Connect with us

Kannur

പ്രചരണത്തിന്റെ മായാത്ത ഓർമകളുമായി അഞ്ചര പതിറ്റാണ്ട് പിന്നിട്ട ചുവരെഴുത്ത്

Published

|

Last Updated

കൂറാറ ഗോവിന്ദന്റെ മഞ്ഞോടിയിലെ അനാദികടയുടെ മുകളിലുള്ള
1965ലെ ചുവരെഴുത്ത്

പോയ കാല തിരഞ്ഞെടുപ്പ് പ്രചാരണ, പോരാട്ടങ്ങളുടെ പിൻ വിളിയുമായി അഞ്ചര പതിറ്റാണ്ടും ആറര പതിറ്റാണ്ടും പിന്നിട്ട രണ്ട് ചുമരെഴുത്തുകൾ തലശ്ശേരിയിൽ പുതു തലമുറക്ക് വിസ്മയ കാഴ്ചയാകുന്നു.

1951ൽ നടന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ നെട്ടൂർ പി ദാമോദരന് വോട്ടഭ്യർഥിച്ച് കാവിയും കറുപ്പും നിറങ്ങൾ ചാലിച്ചെഴുതിയ ചുവരെഴുത്തുള്ളത് കണ്ണൂർ- തലശ്ശേരി ദേശിയ പാതയിലെ ധർമ്മടം താഴെ പീടികയിലാണ്. ഇവിടെ നിന്ന് മാപ്പിള ജെ ബി എസ് സ്‌കൂളിലേക്ക് തിരിയുന്നിടത്തെ പഴയ പീടിക ചുമരിൽ അൽപ്പം മങ്ങിയെങ്കിലും സൂക്ഷിച്ചു നോക്കിയാൽ വരികൾ വായിച്ചെടുക്കാം.
ഐക്യമുന്നണി സ്ഥാനാർഥികളായ സി എച്ച് കണാരനും നെട്ടൂർ പി ദാമോദരനും വോട്ട് ചെയ്യുവിൻ എന്നാണ് ചുമരിലുള്ളത്. പഴയ തലമുറ എം കെ വിദ്യാർഥി എന്ന് വിളിച്ചിരുന്ന കമ്യൂണിസ്റ്റ് നേതാവ് എം കൃഷണനായിരുന്നു എഴുത്തുകാരൻ.

നീണ്ട 68 വർഷം മഴയും മഞ്ഞും വെയിലുമേറ്റെങ്കിലും മങ്ങലേൽക്കാതെ നാടിന്റെ ഓർമകൾ കാത്തു സൂക്ഷിക്കുകയാണീ ചുവരെഴുത്തുകൾ. കൽതുറുങ്കിൽ നിന്ന് പോരാടിയ സി പി ഐ എം നേതാവ് പാട്യം ഗോപാലൻ ജനവിധിതേടിയ തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും ഏറ്റുവാങ്ങിയ മറ്റൊരു ചുവരെഴുത്തുള്ളത് മഞ്ഞോടി കവലയിലാണ്. 54 വർഷം മുമ്പുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ കഥയാണ് ഇവിടത്തെ ചുമരെഴുത്ത് വരികളിലുള്ളത്.

1965ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് തലശേരി മണ്ഡലത്തിൽ നിന്ന് പാട്യംഗോപാലൻ നിയമസഭയിലേക്ക് മത്സരിച്ചത്. പ്രഗത്ഭനായ നിയമജ്ഞൻ വി ആർ കൃഷ്ണയ്യരും കോൺഗ്രസിലെ പി നാണുവുമായിരുന്നു എതിരാളികൾ. ചൈനാചാരത്വം ആരോപിച്ച് പാട്യം ഉൾപ്പെടെയുള്ള സി പി ഐ എം നേതാക്കളെ ജയിലിലടച്ച കാലം. ചുമരെഴുത്തും ചെറുജാഥകളും മെഗാഫോൺ പ്രചാരണവും നടത്തിയാണ് അന്ന് സ്ഥാനാർഥിയെ നാടിന് പരിചയപ്പെടുത്തിയത്.
കൂറാറ ഗോവിന്ദന്റെ മഞ്ഞോടിയിലെ അനാദികടയുടെ മുകളിൽ കയറിയാണ് അന്നത്തെ ചെറുപ്പക്കാർ “അസംബ്ലി സ്ഥാനാർഥി പാട്യംഗോപാലന് അരിവാൾചുറ്റിക നക്ഷത്രത്തിൽ സീൽചെയ്തു വോട്ട്രേഖപ്പെടുത്തുക” എന്ന് നീലമഷിയിൽ എഴുതിയത്.

സ്ഥാനാർഥിയെ നേരിൽ കണ്ടില്ലെങ്കിലും തലശേരിയിലെ പ്രബുദ്ധരായ ജനത പാട്യംഗോപാലനെ അസംബ്ലിയിലേക്ക് തിരഞ്ഞെടുത്തു. അതും 8215 വോട്ടിന്റെ തിളക്കമാർന്ന ഭൂരിപക്ഷത്തോടെ. പാട്യത്തിന് 27,981 വോട്ടും കോൺഗ്രസിലെ പി നാണുവിന് 19766 വോട്ടും ലഭിച്ചു.
തലശ്ശേരി പാർലിമെന്റ് മണ്ഡലത്തിൽ നിന്ന് ലോകസഭയിലേക്ക് 1967ൽ പാട്യം വീണ്ടും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

Latest