Connect with us

Kozhikode

അമേഠിയിലെ കണക്കുകൾ അത്ര സുഖകരമല്ല

Published

|

Last Updated

രണ്ട് തവണയൊഴികെ കോൺഗ്രസിനൊപ്പം നിന്ന അമേഠിക്ക് പുറമെ രാഹുൽ ഗാന്ധി പുതിയ മേച്ചിൽ പുറം തേടി വയനാട്ടിലെത്തിയതിന് പിന്നിൽ ദക്ഷിണേന്ത്യയിലെ സാന്നിധ്യമെന്ന വിശദീകരണത്തിനപ്പുറം അമേഠി ലോക്‌സഭാ മണ്ഡലത്തിലെ നിലവിലെ സാഹചര്യം രാഹുലിനെയും കോൺഗ്രസിനെയും ഭയപ്പെടുത്തുന്നുവെന്നതാണ് യാഥാർഥ്യം.

അടിയന്തരാവസ്ഥക്ക് തൊട്ടുപിന്നാലെ ജനതാപാർട്ടിക്കും മറ്റൊരിക്കൽ ബി ജെ പിക്കുമൊപ്പം നിന്നതൊഴിച്ചാൽ അമേഠി എന്നും നെഹ്‌റു കുടുംബത്തെ വിശ്വാസത്തിലെടുത്തിരുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി കോൺഗ്രസിനല്ലാതെ ഇവിടെ ആർക്കും ജയിക്കാനുമായിട്ടില്ല. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന രാഹുലിന് അമേഠി ലോക്‌സഭാ മണ്ഡലം നൽകുന്ന കണക്കുകൾ അത്ര സുരക്ഷിതമല്ല. അമേഠിയിൽ ഉൾപ്പെടുന്ന തിലോയ്, സലോൺ, ജഗദീഷ്പൂർ, അമേഠി, ഗൗരികൻജ് എന്നീ നിയമസഭാ മണ്ഡലങ്ങളിലൊന്നിൽ പോലും കോൺഗ്രസില്ലെന്നത് കൗതുകകരമാണ്.

ഗൗരികൻജിലൊഴികെ നാലും ബി ജെ പിയാണ് നിലവിൽ പ്രതിനിധീകരിക്കുന്നത്. ഗൗരികൻജ് സമാജ്‌വാദി പാർട്ടിയുടെ കൈയിലും. ഇവിടങ്ങളിലെ വോട്ടിംഗ് നില രാഹുൽഗാന്ധിയെന്ന പ്രധാനമന്ത്രി സ്ഥാനാർഥിക്ക് ഒട്ടും സുരക്ഷിതമല്ല.

2017ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിലോയിൽ 44047, സലോണിൽ 16055, ജഗദീഷ് പൂരിൽ 16600, അമേഠിയിൽ 5065 എന്നിങ്ങനെയാണ് ബി ജെ പി സ്ഥാനാർഥികളുടെ ഭൂരിപക്ഷം. ഗൗരികൻജിൽ എസ് പി സ്ഥാനാർഥിക്ക് 26419 മാണ് ഭൂരിപക്ഷം. അഞ്ചിടങ്ങിൽ രണ്ടിടത്ത് മാത്രമാണ് കോൺഗ്രസിന് രണ്ടാം സ്ഥാനത്തെത്താനായത്. ഈ നിലയിൽ പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്ന രാഹുൽ ഗാന്ധി സുരക്ഷിതമായ വയനാട് തിരഞ്ഞെടുത്തിനെ തെറ്റായി കാണാൻ കഴിയില്ല.
കോൺഗ്രസിന്റെയും നെഹ്‌റു കുടുംബത്തിന്റെയും ഉരുക്കുകോട്ടയായിരുന്ന അമേഠിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോൺഗ്രസിന്റെ സാന്നിധ്യവും സ്വാധീനവും കുത്തനെ ഇടിയുന്നു എന്നാണ് വോട്ട് കണക്കുകൾ രാഹുലിന്റെ സാധ്യതക്ക് മേൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തുന്നതാണ്.

2009ൽ മൂന്ന് ലക്ഷത്തിൽപരം വോട്ടിന് ജയിച്ച രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 2014ൽ ഒരുലക്ഷത്തിൽപരം വോട്ടിലേക്ക് കൂപ്പുകുത്തി. അതും ആ വർഷം വോട്ടർമാരുടെ എണ്ണം രണ്ടേകാൽ ലക്ഷത്തോളം കൂടിയപ്പോഴാണ് രാഹുലിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതെന്നത് ശ്രദ്ധേയമാണ്.

സീരിയൽ നടിയെന്ന പരിവേശത്തിലെത്തി മോദി- ഷാ കൂട്ടുകെട്ടിന്റെ പിന്തുണയോടെ രാഹുലിനെതിരെ മത്സരിച്ച സ്മൃതി ഇറാനി വെറും 37,750 വോട്ടുമായി 2009ൽ മൂന്നാം സ്ഥാനത്തായിരുന്ന ബി ജെ പിയെ 300,748 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തിച്ചു. എന്നാൽ, അന്നത്തെ സീരിയൽ നടിയിൽ നിന്ന് മോദിയുടെ വാത്സല്യമേറ്റ് കേന്ദ്രമന്ത്രിയായി വളർന്ന സമൃതി ഇറാനിയാണ് ഇത്തവണ രാഹുലിനെ നേരിടുന്നത് എന്നത് ആശങ്കയുടെ ആഴം വർധിപ്പിക്കുന്നതാണ്.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം ബി ജെ പി മണ്ഡലത്തിൽ 3,46,226 വോട്ടുകളുമായി ഒന്നം സ്ഥാനത്ത് നിൽക്കുമ്പോൾ കോൺഗ്രസ് 2,37,216 വോട്ടുമായി രണ്ടാംസ്ഥാനത്താണ്. ബി ജെ പിയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിലധികം വരും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest