Connect with us

Kozhikode

വയനാട്ടിൽ അരയുംതലയും മുറുക്കി ഇടതുപക്ഷം

Published

|

Last Updated

വയനാട് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി പി സുനീര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയാകുമ്പോൾ അതിനെ രാഷ്ട്രീയമായി എതിരിടാനാണ് ഇടതുമുന്നണി ശ്രമം. മണ്ഡലം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണെങ്കിൽ കൂടി രാഹുലിന്റെ വരവ് കേരളത്തിൽ സൃഷ്ടിക്കുന്ന ഇഫക്ട് ചെറുതായിരിക്കില്ലെന്ന് ഇടതുമുന്നണി നേതാക്കൾക്കറിയാം.
രാഹുൽ വന്നതോടെ ഒറ്റയടിക്ക് വിജയിച്ച് കയറാമെന്ന ഇടതുപക്ഷത്തിന്റെ പ്രതീക്ഷകൾക്ക് അൽപ്പം മങ്ങലേറ്റിട്ടുണ്ട്. ഇതിനെ മറികടക്കാനുള്ള പ്രചാരണമായിരിക്കും സി പി എം ഉൾപ്പെടെയുള്ള ഇടത് പാർട്ടികൾ അടുത്ത ദിവസങ്ങളിൽ സ്വീകരിക്കുക. ബി ജെ പി വിരുദ്ധരായ നിഷ്പക്ഷക്കാർക്കിടയിലും യുവാക്കൾക്കിടയിലും രാഹുലിന്റെ വരവ് സൃഷ്ടിക്കുന്ന മാറ്റം മറികടക്കുകയെന്നത് പ്രത്യേകിച്ച് മലബാറിൽ ഇടതുപക്ഷത്തിന് പ്രധാന വെല്ലുവിളിയാണ്. ഇതിനെ സംഘടനാ സംവിധാനമുപയോഗിച്ച് പ്രതിരോധിക്കാനാണ് സി പി എം ശ്രമം. കോൺഗ്രസ് അധ്യക്ഷനെ വയനാട്ടിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചയുടനെ മുഖ്യമന്ത്രി പിണറായി വിജയനാണ് അതിനെതിരെ രംഗത്ത് വന്ന സി പി എമ്മിലെ നേതാവ്.

കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ വരവ് തെറ്റായ രാഷ്ട്രീയസന്ദേശമായിരിക്കും നൽകുകയെന്ന നേരത്തെ നൽകിയ പ്രസ്താവന അദ്ദേഹം ഇന്നലെയും ആവർത്തിച്ചു. ദേശീയതലത്തിൽ ബി ജെ പിയോട് എതിരിടേണ്ട രാഹുൽ വയനാട്ടിൽ വന്ന് മത്സരിക്കുകയെന്നത് ശരിയല്ലെന്ന പ്രചാരണം കൊഴുപ്പിക്കാനായിരിക്കും ഇടതുപക്ഷം ശ്രമിക്കുക. അതോടൊപ്പം അമേഠിയിലെ പരാജയ ഭീതിയാണെന്ന ആരോപണം ഇടതുമുന്നണിയും ഉയർത്തും. സ്ഥാനാർഥിത്വ കാര്യത്തിൽ നേരത്തെ തന്നെ രാഹുലിന് തീരുമാനമെടുക്കാമായിരുന്നില്ലേയെന്നും ഇക്കാര്യത്തിൽ പോലും തീരുമാനമെടുക്കാൻ ഇത്രയും ദിവസം വേണ്ടി വന്ന രാഹുൽ ഗാന്ധിയാണ് ഇവിടെ മത്സരിക്കാനെത്തിയതെന്നും ഇടതുപക്ഷം വിമർശിക്കുന്നുണ്ട്. അതേസമയം സ്ഥാനാർഥിയെ പിൻവലിക്കില്ലെന്ന് സി പി ഐ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒന്നിനൊന്ന് മികച്ച സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സ്ഥാനാർഥി നിർണയത്തിൽ മുന്നിൽ നിൽക്കുമ്പോഴാണ് എൽ ഡി എഫിന്റെ മുമ്പിൽ രാഹുൽ സ്ഥാനാർഥിയായി എത്തുന്നത്. ഇത് നേരത്തെ സ്വീകരിച്ച പ്രചാരണ തന്ത്രങ്ങൾ മാറ്റിപ്പണിയുന്നതിന് ഇടതുമുന്നണിയെ പ്രേരിപ്പിക്കും.
ഇതിനിടക്ക് സി പി എമ്മാണ് ഡൽഹി കേന്ദ്രീകരിച്ച് രാഹുലിന്റെ വരവിന് തടയിടാനുള്ള ശ്രമങ്ങൾ നടത്തുന്നതെന്ന പ്രതീതി സൃഷ്ടിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന്റെയും രമേശ് ചെന്നിത്തലയുടെയും പ്രസ്താവനക്ക് കഴിഞ്ഞിരുന്നു. എന്നാൽ സി പി എമ്മല്ല ഇതിന്റെ പിറകിൽ പ്രവർത്തിച്ചതെന്ന് തിരുത്തിപ്പറയാൻ ഇരു നേതാക്കളും ഇന്നലെ ശ്രമിച്ചത് ശ്രദ്ധേയമായി. ഇടതുമുന്നണിക്കെതിരെയല്ല രാഹുലിന്റെ മത്സരമെന്നും അവർ വ്യക്തമാക്കി. മോദിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെയായിരിക്കും അദ്ദേഹത്തിന്റെ മത്സരമെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest