Connect with us

Ongoing News

മലയാളത്തിലെ സൂഫി രചനകൾ

Published

|

Last Updated

വൈക്കം മുഹമ്മദ് ബഷീർ, പി കുഞ്ഞിരാമൻ നായർ

കേരളത്തിലും സൂഫി സാഹിത്യങ്ങൾ നിർലോഭമാണ്. ഇതര ദേശങ്ങളിൽ നിന്ന് വ്യതിരിക്തമായി സൂഫി സാഹിത്യത്തിന് വ്യത്യസ്ത ഭാഷയും ശൈലിയും കേരളത്തിൽ കാണാവുന്നതാണ്. മാലപ്പാട്ടുകൾ (മുഹിയുദ്ദീൻ മാല, നഫീസത്ത് മാല, രിഫാഇ മാല, സഫലമാല, മമ്പുറം മാല തുടങ്ങിയവ), നൂൽ മദ്ഹ്, കപ്പപ്പാട്ട് വിരുത്തങ്ങൾ എന്നിങ്ങനെ നീളുന്ന വലിയ സാഹിത്യശാഖയാണ് മലയാള സൂഫി രംഗം. സൂഫി കവികളുടെ പ്രത്യേകത, പൂർവസൂരികളായ സൂഫി ശ്രേഷ്ഠന്മാരെ അവർ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു എന്നതാണ്. അതിനുള്ള ഉദാഹരണം മുഹിയുദ്ദീൻ മാലയിൽ വ്യക്തമാണ്: “ഹല്ലാജെ കൊല്ലുംന്നാൾ അന്ന് ഞാൻ ഉണ്ടെങ്കിൽ അപ്പൾ അവർ കൈ പിടിപ്പൈ ഞാൻ എന്നോവർ”
ക്രിസ്തു വർഷം 922ൽ വധിക്കപ്പെട്ട പ്രശസ്ത സൂഫി പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു മൻസൂർ ഹല്ലാജ്. സൂഫി ചര്യ അനുസരിച്ച് ഫന എന്ന അവസ്ഥയിൽ സ്വന്തത്തെ മറന്നും അധ്യാത്മിക ചിന്തയിലും ഉൽക്കടമായ ദിവ്യ പ്രേമത്തിൽ മുഴുകിയും അദ്ദേഹം നടത്തിയ “അനൽ ഹഖ്” പ്രഖ്യാപനമാണ് വധശിക്ഷക്ക് ഹേതുവായത്. എന്നാൽ ദിവ്യാത്മാവിനോടുള്ള അദ്ദേഹത്തിന്റെ പ്രണയം മനസ്സിലാക്കിയ മുഹിയുദ്ദീൻ ശൈഖ് (റ), ഹല്ലാജിനെ അംഗീകരിക്കുന്നതായും ബഹുമാനിക്കുന്നതായും മുഹിയുദീൻ മാലയുടെ രചയിതാവ് ഖാളി മുഹമ്മദ് (റ) വ്യക്തമാക്കുന്നു.

പ്രധാനപ്പെട്ട മറ്റൊരു സൂഫി രചനയാണ് ഇച്ച മസ്താന്റെ വിരുത്തുകൾ. വടക്കൻ കേരളത്തിൽ ജീവിച്ച സൂഫിവര്യനായിരുന്നു അബ്ദുൽ ഖാദർ ഇച്ച എന്ന ഇച്ച മസ്താൻ. നടവഴിയിലും ചുമരുകളിലും എഴുതി വച്ച അർഥഗർഭമായ കവിതകളാണ് ഇച്ച മസ്താന്റെ വിരുത്തുകൾ എന്നപേരിൽ പിൽക്കാലത്ത് പ്രസിദ്ധമായത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിലാണ് ഇച്ച മസ്താന്റെ വിരുത്തുകൾ ജനശ്രദ്ധയാകർഷിച്ചത്. സമീർ ബിൻസി, ഇമാം മജ്ബൂർ തുടങ്ങിയ ഗായകർ ആണ് ഇച്ച മസ്താന്റെ വിരുത്തുകൾ പൊതുസമൂഹത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് എന്ന് പറയാം. ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലും മുസ്‌ലിം കലാ സാംസ്‌കാരിക വേദികളിലും ഇച്ച മസ്താന്റെ വിരുത്തുകൾ വ്യാപകമാണ്.

