Connect with us

Techno

ഗൂഗിളിന്റെ 'ഇൻബോക്‌സ്' അപ്രത്യക്ഷമാകുന്നു

Published

|

Last Updated

ഗൂഗിളിന്റെ ഇമെയിൽ ആപ്ലിക്കേഷനായ ഇൻബോക്‌സും പ്രവർത്തനം അവസാനിപ്പിക്കുന്നു. ഏപ്രിൽ രണ്ടിന് പ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് ഗൂഗിൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. ഇൻബോക്‌സ് ഉപയോഗിക്കുന്നവർക്ക് ജിമെയിലിലേക്ക് മാറാമെന്നും ഗൂഗിളിന്റെ ബ്ലോഗ് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
2014ലാണ് ഇൻബോക്‌സ് ആരംഭിക്കുന്നത്. ജിമെയിലിനൊപ്പം ഉപയോഗിക്കാവുന്ന മൊബൈൽ ഫ്രണ്ട്‌ലിയായ കൂടുതൽ ഫീച്ചേഴ്‌സുള്ള ആപ്ലിക്കേഷൻ എന്ന നിലയിലായിരുന്നു ഇൻബോക്‌സിനെ അവതരിപ്പിച്ചത്. ലക്ഷ്യമിട്ട നിലയിലേക്ക് ആപ്പ് വളരാതിരുന്നതാണ് പ്രവർത്തനം അവസാനിപ്പിക്കാൻ ഗൂഗിളിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ജിമെയിലിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായും കൂടിയാണ് ഇൻബോക്‌സിനോട് ഗുഡ്‌ബൈ പറയുന്നതെന്നാണ് ഗൂഗിളിന്റെ അവകാശവാദം.

ജിമെയിലിന്റെ ഡെസ്‌ക്‌ടോപ് പതിപ്പിൽ കൂടുതൽ ഫീച്ചറുകൾ ഇൻബോക്‌സിൽ ഗൂഗിൾ അവതരിപ്പിച്ചിരുന്നു. എന്നിട്ടും ഉപഭോക്താക്കൾ ഏറ്റെടുത്തിരുന്നില്ല. 2018ന്റെ തുടക്കത്തിൽ ഗൂഗിൾ അവതരിപ്പിച്ച വേഗത്തിൽ ഇമെയിൽ സന്ദേശങ്ങൾ തയ്യാറാക്കാൻ സഹായിക്കുന്ന സ്മാർട് കംപോസ് ഫീച്ചർ ഇൻബോക്‌സിലാണ് ആദ്യം അവതരിപ്പിച്ചിരുന്നത്. ജിമെയിൽ മൊബൈൽ, ഡെസ്‌ക്ടോപ് പതിപ്പുകളിൽ കൊണ്ടുവന്ന പല ഫീച്ചറുകളും അന്നുതന്നെ ഇൻബോക്‌സിലും നൽകിയിരുന്നു. ഇൻബോക്‌സ് നിർത്താൻ പോകുന്നുവെന്ന സൂചന നേരത്തെ തന്നെ ഗൂഗിൾ നൽകിയതാണ്. നിലവിൽ ഇൻബോക്‌സ് ഉപയോഗിക്കുന്നവർ ജിമെയിലിലേക്കോ ഗൂഗിൾ ടാസ്‌ക്, ഗൂഗിൾ കീപ്പ് ആപ്പ് എന്നിവയിലേക്കോ മാറണം. ഇവ ആൻഡ്രോയ്ഡിലും ഐ ഒ എസിലും ലഭിക്കുമെന്നും ഗൂഗിളിന്റെ ബ്ലോഗ് കുറിപ്പിൽ വ്യക്തമാക്കുന്നു.

2020 ഓടെ ഹാംഗ്ഔട്ടിന്റെ പ്രവർത്തനവും ഈ വർഷം തന്നെ ഗൂഗിൾ പ്ലസും അടച്ചുപൂട്ടുമെന്ന് ഗൂഗിൾ നേരത്തെ അറിയിച്ചിരുന്നു. 2013ൽ ജിചാറ്റിന് പകരക്കാരനായാണ് ഹാംഗ്ഔട്ടിനെ പരിചയപ്പെടുത്തുന്നത്. സന്ദേശമയക്കൽ, വീഡിയോ ചാറ്റ്, എസ് എം എസ്, വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ (വി ഒ ഐ പി) സവിശേഷതകൾ ഉൾപ്പെടെയാണ് കമ്പനി ഹാംഗ്ഔട്ടിനെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നത്. എന്നാൽ അടുത്ത കാലത്തായി ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെന്നാണ് കമ്പനി പറയുന്നത്.

വ്യാജനെ പിടികൂടാം; പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്‌