Connect with us

Ongoing News

സത്തൂഫിന്റെ ബാബ

Published

|

Last Updated

പള്ളിവരാന്തയിൽ ഗത്ര* നിലത്തുവിരിച്ച് എന്റെ നേരെ കൈ നീട്ടിയപ്പോഴാണ് ആദ്യമായി അവനെ കാണുന്നത്. വെളുത്തുമെലിഞ്ഞ പത്ത് വയസ്സുകാരൻ. പൊടിപറ്റിയ നീളമുള്ള മുടി നെറ്റിയിലേക്ക് വീണുകിടക്കുകയും വശങ്ങളിൽ കാതുകളെ മറക്കുകയും ചെയ്യുന്നു. ദിവസങ്ങളായിക്കാണും അവനും കൂടെയുള്ള മാമയും വസ്ത്രങ്ങൾ മാറിയുടുത്തിട്ട്. അവന്റെ ആർദ്രമായ കണ്ണുകൾ പള്ളിയിൽ നിന്നിറങ്ങുന്ന ഓരോരുത്തരെയും വിടാതെ പിന്തുടർന്നു. ആളുകളുടെ മുന്നിൽ കൈ നീട്ടേണ്ടി വന്നതിനാലാവാം ആ സ്ത്രീ തല താഴ്ത്തിയിരിക്കുന്നു. അതിനാൽ തന്നെ ആ കണ്ണുകൾ പറയുന്ന ജീവിതത്തിന്റെ കഥ വായിച്ചെടുക്കാൻ സാധിച്ചില്ല. അവനും ഒന്നും മിണ്ടുന്നില്ല. കൈയിൽ അനങ്ങിക്കൊണ്ടിരുന്ന ഗത്ര മാത്രമാണ് അവർക്ക് വേണ്ടി സംസാരിക്കുന്നത്.
ആളുകളൊഴിഞ്ഞപ്പോഴാണ് അരികിലേക്ക് പോയത്. ഗത്രയിൽ വീണുകിട്ടിയ തുച്ഛമായ നോട്ടുകൾ മുഷിഞ്ഞ കൈകൾ കൊണ്ട് എണ്ണിനോക്കി അവൻ ഖമീസിന്റെ കീശയിലേക്ക് തിരുകി.

“കഴിക്കാൻ എന്തെങ്കിലും കൊണ്ടുവരട്ടെ?”
പൈസയൊന്നുമില്ലാത്തതിനാൽ അങ്ങനെ ചോദിക്കാനാണ് തോന്നിയത്. ചോദ്യം കേട്ട് ആ സ്ത്രീ തലയുയർത്തി നോക്കി. അവന്റെ മുഖത്ത് നിർവികാരത മാത്രം.
അടുത്തുള്ള പരിചയക്കാരന്റെ ഹോട്ടലിൽ നിന്ന് കബ്‌സ വാങ്ങി തിരിച്ചെത്തുമ്പോഴേക്കും അവർ അവിടം വിട്ടിരുന്നു.
നാളുകൾക്ക് ശേഷമാണ് അവനെയും മാമയെയും കാണുന്നത്. രണ്ട് പേരും ഹോട്ടലിന് മുന്നിൽ ഗത്ര നീട്ടിയിരിക്കുകയാണ്. കൈയിലുണ്ടായിരുന്ന ഭക്ഷണപ്പൊതി നൽകണമെന്ന് തോന്നി. പശിയടക്കാൻ മാത്രമായിരിക്കില്ല കൈ നീട്ടുന്നത്. അന്ന് ഭക്ഷണത്തിന് കാക്കാതെ പോയതിന്റെ കാരണങ്ങൾ തേടിയിറങ്ങിയപ്പോൾ എനിക്ക് കിട്ടിയ ഉത്തരമതാണ്. ഉണ്ടായിരുന്ന ചില്ലറ അവന് നൽകി.

