Connect with us

Health

ചൂടുകാലത്തെ ചെവിസംരക്ഷണം

Published

|

Last Updated

ശ്രവണ സഹായി ഉപയോഗിക്കുന്നവർ പുറംജോലിയെടുക്കുമ്പോൾ ധാരാളമായി വിയർത്തൊലിക്കുന്നതിനാൽ ഉപകരണത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. ശ്രവണസഹായി വിയർപ്പിന്റെ നനവ് പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. നനവും വെള്ളവും ശ്രവണസഹായിയുടെ ശത്രുവാണ്. ശ്രവണസഹായിയിലെ മൈക്രാഫോണിനും റിസീവറിനും നനവുകൊണ്ട് കാര്യമായ കേടുപാടുകൾ ഉണ്ടാകും. ശ്രവണസഹായിയുടെ ഇയർ മൗൾഡിന്റെ ട്യൂബിൽ വെള്ളം കെട്ടിനിന്നാൽ ഉപകരണത്തെ സാരമായി ബാധിക്കും.

പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. ധാരാളമായി വിയർക്കുന്ന സാഹചര്യത്തിൽ ശ്രവണസഹായി ഉപയോഗിക്കാതിരിക്കുക.

2. മഴയുള്ളപ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

3. ശ്രവണ സഹായി നനയാൽ ഇടയായാൽ ഉപകരണത്തിൽ നിന്നും ബാറ്ററി മാറ്റി, ഡ്രൈ എയ്ഡ് കിറ്റിൽ വെച്ച് ജലാംശം പൂർണമായും മാറ്റുക.

4. ഒരു കാരണവശാലും നനഞ്ഞ ശ്രവണ സഹായി എയർ ഡ്രയർ, തുണി ഡ്രയർ, മൈക്രോവേവ് തുടങ്ങിയവ ഉപയോഗിച്ച് ഉണക്കാൻ ശ്രമിക്കരുത്; കേടാകും.
കൂടിയ ചൂടിൽ ഉപയോഗിക്കുമ്പോൾ ശ്രവണ സഹായിയുടെ ബാറ്ററിയുടെ ആയുസ്സും സാരമായി കുറയും. അമിത ചൂടിലും തണുപ്പിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനശേഷി കുറയുന്നത് സ്വാഭാവിക പ്രതിഭാസമാണ്. ശ്രവണ സഹായിയുടെ പ്രവർത്തനം നിന്നുപോയെന്ന് തോന്നുകയാണെങ്കിൽ, ബാറ്ററി ഡോർ തുറന്ന് ആദ്യം പുതിയ ബാറ്ററി ഇട്ടുനോക്കണം. എന്നിട്ടും പ്രവർത്തിക്കുന്നില്ലെങ്കിൽ, ഉപകരണം വാങ്ങിയ ഓഡിയോളജി സെന്ററിലെ ഓഡിയോളജിസ്റ്റിനെ സമീപിക്കണം. ശ്രവണസഹായി ഓഡിയോളജിസ്റ്റ് പരിശോധിച്ച് കമ്പനിക്ക് അയക്കണോ വേണ്ടയോയെന്ന് പറയും. കമ്പനിയിലേക്ക് അയക്കണമെന്ന് പറയുകയാണെങ്കിൽ പകരം ഉപകരണം ഓഡിയോളജി സെന്ററിൽ നിന്ന് കിട്ടുമോയെന്ന് അന്വേഷിക്കണം. പല നല്ല ഹിയറിംഗ് സെന്ററിലും നിലവിലുള്ള ഇടപാടുകാർക്ക് ശ്രവണ സഹായിക്ക് പ്രശ്‌നം വരുമ്പോൾ പകരം നൽകുക പതിവാണ്.

ചെവിക്ക് ചർമ രോഗമുള്ളവർ ചൂടുകാലത്ത് വെയിൽ കൊള്ളുമ്പോൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ത്വക് രോഗത്തെ വിയർപ്പ് സാരമായി ബാധിക്കും. ചെവിയുടെ ദ്വാരത്തിലും ചെവിയിലും ത്വക് രോഗമുള്ളവർ ധാരാളം വിയർക്കുന്ന കാലാവസ്ഥയിൽ ജോലി ചെയ്യുമ്പോൾ ത്വക് രോഗം കലശലാകുകയും ചൊറിച്ചിലും പഴുപ്പും വർധിക്കുകയും ചെയ്യാറുണ്ട്. ധാരാളം വിയർക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വൃത്തിയുള്ള നേർത്ത കോട്ടൺ തുണികൊണ്ട് ആ ഭാഗത്തുനിന്ന് വിയർപ്പ് ഒപ്പിയെടുക്കണം. പലതരം ഫംഗസ് ആണ് ഈ ചൊറിച്ചിലുണ്ടാക്കുന്നത്. അവയെ മരുന്നുകൊണ്ടുതന്നെ ചികിത്സിക്കണം. ഈ സാഹചര്യത്തിൽ ഇ എൻ ടി സ്‌പെഷ്യലിസ്റ്റിന്റെ സഹായം ആവശ്യമാണ്.
(സീനിയർ ഓഡിയോളജിസ്റ്റ്,
ഡാർവിൻ ഹോസ്പിറ്റൽ ആസ്‌ത്രേലിയ)

സലിമോൻ ജോസഫ്
indoaustralianhearingcentre@gmail.com

indoaustralianhearingcentre @gmail.com