മലയാളസാഹിത്യത്തിൽ സൂഫികളുടെ സ്വാധീനം ഇതര ഭാഷകളെ അപേക്ഷിച്ച് കുറവായിരുന്നു എന്നുതന്നെ പറയാം. കാരണം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്ക കാലങ്ങളിൽ പോലും കേരള സാഹിത്യത്തിന്റെ ചരടുകൾ നിയന്ത്രിച്ചിരുന്നത് ബ്രാഹ്മണ അധീശ വിഭാഗമായിരുന്നു. എന്നാൽ അതിൽനിന്നും ഭിന്നമായി സഞ്ചരിച്ച മുസ്‌ലിം സാഹിത്യ ശാഖകളിലും ചുരുക്കം ചില സാഹിത്യകാരന്മാരിലും സൂഫിസം നിറഞ്ഞുനിൽക്കുന്നത് കാണാം. ദഫ്മുട്ട്, വട്ടപ്പാട്ട്, അറബന തുടങ്ങിയ മാപ്പിള കലകളിലും ലക്ഷദ്വീപിലെ ഔദ്യോഗിക കലാരൂപമായ പരിചകളിയിലും സൂഫി സാഹിത്യത്തിന്റെ സ്വാധീനം വ്യക്തമാണ്.

വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെ സൂഫി സ്വാധീനം എന്നതിലുപരിയായി മറ്റൊരു തലത്തിലൂടെ വീക്ഷിക്കേണ്ടത് അനിവാര്യമാണ്. വായിച്ചറിഞ്ഞ സൂഫി കൃതികളോടുള്ള നൈമിഷികമായ ഒരു ആദരവോ ഇഷ്ടമോ ഒക്കെയാണ് എഴുത്തിന്റെ ഭാഷയിലും ഘടനയിലും സൂഫി സ്വാധീനം ഉണ്ടാക്കുന്നത്. എന്നാൽ ബഷീറിയൻ രചനകൾ ഇതിൽനിന്നും വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിന്റെ സൂഫി ജീവിതവും ഹൃദയത്തിൽ അന്തർലീനമായ അധ്യാത്മിക വികാരവുമാണ് എഴുത്തുകളിൽ സൂഫിസം പ്രതിഫലിക്കാൻ ഇടയാക്കിയത്. അദ്ദേഹത്തിന്റെ ഭാഷാശൈലിയും ആശയ ഘടനയും എല്ലാം തന്നെ സൂഫിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. സവർണ വരേണ്യ ഭാഷകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന മലയാളസാഹിത്യം ബഷീറിന് ശേഷം സാഹിത്യത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി. വരണ്ടുണങ്ങിയ കേരളീയ സാഹിത്യ പ്രസ്ഥാനത്തിൽ ഇന്നു കാണുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങൾ കൊണ്ടുവന്നത് ബഷീറിന്റെ സൂഫി സ്വാധീന രചനകളായിരുന്നു.

മലയാള സാഹിത്യത്തിലെ മറ്റു പല കൃതികളിലും സൂഫി സ്വാധീനം വ്യക്തമാണ്. ജി ശങ്കരക്കുറുപ്പിന്റെ മുത്തും ചിപ്പിയും, ഓടക്കുഴൽ തുടങ്ങിയ കൃതികളിൽ പേർഷ്യൻ സ്വാധീനം വ്യക്തമാണ്. പി കുഞ്ഞിരാമൻ നായരുടെ കൃതികളിൽ റൂമിയുടെയും മറ്റു ഉത്തരേന്ത്യൻ സൂഫികളുടെയും ആശയങ്ങളും ഭാഷാശൈലിയും കാണാവുന്നതാണ്. അതുകൊണ്ടുതന്നെയാണ് വൈക്കം മുഹമ്മദ് ബഷീർ അദ്ദേഹത്തെ “സൂഫി നായർ” എന്ന് കളിയും കാര്യവും ധ്വനിപ്പിച്ച് വിളിച്ചത്.