ചിരിക്കുന്ന മുഖത്തെ കണ്ണുകൾ നിറഞ്ഞൊഴുകുമെന്ന് തോന്നി. അലസമായ നീളമുള്ള അവന്റെ തലമുടിയിലൂടെ വിരലുകൾ കോർത്ത് ചീകിത്തലോടണമെന്ന് ഞാനാഗ്രഹിച്ചു. നടന്നകലുമ്പോൾ ഇടക്കൊന്നവനെ തിരിഞ്ഞുനോക്കി. അവന്റെ മിഴികൾ എന്നിൽ തറഞ്ഞിരിക്കുകയായിരുന്നു.
രണ്ട് തവണ മാത്രമെ കണ്ടുവെങ്കിലും അവനെന്റെ ആരൊക്കെയോ ആണെന്ന തോന്നൽ വളർന്നിരിക്കുന്നു. ശബ്ദങ്ങളില്ലാതെ അവനും ഞാനും മനസ്സ് തുറക്കുന്നു. സ്വപ്‌നങ്ങളുണ്ടെന്ന് അവൻ പറയുന്നു. ജ്യേഷ്ഠനോ പിതാവോ ഉണ്ടായിരുന്നെങ്കിലെന്ന് അവൻ ആഗ്രഹിക്കുന്നു. വയറ് മാത്രമല്ല, ഹൃദയവും ഒന്നിച്ച് നുറുങ്ങിയത് കൊണ്ടാണ് കൈ നീട്ടുന്നതെന്നും വിലപിക്കുന്നു.

പിന്നീട് കുറെനാളുകൾ അവനെ കണ്ടതേയില്ല. പള്ളിയുടെ വരാന്തയിലും ഹോട്ടലിന്റെ തിണ്ണയിലും തെരുവിന്റെ തണലുകളിലുമൊക്കെ തിരയാറുണ്ടായിരുന്നു. പലപ്പോഴും അവനെ കുറിച്ചുള്ള ചിന്തകൾ മനസ്സിലേക്ക് നൊമ്പരമായി നിറഞ്ഞുവരും. ഇനി കണ്ടാൽ കൂടെ വിളിക്കാമെന്ന് കൊതിക്കും. ആ നിമിഷം തന്നെ ആ ആഗ്രഹം എന്തൊക്കെയോ ചിന്തകൾ തല്ലിക്കെടുത്തും. അവനൊരാളല്ല. കൂടെ മാമയുമുണ്ട്, ഇനിയും വേറെ ആരെങ്കിലും.
പണി തീർന്നുകൊണ്ടിരിക്കുന്ന രണ്ട് കെട്ടിടങ്ങളുടെ ഇടനാഴിയിലാണ് ഒരുനാൾ അവനെ കാണുന്നത്. അന്നവൻ മാത്രമേയുള്ളൂ. തണുപ്പിന്റെ ആലസ്യത്തിലുറങ്ങുന്ന തെരുവിൽ പലകയുടെ ഇരിപ്പിടത്തിന് മുകളിൽ വിറച്ച് ചുരുണ്ടുകിടക്കുന്നു.

