Connect with us

Gulf

യു എ ഇയില്‍ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള നിബന്ധനയില്‍ മാറ്റം

Published

|

Last Updated

ദുബൈ: വിദേശികള്‍ യു എ ഇയില്‍ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന നിയമം മന്ത്രിസഭ ഭേദഗതി ചെയ്തു. വരുമാനം അനുസരിച്ചായിരിക്കും ഇനി അര്‍ഹത. നേരത്തെ വരുമാനവും പദവിയുമാണ് പ്രധാനമായും കണക്കിലെടുത്തിരുന്നത്. പുതിയ നയം വിദേശ ജോലിക്കാരുടെ കുടുംബ ഭദ്രതയും സാമൂഹിക സഹവര്‍ത്തിത്വവും വര്‍ധിപ്പിക്കുമെന്ന് കാബിനറ്റ് ജനറല്‍ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യാന്തര നിലവാരം കണക്കിലെടുത്ത് മികച്ച സാഹചര്യം ഒരുക്കാനാണ് ഭേദഗതി. വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനൊപ്പം ഭദ്രമായ സ്വകാര്യ ജീവിതവും പ്രഫഷണല്‍ ജീവിതവും അവര്‍ക്ക് ഉറപ്പു വരുത്തേണ്ടതുണ്ട്. തൊഴില്‍ കമ്പോളത്തില്‍ കുടുംബാംഗങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയും വേണം. വിദേശത്ത് നിന്ന് ജീവനക്കാരെ പുതുതായി റിക്രൂട്ട് ചെയുന്നത് കുറക്കാന്‍ ഇത് ഉപകരിക്കുമെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

മന്ത്രിസഭാ ഭേദഗതി ജീവനക്കാരുടെ കുടുംബ ജീവിതം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മാനവശേഷി, സ്വദേശീവല്‍കരണ മന്ത്രി നാസിര്‍ ബിന്‍ താനി അല്‍ ഹംലി പറഞ്ഞു. തൊഴില്‍ കമ്പോളത്തില്‍ അനുകൂല ചലനങ്ങള്‍ സാധ്യമാക്കുകയും ദേശ സമ്പദ്ഘടനക്ക് ഗുണകരമാകുകയും ചെയ്യും. ജീവനക്കാരുടെ കര്‍മശേഷി വര്‍ധിക്കും. 200 ലധികം രാജ്യക്കാര്‍ യു എ ഇയില്‍ ജീവിതോപാധി തേടി എത്തിയിട്ടുണ്ട്. അവരെല്ലാം സമാധാനത്തോടെ കഴിയുന്നു. അവരുടെ അവകാശങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടാന്‍ നിയമ നിര്‍മാണം നടത്തിയിട്ടുണ്ട്. ദേശ വികസനത്തില്‍ അവര്‍ സജീവ പങ്കുവഹിക്കുന്നു. വൈദഗ്ധ്യം പ്രകടിപ്പിക്കാന്‍ മികച്ച രാജ്യമായി യു എ ഇ മാറിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തൊഴിലെടുക്കാനും ജീവിക്കാനും നല്ല രാജ്യമാണ് യു എ ഇ എന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് അധ്യക്ഷന്‍ അലി മുഹമ്മദ് ബിന്‍ ഹമ്മാദ് അല്‍ ശംസി പറഞ്ഞു. കഠിനാദ്ധ്വാനം ചെയ്യുന്നവര്‍ക്ക് ഉന്നതങ്ങളില്‍ എത്താന്‍ അവസരമുണ്ട്. ഇവിടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എളുപ്പമാണ്. എല്ലാ സംസ്‌കാരങ്ങളെയും ഉള്‍കൊള്ളുന്ന സമൂഹമാണ് യു എ ഇയിലേതെന്നും അലി മുഹമ്മദ് പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ ഉണ്ടാക്കുന്ന മാറ്റം പഠിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ 3,000 ദിര്‍ഹവും താമസ സൗകര്യവുമാണ് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ നിബന്ധന. ഇല്ലെങ്കില്‍ 4,000 ദിര്‍ഹത്തിലേറെ വേതനം വേണം. അതേസമയം തൊഴിലിലെ പദവി അധികൃതര്‍ ഗൗരവമായി കണ്ടിരുന്നു. 4000ത്തിലധികം വരുമാനമുണ്ടായിട്ടും സ്‌പോണ്‍സര്‍ഷിപ്പ് അവകാശം ലഭിക്കാത്ത നിരവധി പേരുണ്ട്. ഇത്തരക്കാര്‍ക്ക് പുതിയ ഭേദഗതി ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

---- facebook comment plugin here -----

Latest