സൂഫിസത്തിന്റെ ആധുനികവത്കരണമാണ് സൂഫി സാഹിത്യം നേരിടുന്ന വലിയ വെല്ലുവിളി. സൂഫിസത്തെ കുറിച്ച് വളരെയധികം പുസ്തകങ്ങൾ എഴുതിയ ഇദ്‌രീസ് ഷാ, സൂഫിസം ഒരു മതാതീത വ്യവഹാരമാണെന്ന് വിശ്വസിക്കുന്നയാളാണ്. ഇസ്‌ലാമും സൂഫിസവും തമ്മിലുള്ള ജനജന്യ ബന്ധത്തെ അദ്ദേഹം നിരാകരിക്കുന്നു.

എന്നുമാത്രമല്ല സൂഫി ആകണമെങ്കിൽ മുസ്‌ലിം ആകേണ്ടതില്ല എന്നതാണ് അദ്ദേഹത്തിന്റെ വാദം. ഓഷോ രജനീഷും ഇതേ വാദത്തിന്റെ വക്താവാണ്. ഇസ്‌ലാമിന്റെ അടിസ്ഥാനമായ ഖുർആനും സുന്നത്തും തന്നെയാണ് സൂഫിസത്തിന്റെയും അടിസ്ഥാനം. സൂഫിസം യഥാർഥ ഇസ്‌ലാമിൽ നിന്നുള്ള വ്യതിയാനമാണ്, സാംസ്‌കാരികമായ പിന്നാക്കാവസ്ഥയാണ് തുടങ്ങിയ വാദങ്ങൾക്കു മറുപടിയായി ലോകപ്രശസ്ത ഓറിയന്റലിസ്റ്റ് ചിന്തകൻ എച്ച് എ ആർ ഗിബ്ബ് ചൂണ്ടിക്കാണിക്കുന്നത്, അത്തരം മനോഭാവങ്ങൾ ഇസ്‌ലാമിക ലോകത്ത് നിന്നും മതപരമായ ആധികാരിക അനുഭവങ്ങളെ ഉച്ഛാടനം ചെയ്യുമെന്നാണ്. സൂഫിസം മതാതീതമാണെന്ന അഭിപ്രായക്കാരുടെ എണ്ണം കൂടുമ്പോൾ, മറുവശത്ത് സൂഫിസത്തിന്റെ അടിസ്ഥാനം ഇസ്‌ലാമാണെന്ന ആശയത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നുണ്ട്. ചരിത്രത്തിന്റെ പിൻബലം ഈ വാദത്തിനുണ്ട് എന്നതാണ് കാരണം. വിഖ്യാതരായ സൂഫി കവികളും പണ്ഡിതന്മാരും എല്ലാം ഇസ്‌ലാമിക പാരമ്പര്യത്തിൽ നിന്നുള്ളവരായിരുന്നു. ആൻ മേരി ഷിമ്മൽ, വില്ല്യം സി ചിറ്റെക്ക തുടങ്ങിയ ചിന്തകന്മാർ സൂഫിസം ഇസ്‌ലാമിന്റെ സന്തതിയാണെന്ന് വിശ്വസിക്കുന്നവരാണ്.

ഇത്തരത്തിലുള്ള വികല ചിന്താരീതികൾ സൂഫി സാഹിത്യങ്ങളെ പലതിനെയും ദുർവ്യാഖ്യാനിക്കുകയും അനിസ്‌ലാമികവും അധാർമികവുമായ സാഹിത്യ രംഗങ്ങളിലേക്ക് പറിച്ചു നടുകയും ചെയ്തു. പല ഉറുദു സൂഫി രചനകളും സിനിമകളിലും മറ്റു അനിസ്‌ലാമിക ചുറ്റുപാടുകളിലും നിർലോഭം കാണാൻ കഴിയും. അധ്യാത്മിക ചൈതന്യം തുളുമ്പുന്ന സൂഫികളുടെ മനോഹരമായ ആശയങ്ങളെയും അക്ഷരങ്ങളെയും വളച്ചൊടിക്കുകയും തങ്ങൾക്കാവശ്യമായ രീതിയിലേക്ക് മാറ്റുകയും ചെയ്യുമ്പോൾ ഇത് ഒരു രചയിതാവിനോടും അനുവാചകരോടും കാണിക്കുന്ന വഞ്ചനയാണ് എന്ന് നിസ്സംശയം പറയാം.
അവസാനിച്ചു.

ഇർശാദ് മരക്കാർ
.irshadmarakkar2@gmail.com