Connect with us

Gulf

താരങ്ങളെ ഡ്രൈവിംഗ് പരിശീലിപ്പിച്ച അബ്ദുല്‍ ഖാദര്‍ അര നൂറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക്

Published

|

Last Updated

ദുബൈ: അര നൂറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് തൃശൂര്‍ തളിക്കുളം സ്വദേശി പി കെ അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ക്ക നാടണയുന്നു. പ്രമുഖ സിനിമാ താരങ്ങളുള്‍പെടെ നിരവധി പേരെ ഡ്രൈവിംഗ് പരിശീലിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മ നിര്‍വൃതിയിലാണ് അദ്ദേഹത്തിന്റെ മടക്കം. 52 വര്‍ഷത്തെ പ്രവാസത്തിനാണ് ഇതോടെ വിരാമമാകുന്നത്.

ആയുസ്സിന്റെ സിംഹഭാഗവും മരുഭൂമിയില്‍ ചിലവഴിച്ച കാദര്‍ക്കയുടെ ജീവിതം പുതുതലമുറക്ക് ആശ്ചര്യം നിറഞ്ഞതുമാണ്. കുടുംബത്തിലെ കഷ്ടപ്പാടും ബാധ്യതയുമാണ് ഏക സന്താനമായ ഖാദറിനെ കടല്‍ കടക്കാന്‍ പ്രേരിപ്പിച്ചത്. അന്ന് ഖാദറിന് വയസ്സ് 14 മാത്രം!. മുഷിഞ്ഞ കുറെ നോട്ടും നാണയങ്ങളുമായി അന്നത്തെ ഏഴാം ക്ലാസുകാരന്‍ വണ്ടി കയറി, ദുബൈയിലേക്ക്.
പാസ്പോര്‍ട്ടും വിസയുമൊന്നുമില്ലാതെ ബോംബെയില്‍ നിന്ന് ലോഞ്ചിലായിരുന്നു ദുബൈ യാത്ര. ടിക്കറ്റ് നിരക്കായി കൊടുത്തത് 240 രൂപ. 1967 മാര്‍ച്ച് 16ന് ഖോര്‍ഫുക്കാനില്‍ കരയണഞ്ഞു. കൃത്യമായി പറഞ്ഞാല്‍ യു എ ഇ രൂപീകൃതമാകുന്നതിനും നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ്.
അധികം അലയാതെ തന്നെ ദുബൈയില്‍ ക്ലോക്ക് ടവറിന് സമീപത്തുള്ള ഹോട്ടലില്‍ റൂം ബോയിയായി ജോലി ലഭിച്ചു. ആദ്യ ശമ്പളം 100 രൂപ.

1971 ഡിംബര്‍ 2ന് യു എ ഇ രൂപീകൃതമായ ദിവസം ദുബൈ ഭരണാധികാരിയും രാഷ്ട്രശില്‍പികളില്‍ ഒരാളുമായ ശൈഖ് റാശിദിന്റെ കൊട്ടാരത്തിലേക്ക് ദേശീയ പതാകയും വഹിച്ച് ഒഴുകിയ ആയിരങ്ങളില്‍ ഖാദറുമുണ്ടായിരുന്നു. അന്നുതൊട്ട് ഇന്നുവരെ ദുബൈ നഗരത്തിന്റെ വളര്‍ച്ചയും വികാസവും നേരില്‍ കണ്ടു. 1977ല്‍ ദുബൈയില്‍ യൂത്ത് മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളില്‍ ഡ്രൈവിംഗ് പരിശീലകനായി ജോലി തുടങ്ങി. 2000ല്‍ അല്‍ സൈന്‍ ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ സ്വന്തമായി ഒരു ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങിയെങ്കിലും അധികം താമസിയാതെ പൂട്ടേണ്ടി വന്നു. തുടര്‍ന്ന് ദുബൈ ഡ്രൈവിംഗ് സെന്ററില്‍ പരിശീലകനായി ചേര്‍ന്നു. അവിടെ വി ഐ പി വിഭാഗം ആരംഭിച്ചപ്പോള്‍ ഖാദര്‍ വി ഐ പി ട്രൈനറായി മാറി.

മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, സാനിയ മിര്‍സ, ഷുഹൈബ് മാലിക് തുടങ്ങി നിരവധി താരങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ സാധിച്ചത് തന്റെ ജിവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായാണ് ഖാദര്‍ക്ക കാണുന്നത്. ലൈസന്‍സ് ലഭിച്ച ശേഷം കൃതജ്ഞത അറിയിക്കാന്‍ മമ്മുട്ടി തന്നെ തേടിയെത്തിയത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്നു ഖാദര്‍ക്ക. വീക്ഷണം ഫോറമടക്കം നിരവധി പ്രവാസി സംഘടനകളുടെ തുടക്കക്കാരന്‍ കൂടിയായ അദ്ദേഹം നിലവില്‍ തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് മെമ്പറാണ്. തളിക്കുളം പ്രവാസി അസോസിയേഷന്‍, കുന്നത്ത് പള്ളി മഹല്ല് കൂട്ടായ്മ, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം തുടങ്ങി വിവിധ പ്രവാസി സംഘടനകളുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

52 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും തിരികെ യാത്രക്ക് മനസ്സ് പാകമായിട്ടില്ലെന്ന് ഇപ്പോഴും ഖാദര്‍ക്ക പറയുന്നു. ജോലിയില്‍ നിന്ന് ഔദ്യോഗികമായി കഴിഞ്ഞ ദിവസം വിരമിച്ചു. നാടും കുടുംബക്കാരും പലവട്ടം പറഞ്ഞെങ്കിലും നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത രീതിയില്‍ വേരുപിടിച്ചു പോയ ഒരുപാട് സൗഹൃദ ബന്ധങ്ങളുണ്ട് ഇവിടെയെന്നാണ് ഖാദര്‍ക്കയുടെ പക്ഷം.

ഒരിക്കല്‍ പരിചയപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് ഒരിക്കലും മറക്കാന്‍ കഴിയാത്തത്ര ദൃഢ ബന്ധം സൃഷ്ടിക്കാന്‍ ഖാദര്‍ക്കാക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് സുഹൃത്തുക്കളും ഓര്‍ത്തെടുക്കുന്നു. ഭാര്യ റംലത്തിനോടൊപ്പം വര്‍ഷങ്ങളായി ബര്‍ദുബൈയിലാണ് താമസം. രേഷ്മ, റമീന, റിയാസ്, റനീഷ എന്നിവരാണ് മക്കള്‍.

Latest