച്ച മില്ലര്‍ ടീം സ്‌കോര്‍ ഉയര്‍ത്തി.

മുപ്പത് പന്തുകളില്‍ 43 റണ്‍സാണ് മില്ലര്‍ നേടിയത്. നാല് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടുന്ന ഇന്നിംഗ്‌സ് തടയിട്ടത് മോറിസാണ്. ഇത്തവണയും വിക്കറ്റിന് പിറകില്‍ റിഷഭിന് ക്യാച്ച്. 21 പന്തില്‍ 29 റണ്‍സുമായി മന്‍ദീപ് സിംഗ് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ അശ്വിന്‍ മൂന്ന് റണ്‍സിന് പുറത്തായി. വാലറ്റത്ത് കാര്യമായ പോരാട്ടം കണ്ടില്ല. ഇതോടെ, ഒമ്പത് വിക്കറ്റിന് 166 റണ്‍സില്‍ ഒതുങ്ങി പഞ്ചാബ്.