Connect with us

Ongoing News

യോഗിയുടെ റാലി: മുൻനിരയിൽ ദാദ്രി കേസ് പ്രതികൾ

Published

|

Last Updated

മുഹമ്മദ് അഖ്്ലാഖ് വധക്കേസിൽ പ്രതിയായ വിശാൽ സിംഗ് (വലത്ത് നിന്ന് രണ്ടാമത്) യോഗി ആദിത്യനാഥ് പങ്കെടുത്ത റാലിയുടെ മുൻനിരയിൽ ഇരിക്കുന്നു

ലക്‌നോ: ദാദ്രി ആൾക്കൂട്ട കൊലക്കേസിലെ പ്രതികൾ ബി ജെ പി റാലിയുടെ മുൻ നിരയിൽ. ഉത്തർ പ്രദേശിലെ ദാദ്രി മേഖലയിലെ ബിഷാരയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത റാലിയിലാണ് മുഖ്യ പ്രതി വിശാൽ സിംഗ് അടക്കമുള്ളവർ ഇടംപിടിച്ചത്. ഗൗതം ബുദ്ധ് നഗർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബി ജെ പി സ്ഥാനാർഥി മഹേഷ് ശർമയുടെ വിജയത്തിനായി സംഘടിപ്പിച്ചതായിരുന്നു റാലി.

2015 സെപ്തംബർ 28നാണ് ഈദ് ആഘോഷത്തിനിടെ മുഹമ്മദ് അഖ്‌ലാഖിനെ വിശാൽ സിംഗും സംഘവും ക്രൂരമായി അടിച്ചു കൊന്നത്. വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ചായിരുന്നു മർദനം. നിയമവ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് റാലിക്കെത്തിയ വിശാൽ സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഒന്നും സംഭവിക്കാൻ പോകുന്നില്ല. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. കള്ളക്കേസാണിത്- ജാമ്യത്തിലിറങ്ങിയ വിശാൽ സിംഗ് പറയുന്നു. അഖ്‌ലാഖിന്റെ വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് തൊട്ടടുത്ത ക്ഷേത്രത്തിൽ നിന്ന് ഉച്ചഭാഷിണിയിൽ വിളിച്ചു പറഞ്ഞത് വിശാലായിരുന്നു. വിശാലിനൊപ്പം കേസിൽ പ്രതികളായ 16 പേരും റാലിയുടെ മുൻനിരയിൽ ഇരിക്കുന്നുണ്ടായിരുന്നു.

Latest