ജോണ്‍സണ്‍ ബേബി ഷാംപൂവില്‍ ക്യാന്‍സറിന് കാരണമാകുന്ന പദാര്‍ഥം; വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശം

Posted on: April 1, 2019 9:27 pm | Last updated: April 2, 2019 at 10:50 am

ജയ്പൂര്‍: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ബേബി ഷാംപൂവില്‍ ആരോഗ്യത്തിന് ഹാനികരമായ പദാര്‍ഥം കണ്ടെത്തി. രാജസ്ഥാന്‍ ഡ്രഗ് കണ്‍ട്രോളര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതേതുടര്‍ന്ന് വിപണിയിലുള്ള ബേബി ഷാംപൂവിന്റെ മുഴുവന്‍ സ്‌റ്റോക്കുകളും പിന്‍വലിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദേശം നല്‍കി. ഉത്പന്നം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് മറ്റു സംസ്ഥാനങ്ങളോടും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ആവശ്യപ്പെട്ടു.

കാന്‍സറിന് കാരണമാകുന്ന ഫോര്‍മല്‍ഡീഹൈഡ് എന്ന പദാര്‍ഥമാണ് ബേബി ഷാംപൂവില്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബില്‍ഡിംഗ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന പദാര്‍ഥമാണിത്. 2020 സെക്പതംബര്‍ വരെ കാലാവധിയുള്ള രണ്ട് ബാച്ചുകളില്‍പെട്ട ബേബി ഷാംപൂവാണ് ഗുണനിലവാര പരിശോധനക്ക് വിധേയമാക്കിയത്. കമ്പനിയുടെ ഹിമാചല്‍ പ്രദേശിലെ പ്ലാന്റിലാണ് ഇത് ഉത്പാദിപ്പിച്ചത്. പരിശോധനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം, ഇടക്കാല പരിശോധനാ ഫലമാണ് പുറത്തുവന്നതെന്നും അത് തങ്ങള്‍ തള്ളിക്കളയുകയാണെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനി വക്താവ് പറഞ്ഞു. ജോണ്‍സണ്‍ ബേബി ഷാംപൂവില്‍ ഫോര്‍മല്‍ഡീഹൈഡ് ഉപയോഗിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

നേരത്തെ ജോണ്‍സന്റെ ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമാകുന്ന ആസ്ബറ്റോസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ബേബി നിര്‍ത്തിവെച്ച ബേബി പൗഡര്‍ ഉത്പാദനം കഴിഞ്ഞ ഫെബ്രുവരി അവസാനമാണ് പുനരാരംഭിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വിദേശ ബ്രാൻഡുകളിൽ ഒന്നാണ് ജോൺസൺ ആൻഡ് ജോൺസൺ.