അവനരികിൽ ചെന്ന് തലയിൽ തലോടി. ഉറങ്ങിയിട്ടില്ല. ഈ തണുപ്പിൽ ഒരു തുണിക്കഷ്ണം പോലും പുതക്കാനില്ലാതെ ഉറങ്ങുന്നതെങ്ങനെയാണ്. അവനെ പിടിച്ചെഴുന്നേൽപ്പിച്ചിരുത്തി. ജാക്കറ്റ് അഴിച്ച് നൽകി.
“പേരെന്താണ്?”
“മുസ്തഫ”
“തൊട്ടപ്പുറം ബൂഫിയയുണ്ട്. ഞാൻ പോയി ചായ വാങ്ങിവരാം, പോയ്ക്കളയരുത്”.
തിരിച്ചൊന്നും പറയാതെ അവനെണീറ്റ് എന്റെ കൈ പിടിച്ച് നടക്കാൻ തുടങ്ങി. നടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഒരു ചോദ്യം മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു.
ആ സ്ത്രീ. അവരെവിടെയാണ്? ഇവൻ ഒറ്റക്കായോ?
അരുതാത്തതാണെന്ന് കരുതി ചോദിച്ചില്ല. ഞങ്ങൾ തെരുവിലൂടെ നടന്നു. സാമ്രാ പാർക്കിനകത്തേക്ക്. ഈന്തപ്പഴമരത്തിന്റെ ചുവട്ടിലിരുന്ന് അവൻ അവന്റെ ലോകത്തേക്കും ഞാനെന്റെ ചിന്തയിലേക്കും നൂഴ്ന്നു. അവനെ കുറിച്ചായിരുന്നു എന്റെ ചിന്തകൾ.
“മുസ്തഫ… എന്താണാലോചിക്കുന്നത്”
ഏറെ നേരത്തെ മൗനത്തിന്റെ മുറുക്കം അയക്കുവാൻ വെറുതെ ചോദിച്ചു.
“മാമ…”
അവൻ അത്ര മാത്രമെ പറഞ്ഞുള്ളൂ. കണ്ണുകൾ നിറഞ്ഞു, തേങ്ങാൻ തുടങ്ങി.
“പോയി..” അവൻ എങ്ങനെയോ രണ്ടാമത്തെ വാക്കും ചേർത്തുവെച്ചു. മാതാവെന്ന വാക്കിന് കൂടെ പോയി എന്നത് ചേർത്ത് വെച്ചപ്പോൾ നെഞ്ചിന് മുകളിൽ പാറക്കല്ലെടുത്ത് വെച്ചപോലെ തോന്നിക്കാണും.
അവന്റെ കരച്ചിലടങ്ങുവോളം ചേർത്തുപിടിച്ചു.
“ഇന്നലെ അവിടെയാണോ ഉറങ്ങിയത്?”
“കുറച്ച് ദിവസങ്ങളായി ഹോട്ടലിന്റെ പിറക് വശത്തായിരുന്നു. കലവറയുടെ ചൂടും തിന്നാൻ ബാക്കിയാവുന്ന ഭക്ഷണവും കിട്ടിയിരുന്നു”.
“പിന്നെ ഈ തണുപ്പത്ത് മരപ്പലകയുടെ മുകളിൽ?”
“ഇന്നലെ അവിടെ തീപ്പിടിച്ചു, ഹോട്ടലവിടെയില്ല”
ഇനി എന്ത് ചോദിക്കണം എന്നറിയില്ല. കൂടെ കൂട്ടണം. ഇവിടത്തെ നിയമങ്ങൾ അതിനനുവദിക്കുമോ എന്നറിയില്ല. അറബിച്ചെക്കനെവിദേശിയുടെ കൂടെ വിടാൻ സമ്മതിക്കുമോ. തല ചായ്ക്കാനൊരിടമില്ലാത്ത ഇവൻ ഇനി എവിടേക്ക്? ഇവനൊരിടം കിട്ടാതെ ഇന്ന് സൂര്യൻ അസ്തമിക്കരുതെന്നും ഇരുട്ട് പരക്കരുതെന്നും രാത്രിയാവരുതെന്നും ഞാൻ പ്രാർഥിച്ചു.
പകൽ മുഴുവൻ പാർക്കിലും തെരുവിലും നടന്നു. ടാക്‌സിയിൽ സിറ്റി മുഴുവൻ ചുറ്റി സഞ്ചരിച്ചു. അവനിഷ്ടമുള്ള ഭക്ഷണങ്ങൾ കഴിച്ചു, അവനാവശ്യമുള്ള പുതപ്പും വസ്ത്രങ്ങളും ചൂടുകുപ്പായങ്ങളും വാങ്ങി… ആ നേരമൊന്നും ഒരു നിശ്ചയവുമില്ലായിരുന്നു ഇവനെ എവിടെ ഉറക്കുമെന്ന്. പലകയുടെ മുകളിൽ ചുരുണ്ട് വിറച്ച് കിടന്നിരുന്ന ചെറുക്കനല്ല അവനിപ്പോൾ. അവന്റെ സ്വപനങ്ങളിൽ സുരക്ഷിതത്വത്തിന്റെ തണലുണ്ടെന്ന തോന്നലുണ്ട്. ഞാനവനെ കൂടെക്കൊണ്ടുപോവും എന്നവൻ വിശ്വസിക്കുന്നുണ്ട്..

