Connect with us

Gulf

ദുരിതങ്ങള്‍ക്ക് വിട; സഊദിയില്‍ വീട്ടുജോലിക്കെത്തി ദുരിതത്തിലായ യുവതി നാടണഞ്ഞു

Published

|

Last Updated

സൗമ്യക്ക് പ്രസാദും വേണുവും ചേര്‍ന്ന് ടിക്കറ്റ് കൈമാറുന്നു. മഞ്ജു മണിക്കുട്ടനും അഭയകേന്ദ്രം അധികാരിയും സമീപം.

ദമാം: സഊദിയില്‍ വീട്ടുജോലിക്കെത്തി നിയമക്കുരുക്കില്‍ പെട്ട് ദുരിതത്തിലായ മലയാളി യുവതി ഇന്ത്യന്‍ എംബസിയുടെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സഹായത്തോടെ ഇന്ത്യയിലേക്ക് മടങ്ങി. ചെറുപ്രായത്തില്‍ തന്നെ പിതാവ് ഉപേക്ഷിച്ചു പോയ സൗമ്യ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലാണ് എന്‍ജിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയത്. അമ്മക്കും രണ്ടു സഹോദരങ്ങള്‍ക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്.

നാട്ടില്‍ ലഭിച്ചിരുന്ന തുച്ഛമായ വരുമാനം കുടുംബ ചെലവുകള്‍ക്കും സഹോദരങ്ങളുടെ പഠനത്തിനും തികയാതെ വന്നതോടെ ഓഫീസ് ജോലിയെന്ന വ്യാജേന സൗമ്യയെ സ്വകാര്യ റിക്രൂട്ടിംഗ് ഏജന്റ് സഊദിയിലേക്ക് എത്തിക്കുകയായിരുന്നു. 35 വയസ്സില്‍ താഴെ ഉള്ളവര്‍ സഊദിയില്‍ വീട്ടുജോലിക്ക് എത്താന്‍ നിയമതടസ്സം ഉണ്ടായിട്ടും, മനുഷ്യക്കടത്ത് ലോബി ഒരു റിക്രൂട്ട്‌മെന്റ ഏജന്‍സിയുടെ മറവിലാണ് സൗമ്യയെ സഊദിയില്‍ എത്തിച്ചത്.

സഊദിയില്‍ വിമാനമിറങ്ങിയതോടെ സ്വദേശി പൗരന്റെ വീട്ടുജോലിക്കായി എത്തിയതോടെയാണ് താന്‍ കബളിക്കപ്പെട്ടതായി സൗമ്യ അറിയുന്നത്. മോശമായ സാഹചര്യമായിരുന്നു നേരിടേണ്ടി വന്നത്. മാനസിക പീഡനം സഹിക്കാന്‍ വയ്യാതെ ഒരു വര്‍ഷത്തിന് ശേഷം ദമാമിലെ മറ്റൊരു വീട്ടില്‍ ജോലിക്കായി എത്തി. കൃത്യമായി ശമ്പളം ലഭിച്ചിരുന്നെങ്കിലും മോശമായ പെരുമാറ്റവും ദേഹോപദ്രവവും സഹിക്കാന്‍ കഴിയാതെ വന്നതോടെ വീട്ടില്‍ നിന്നും പുറത്തിറങ്ങി പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് പോലീസുകാര്‍ സൗമ്യയെ ദമാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടെത്തിക്കുകയായിരുന്നു.

സൗമ്യയെപ്പറ്റി ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ സാമൂഹികപ്രവര്‍ത്തകന്‍ ഷാജി വയനാടിന്റെ സഹായം തേടി. തുടര്‍ന്ന് നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനും നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരും നടത്തിയ അന്വേഷണത്തിനൊടുവില്‍ ദമാം വനിതാ അഭയകേന്ദ്രത്തില്‍ സൗമ്യയെ കണ്ടെത്തുകയായിരുന്നു
സ്പോണ്‍സറെ വിളിച്ചു സംസാരിച്ചെങ്കിലും സാമൂഹിക പ്രവര്‍ത്തകരുമായി സഹകരിക്കാന്‍ തയ്യാറായില്ല.

നിരന്തരമായ ചര്‍ച്ചകള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ശേഷം സ്‌പോണ്‍സര്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാമെന്ന് സമ്മതിച്ചെങ്കിലും വനിതാ അഭയകേന്ദ്രത്തില്‍ വരാതെ നടപടികള്‍ നീട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകര്‍ സഊദിയിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ സൗമ്യക്ക് ഔട്ട്പാസ് നല്‍കി.
സൗമ്യയുടെ നാട്ടുകാരായ പ്രസാദ്, വേണു എന്നീ പ്രവാസികള്‍ വിമാനടിക്കറ്റ് സൗജന്യമായി നല്‍കുകയും ചെയ്തതോടെ വനിത അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി. എല്ലാവര്‍ക്കും നന്ദി പറഞ്ഞു സൗമ്യ നാട്ടിലേക്കു മ്ടങ്ങി.

Latest