Connect with us

Education

ഒന്നര ലക്ഷം അധ്യാപകർക്ക് കൈറ്റിന്റെ അവധിക്കാല ഐ ടി പരിശീലനം

Published

|

Last Updated

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ ഒന്നര ലക്ഷത്തോളം അധ്യാപകർക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷ(കൈറ്റ്) ന്റെ നേതൃത്വത്തിൽ നാല് ദിവസത്തെ പ്രത്യേക ഐ ടി പരിശീലനം നൽകുന്നു.

ക്ലാസ് റൂം വിനിമയത്തിലെ ഐ സി ടി സാധ്യതകളിൽ ഊന്നല്‍ നല്‍കിക്കൊണ്ടാണ്‌ പരിശീലനം. ഇതിന് സഹായകമായ മൾട്ടിമീഡിയ പ്രസന്റേഷൻ തയ്യാറാക്കൽ, ഡിജിറ്റൽ വിഭവങ്ങൾ, ഇന്റർനെറ്റും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ച് ശേഖരിക്കൽ, ശേഖരിച്ച വിഭവങ്ങൾ (ടെക്സ്റ്റ്, ചിത്രം, വീഡിയോ, ശബ്ദം) ഉപയോഗിച്ച് പഠനവിഭവങ്ങൾ നിർമിക്കൽ, ചിത്ര വായന പോലുള്ള ബോധനതന്ത്രങ്ങൾക്കുതകുന്ന തരത്തിൽ ചിത്രം നിർമിക്കൽ, ഭാഷാ കമ്പ്യൂട്ടിങ്ങ് തുടങ്ങിയ മേഖലകളിലും അധ്യാപകർക്ക് പരിശീലനം നൽകുന്നുണ്ട് 3500 ഓളം പരിശീലകരുടെ സേവനം പ്രയോജനപ്പെടുത്തി വിവിധ ജില്ലകളിലെ 1500 പരിശീലന കേന്ദ്രങ്ങളിൽ ഒരേ സമയം 37500 ഓളം അധ്യാപകർക്ക് പരിശീലനം നൽകുന്നതിനുള്ള ലാപ്‌ടോപ്പുകൾ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉൾപ്പെടെയുള്ള മുഴുവൻ സംവിധാനങ്ങളും കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ഈമാസം 26ന് ആരംഭിക്കുന്ന പ്രസ്തുത പരിശീലനങ്ങൾ മെയ് അവസാനവാരം വരെ നീണ്ടു നിൽക്കും.

ഹൈടെക് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പ്രൈമറി വിദ്യാലയങ്ങളിലും ഹൈടെക് ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ തീരുമാനിച്ചിട്ടുണ്ട്. ഹൈടെക് ക്ലാസ് മുറികളിൽ പാഠഭാഗങ്ങൾ വിനിമയം നടത്തുന്നതിന് എല്ലാ പ്രൈമറി അധ്യാപകരെയും അവരുടെ വിഷയങ്ങളിൽ പ്രാപ്തരാക്കുന്ന തരത്തിലാണ് പരിശീലന ത്തിന്റെ ഉള്ളടക്കം. ലേണിംഗ് മാനേജ്‌മെന്റ് പോർട്ടലായ സമഗ്ര ഉപയോഗിക്കൽ, ഡിജിറ്റൽ വിഭവങ്ങൾ (എഡിറ്റ് ചെയ്ത ഇമേജുകൾ, ഫോട്ടോ ആൽബം, പ്രസന്റേഷൻ, വീഡിയോ ആഡിയോ ക്ലിപ്പുകൾ, ഇന്ററാക്ടീവ് ആപ്‌ലറ്റുകൾ തുടങ്ങിയവ) കണ്ടെത്തൽ, സ്വന്തമായി ഡിജിറ്റൽ വിഭവങ്ങൾ തയ്യാറാക്കൽ, സമഗ്രയിൽ പുതിയ വിഭവങ്ങൾ അപ്‌ലോഡ് ചെയ്യൽ, പാഠാസൂത്രണം തുടങ്ങിയവ പരിശീലനത്തിലുണ്ട്. ഒരു ലക്ഷത്തോളം പ്രൈമറി അധ്യാപകരാണ് ഈ പരിശീലനങ്ങളിൽ പങ്കെടുക്കുന്നത്.

മാറിയ ഐ സി ടി പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പരിശീലനമാണ് ഹൈസ്‌കൂൾ അധ്യാപകർക്ക് നൽകുന്നത്. ഉബുണ്ടു 18.04 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഐ ടി പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് പരിശീലനം. ഈ ക്ലാസുകളിൽ ഐ ടി വിഷയം പഠിപ്പിക്കുന്ന 30,000 ത്തോളം അധ്യാപകർ ഈ പരിശീലനത്തിൽ പങ്കെടുക്കുന്നതാണ്.
വിഷയാധിഷ്ഠിത ഐ സി ടി പരിശീലനമാണ് ഐ സി ടി പരിശീലനമാണ് ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപകർക്കും നൽകുന്നത്. സമാന സ്വഭാവമുള്ള 12 വിഷയ ഗ്രൂപ്പുകളിലായിട്ടാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. സമഗ്ര പോർട്ടലിനെ അടിസ്ഥാനമാക്കിയുള്ള ഈ പരിശീലനത്തിൽ ഡിജിറ്റൽ വിഭവങ്ങൾ ക്ലാസ്മുറികളിൽ പ്രയോജനപ്പെടുത്താനും അക്കാദമിക വിഷയങ്ങൾ കൂടുതൽ വ്യക്തതയോടുകൂടി കൈകാര്യം ചെയ്യുവാൻ അധ്യാപകരെ പ്രാപ്തരാക്കുന്ന വിധത്തിലാണ് പരിശീലനം. സംസ്ഥാനത്തെ 30,000 ത്തോളം ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപകർ പ്രസ്തുത പരിശീലനങ്ങളിൽ പങ്കെടുക്കും.

കാഴ്ചപരിമിതിയുള്ള അധ്യാപകർക്ക് പ്രത്യേക സോഫ്റ്റ്‌വെയർ അധിഷ്ഠിതമാക്കിയുള്ള പ്രത്യേക ഐ സി ടി പരിശീലനവും അവധിക്കാലത്ത് ഒരുക്കുന്നതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് താത്പര്യമുള്ള കേന്ദ്രവും ബാച്ചും തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം കൈറ്റ് വെബ്‌സൈറ്റിലെ ട്രെയിനിംഗ് മാനേജ്‌മെന്റ് സിസ്റ്റം 2019 വിഭാഗത്തിൽ ലഭ്യമാണെന്ന് കൈറ്റ് വൈസ് ചെയർമാൻ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ അൻവർ സാദത്ത് അറിയിച്ചു. ഈമാസം 16 നകം അധ്യാപകർ രജിസ്റ്റർ ചെയ്യണം. ഈ സംവിധാനം വഴി അധ്യാപകർക്ക് ഏത് ജില്ലയിലും പരിശീലനത്തിൽ പങ്കെടുക്കാം. ഓരോ ബാച്ചിലെയും നിശ്ചിത എണ്ണത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് അവസരം നൽകും.