ഒരു പകൽ കൊണ്ട് അവന് കിട്ടിയതെല്ലാം ഇരുട്ടുന്നതോടെ അവസാനിക്കുമോ?
നിരാശയുടെ പുതുവസ്ത്രങ്ങളും പുതപ്പുകളുമാണോ ഞാനവന് സമ്മാനിക്കുന്നത്. എന്റെ കൂടെ വിടാൻ അധികാരികൾ സമ്മതിക്കുമെങ്കിൽ വിശാലമായ ലോകം ഞാനവന് തുറന്നുനൽകും.
മനസ്സിലേക്ക് ഒരു മാർഗം മാത്രമെ തെളിയുന്നുള്ളൂ, അനാഥ മന്ദിരം. ഇരുട്ടുന്നതിന് മുമ്പ് അവിടെയെത്തണം.
ഇത്ര നേരം കൂടെയുണ്ടായിട്ടും ഞങ്ങൾ അധികമൊന്നും സംസാരിച്ചിരുന്നില്ല.
“മുസ്തഫ….”
“ഉം ഉം”
“ഇന്ന് റസഫിലെ ദാറുൽ അയ്താമിലേക്ക്** പോയാലോ?”
അവനെന്നെ ദയനീയമായി ഒന്നുനോക്കി. ആകാശം മുട്ടെ ഉയർന്നു നിന്നിരുന്ന ആശയുടെ ഗോപുരങ്ങൾ തകർന്നുവീഴുകയാണ്.. നിങ്ങളെന്നെ കൂടെക്കൊണ്ടു പോകില്ലേ? ലോകത്ത് ആരുമില്ലാത്ത ഒരാൾക്ക് ഒരാളുണ്ടെന്നറിയുന്നത് എത്ര വലുതാണ്!?
ആ കണ്ണുകൾ അങ്ങനെ പറയുന്നതായാണ് ഞാൻ കേട്ടത്.
“ദിവസവും മുസ്തഫയെ കാണാൻ ഞാൻ വരാം”
അവൻ തലയാട്ടി സമ്മതിച്ചു.

യാതൊരു രേഖകളും ഇല്ലാത്ത കുട്ടിയെ ദാറുൽ അയ്തമിൽ സ്വീകരിക്കുമോ എന്ന ഭയം എന്നെ അലട്ടുന്നുണ്ട്. ഇന്നൊരു ദിവസം മാത്രം. ഹുകൂമതിൽ നിന്ന് കടലാസുകൾ ശരിയാവുമെങ്കിൽ അവനെന്റെ കൂടെ തന്നെയുണ്ടാവും…
താത്കാലികമായി മാത്രമാണ് കുട്ടിയെ അവിടെ സ്വീകരിച്ചത്. രക്ഷിതാവിന്റെ തിരിച്ചറിയൽ സ്ഥാനത്ത് എന്റെ ഇഖാമയാണ് നൽകിയത്. ഒരു വിദേശി ആയതുകൊണ്ട് സ്ഥിരമായി നിർത്താൻ ഹുകൂമതിൽ നിന്ന് കുട്ടിയുടെ രക്ഷിതാവായി അംഗീകരിച്ച സാക്ഷ്യപത്രം ആവശ്യമാണ്.

അവിടെ നിന്നിറങ്ങുമ്പോൾ അവൻ ഓടി വന്നെന്റെ അരയിൽ കെട്ടിപ്പിടിച്ചു.
“വരില്ലേ?”
ഒരു പകൽ കൊണ്ട് ആരുമല്ലാത്തയൊരാൾ എല്ലാമാവുന്ന ചോദ്യം. എന്റെ ഹൃദയതാളം അവന് കേൾക്കാമായിരിക്കും.
“എല്ലാ ദിവസവും വരും, മുസ്തഫ നല്ല കുട്ടിയായി നിക്കണം”
“മുസ്തഫ അല്ല”
“പിന്നെ?”
“സത്തൂഫ്.., മാമ എന്നെ അങ്ങനെയാ വിളിക്കാറ്..”
“സത്തൂഫിനെ കൊണ്ടുപോകാൻ ബാബ വരാം!”

*അറബികളുടെ ശിരോവസ്ത്രം
**അനാഥമന്ദിരം

സാബിത്ത് പള്ളിപ്രം
.mohd.sabith@gmail.com