Connect with us

National

അസാമിൽ ഏഴായിരം കുടിയേറ്റക്കാരെ കാണാനില്ല; സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകി

Published

|

Last Updated

ന്യൂഡൽഹി: സംസ്ഥാനത്ത് ചുരുങ്ങിയത് 70,000 അനധികൃത കുടിയേറ്റക്കാരെ കാണാതായതായി അസാം സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ഡിറ്റൻഷൻ സെന്ററുകളുമായി ബന്ധപ്പെട്ട ഹരജിയിൽ അസാം സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ, സത്യവാങ്മൂലത്തിലെ വിവരങ്ങൾ സംബന്ധിച്ചും സർക്കാറിന്റെ നടപടികളിലും അതൃപ്തിയറിയിച്ച കോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചു.

ട്രൈബ്യൂണൽ അനധികൃത കുടിയേറ്റക്കാരാണെന്ന് പ്രഖ്യാപിച്ച 70,000ത്തിലധികം വ്യക്തികളെ ഇപ്പോൾ പിന്തുടരാനാകുന്നില്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. സോളിസിറ്റർ തുഷാർ മേത്തയാണ് അസാം സർക്കാറിന് വേണ്ടി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഇവർ അസാമിലെ സധാരണ ജനങ്ങളുമായി കൂടിക്കലർന്നിരിക്കുകയാണ്. ഈ വ്യക്തികൾ വിദേശികളാണെന്ന് ട്രൈബ്യൂണൽ കണ്ടെത്തിയെങ്കിലും അവരെ തിരിച്ചയക്കുന്നതിന് മുമ്പ് സാധാരണക്കാരുമായി കൂടിച്ചേരുകയാണുണ്ടായതെന്നും സർക്കാർ വിശദീകരിച്ചു.
എന്നാൽ, ഡിറ്റൻഷൻ സെന്ററുകളുടെ പുരോഗതിക്ക് വേണ്ടി സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്നും വിദേശികളെന്ന് കണ്ടെത്തിയവരെ തിരിച്ചയക്കാൻ എത്ര കാലമെടുക്കുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. സാധാരണക്കാരുമായി കൂടിച്ചേർന്ന വിദേശികളെ കണ്ടെത്താൻ എന്താണ് സർക്കാറിന്റെ പദ്ധതിയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. വാദം കേൾക്കുമ്പോൾ സംസ്ഥാന ചീഫ് സെക്രട്ടറി കോടതിയിൽ ഹാജരാകാതിരുന്ന കാര്യം ജസ്റ്റിസ് സൂചിപ്പിച്ചു. ചീഫ് സെക്രട്ടറി എവിടെയാണെന്ന് സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറലിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. കഴിഞ്ഞ തവണ വാദം കേൾക്കുമ്പോൾ അദ്ദേഹം ഉണ്ടായിരുന്നുവോ എന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. കഴിഞ്ഞ തവണ ഹാജരായിരുന്നുവെന്നും ഇന്നലെ കോടതിയിൽ ഇല്ലെന്നും തുഷാർ മേത്ത മറുപടി നൽകി.

സാധാരണക്കാരുമായി കൂടിച്ചേർന്ന വിദേശികളെ കണ്ടെത്തുന്നതിന് ശ്രമിക്കേണ്ട സർക്കാർ കോടതിക്ക് ചുറ്റിലും കളിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചു. സത്യവാങ്മൂലം നിരർഥകമാണ്. കോടതി അനുമതി നൽകുന്നത് വരെ ചീഫ് സെക്രട്ടറി അസാമിലേക്ക് തിരിച്ചുപോകരുതെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
അടുത്ത തവണ വാദം കേൾക്കുമ്പോൾ ചീഫ് സെക്രട്ടറി കോടതിയിൽ ഉണ്ടാകുമെന്ന് തുഷാർ മേത്ത കോടതിക്ക് ഉറപ്പ് നൽകി. ഈ മാസം എട്ടിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

Latest