Connect with us

National

പെരുമാറ്റച്ചട്ട ലംഘനം: കേന്ദ്ര മന്ത്രി അശ്വിനി കുമാര്‍ ഛൗബേക്കെതിരെ കേസ്

Published

|

Last Updated

ബക്‌സാര്‍: തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ആരോഗ്യ സഹ മന്ത്രിയും ബി ജെ പി എം പിയുമായ അശ്വിനി കുമാര്‍ ഛൗബേക്കെതിരെ പോലീസ് കേസെടുത്തു. ബിഹാറിലെ ബക്‌സറില്‍ നിരവധി വാഹനങ്ങളുള്‍പ്പെട്ട ഘോഷയാത്രയുമായി പൊതു മൈതാനത്ത് ബലം പ്രയോഗിച്ച് പ്രവേശിക്കുകയും തടയാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറുകയും ചെയ്തതുവെന്നാണ് കേസ്. മന്ത്രിക്കു പുറമെ ജില്ലാ ബി ജെ പി പ്രസിഡന്റ് റാണ പ്രതാപ് സിംഗിനും നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇവിടുത്തെ മോഡല്‍ പോലീസ് സ്‌റ്റേഷനില്‍ എ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി ബക്‌സാര്‍ പോലീസ് സൂപ്രണ്ട് ഉപേന്ദ്ര നാഥ് വര്‍മ പറഞ്ഞു. കില മൈതാനത്തില്‍ പൊതുയോഗത്തില്‍ സംബന്ധിക്കാനാണ് ഛൗബേയും കൂട്ടാളികളും ബലപ്രയോഗം നടത്തിയത്. വാഹനങ്ങളുമായി പ്രവേശിക്കുന്നതിന് വിലക്കുണ്ടെന്ന് പറഞ്ഞ സബ് കലക്ടര്‍ കൃഷ്ണ കുമാര്‍ ഉപാധ്യായയോടാണ് ഇവര്‍ മോശമായി പെരുമാറിയത്. ജനപ്രാതിനിധ്യ നിയമത്തിന്റെയും ഐ പി സിയുടെ വിവിധ വകുപ്പുകളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളതെന്ന എസ് പി പറഞ്ഞു.

Latest