Connect with us

Kerala

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെ 'പപ്പുസ്‌ട്രൈക്ക്' എന്ന് വിമര്‍ശിച്ച് ദേശാഭിമാനി

Published

|

Last Updated

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി. “കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക്” എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ രാഹുലിനെതിരെ ആരോപണങ്ങളുടെ നീളന്‍പട്ടികയാണ് ദേശാഭിമാനി നിരത്തുന്നത്. അമേഠിയില്‍ തോല്‍ക്കുമെന്ന് ഉറപ്പായതിനാലാണ് രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ഉത്തരേന്ത്യ പോലെ തന്നെ ദക്ഷിണേന്ത്യയും കോണ്‍ഗ്രസിന് മരൂഭൂമിയാണെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. ഇതൊടൊപ്പം എഡിറ്റോറിയൽ പേജിൽ നൽകിയ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിമുഖത്തിലും രാഹുലിൻെറ വരവിനെ നിശിതമായി വിമർശിക്കുന്നുണ്ട്.

“എവിടെയും വിജയസാധ്യത ഇല്ലാത്തതുകൊണ്ടുതന്നെയാണ് വയനാടന്‍ ചുരം കയറാന്‍ രാഹുല്‍ ഗാന്ധി തയ്യാറായത്. 1984 ല്‍ 543 ല്‍ 404 സീറ്റ് കിട്ടിയ കോണ്‍ഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയത് 29 സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമായി 44 സീറ്റുമാത്രമാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുകയാണിപ്പോള്‍. ഈ തകര്‍ച്ച തടയാന്‍ കിഴക്കന്‍ യുപിയില്‍ പ്രിയങ്കയെ ഇറക്കിയെങ്കിലും അതും ഗുണംപിടിക്കുന്നില്ലെന്നല്ലേ രാഹുലിന്റെ ഒളിച്ചോട്ടം വിളിച്ചുപറയുന്നത്. ഗതികേടിന്റെ ഭാഗമായാണ് വയനാട്ടിലേക്ക് വരുന്നതെന്ന് സാരം” – എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.

“വയനാട്ടിലും കോണ്‍ഗ്രസിന്റെ വോട്ടിനേക്കാള്‍ ന്യുനപക്ഷത്തിന്റെ വോട്ടിലാണ് രാഹുലിന്റെ കണ്ണ്. ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലമാണ് വയനാട്. എന്നാല്‍, തന്റെ കര്‍മഭൂമി അമേഠിയാണെന്നും ആ സീറ്റായിരിക്കും ജയിച്ചാല്‍ താന്‍ നിലനിര്‍ത്തുകയെന്നും പ്രഖ്യാപിച്ച ഒരാള്‍ക്ക് എന്തിനുവേണ്ടി വയനാട്ടിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്യണം. കേരളത്തിലെ ന്യുനപക്ഷത്തെ പറ്റിക്കാന്‍ ഈ ചെപ്പടിവിദ്യകൊണ്ടാകില്ല. രാജ്യത്ത് ബിജെപിയെ വെള്ളവും വളവും നല്‍കി വളര്‍ത്തിയത് കോണ്‍ഗ്രസാണെന്ന് എല്ലാവര്‍ക്കുമറിയാം. അയോധ്യയിലെ തര്‍ക്കസ്ഥലം ആരാധനയ്ക്കായി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തതും അയോധ്യയില്‍ ശിലാന്യാസം അനുവദിച്ചതും ബാബ്‌റിമസ്ജിദ് തകര്‍ക്കപ്പെട്ടതും കോണ്‍ഗ്രസിന്റെ ഭരണകാലത്തായിരുന്നു. അയോധ്യയില്‍നിന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കമിട്ടത് രാജീവ് ഗാന്ധിയാണെന്ന കാര്യവും മറക്കാറായിട്ടില്ല”.

മാലോകര്‍ക്ക് മുഴുവന്‍ അറിയുന്ന കാര്യമാണ് ബിജെപിക്കും അവരെ നിയന്ത്രിക്കുന്ന ആര്‍എസ്എസിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന പ്രസ്ഥാനമാണ് സിപിഐ എമ്മും ഇടതുപക്ഷവും എന്നുള്ളത്. ബിജെപിയെയാണ് രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നതെങ്കില്‍ അദ്ദേഹം മത്സരിക്കേണ്ടത് ഒരിക്കലും കേരളത്തിലല്ല. ഇന്നുവരെ ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് കഴിയാത്ത സംസ്ഥാനമാണിത്. കേരളത്തില്‍ എന്നും പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. അപ്പോള്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് എല്‍ഡിഎഫിനോടാണ് എന്നര്‍ഥം. കോണ്‍ഗ്രസ് അധ്യക്ഷന്‍തന്നെ ഇടതുപക്ഷത്തോട് മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രധാനശത്രു ഇടതുപക്ഷമാണെന്ന് വരുന്നു. അങ്ങനെയുള്ള ഒരു നേതാവിനും രാഷ്ട്രീയ പ്രസ്ഥാനത്തിനും എങ്ങനെയാണ് ബിജെപിയെ ദേശീയമായി നേരിടാനാകുകയെന്നും ദേശാഭിമാനി ചോദിക്കുന്നു.

എഡിറ്റോറിയലിൻെറ പൂർണരൂപം വായിക്കാം.