Connect with us

Religion

സംഭവബഹുലം ഈ രാപ്രയാണം

Published

|

Last Updated

ശാമിലെ ഖൈസർ ചക്രവർത്തി ഹിർഖലിന് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കാൻ ദഹ്‌യത് ബ്‌നു ഖലീഫ (റ) നിയോഗിതനായി. ഇസ്‌ലാമിനെയും നബിതങ്ങളെയും സംബന്ധിച്ച് കേട്ടപ്പോൾ സത്യാവസ്ഥ അറിയാൻ മക്കയിൽ നിന്ന് കച്ചവടത്തിന് വന്ന അബൂസുഫ്‌യാനെ രാജാവ് വിളിച്ചുവരുത്തി. ഇസ്‌ലാമിനെയും നബിതങ്ങളെയും ഇകഴ്ത്തി സംസാരിച്ച അബൂസുഫ്‌യാൻ കൂട്ടത്തിൽ ഇങ്ങനെ പറഞ്ഞു: ഞങ്ങൾക്ക് വലിയ തമാശയായി തോന്നിയത്, മുഹമ്മദ് ഒറ്റ രാത്രി കൊണ്ട് ഞങ്ങളുടെ ഹറം ഭൂമിയിൽ നിന്ന് നിങ്ങളുടെ നാട്ടിലുള്ള മസ്ജിദിൽ വന്ന് പുലരും മുമ്പെ നാട്ടിൽ തിരിച്ചെത്തിയെന്ന വാർത്തയാണ്. ഇതുകേട്ടപ്പോൾ അവരുടെ കൂടെയുണ്ടായിരുന്ന പത്രയാക്കീസ് തനിക്കുണ്ടായ അനുഭവം വിവരിച്ചു. ഒരു ദിവസം രാത്രി പള്ളിയുടെ വാതിൽ എത്ര ശ്രമിച്ചിട്ടും അടക്കാൻ കഴിയുന്നില്ല.

ഞാൻ സഹായികളെയെല്ലാം വിളിച്ചു. എന്നിട്ടും അടക്കാൻ സാധിച്ചില്ല. പിറ്റേന്ന് ആശാരിയെ വിളിക്കാമെന്ന് തീരുമാനിച്ച് ഞങ്ങൾ കതകടക്കാതെ തിരിച്ചുപോയി. പിറ്റേന്ന് കതകടക്കാൻ ശ്രമിച്ചപ്പോൾ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. മാത്രമല്ല, പള്ളിയുടെ പുറത്ത് മൃഗത്തെ കെട്ടിയിട്ടതിന്റെ അടയാളങ്ങളും കണ്ടു. ഈ പള്ളിയിൽ നിന്ന് ഒരു പ്രവാചകൻ ആകാശാരോഹണം നടത്തുമെന്ന പൂർവഗ്രന്ഥങ്ങളിൽ കണ്ട ഒരു കാര്യം അപ്പോഴാണ് ഞാനോർത്തത്. ഈ സംഭവം എന്റെ കൂടെയുണ്ടായിരുന്നവരെയും ഞാൻ അറിയിച്ചു. (സീറത്തുൽ ഹലബി)
***
ഇസ്‌ലാമിക ചരിത്രത്തിൽ അതുല്യ സ്ഥാനമാണ് ഇസ്‌റാഅ്- മിഅ്‌റാജിനുള്ളത്. നബി തങ്ങൾക്ക് പ്രവാചകത്വം ലഭിച്ച് പതിനൊന്നാം വർഷം 52 ാം വയസ്സിൽ റജബ് 27നായിരുന്നു ഈ അത്ഭുത യാത്ര. രാത്രി കുറഞ്ഞ സമയത്തിനുള്ളിൽ മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് ഫലസ്തീനിലെ മസ്ജിദുൽ അഖ്‌സയിലേക്കുള്ള യാത്രയാണ് ഇസ്‌റാഅ്. അവിടെ നിന്ന് വാനലോകത്തേക്കുള്ള യാത്രയാണ് മിഅ്‌റാജ്.
നബി തങ്ങളുടെ ജീവിതത്തിൽ 30 തവണ ഇസ്‌റാഅ് നടന്നിട്ടുണ്ട്. 29 തവണയും ആത്മീയതലത്തിലായിരുന്നു. ഒരു തവണ മാത്രമേ ശാരീരിക യാത്രയുണ്ടായിട്ടുള്ളൂ. അംഗീകാരത്തിന്റെയും സ്വീകാര്യതയുടെയും വരവേൽപ്പ് കൂടിയായിരുന്നു ആ പ്രയാണം. അന്നുവരെയുള്ള ഒരു റസൂലിനും ലഭിക്കാത്ത അംഗീകാരം. പ്രവാചകന്റെ പിതൃവ്യനായ അബൂതാലിബിന്റെ മകൾ ഉമ്മുഹാനിഅ് (റ)യുടെ വീട്ടിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയും പ്രപഞ്ചത്തിലെ ദൃഷ്ടാന്തങ്ങൾ കാണിച്ചുകൊടുക്കലുമായിരുന്നു ലക്ഷ്യം. യാത്രാവാഹനം ബുറാഖ് ആയിരുന്നു. മിന്നൽ വേഗതയിൽ സഞ്ചരിക്കുന്ന മൃഗമാണത്. നീണ്ട മുതുകും ചെവിയും ഇരുതുടകളിലും ചിറകുകളുമുള്ള ഈ വാഹനത്തിന്റെ ഓരോ കാൽവെപ്പും കണ്ണെത്താദൂരത്തായിരുന്നു.

മസ്ജിദുൽ അഖ്‌സയിൽ മുഴുവൻ പ്രവാചകന്മാർക്കും ഇമാമായി നിസ്‌കരിച്ച ശേഷം ആകാശലോകത്തേക്ക് സഞ്ചരിക്കുകയായിരുന്നു. ആദം നബി, ഈസാ നബി, ഹാറൂൺ നബി, യഹ്‌യ നബി, മൂസാ നബി, ഇബ്‌റാഹിം നബി, യൂസുഫ് നബി, ഇദ്‌രീസ് നബി തുടങ്ങിയ പ്രവാചകന്മാർ വിവിധ ആകാശങ്ങളിൽ നബി തങ്ങളെ സ്വീകരിച്ചു. ശേഷം സ്വർഗവും നരകവും അർശും കുർസും സിദ്‌റതുൽ മുൻതഹയും ബൈതുൽ മഅ്മൂറും മറ്റനേകം അത്ഭുതങ്ങളും കണ്ട ശേഷം സ്രഷ്ടാവുമായി കൂടിക്കാഴ്ച നടത്തി. അഞ്ച് നേരത്തെ നിസ്‌കാരം സമ്മാനമായി ലഭിച്ച നബിതങ്ങൾ നേരം വെളുക്കുന്നതിന് മുമ്പെ നാട്ടിൽ തിരിച്ചെത്തി.

എന്തുകൊണ്ട് മസ്ജിദുൽ അഖ്‌സ?
മക്കയിൽ നിന്ന് നേരിട്ട് ആകാശാരോഹണം നടത്താതെ മസ്ജിദുൽ അഖ്‌സയിലേക്കും അവിടെ നിന്ന് ആകാശത്തേക്കും നബിതങ്ങളെ കൊണ്ടുപോയത് എന്തിന്? ഇതിന് പല കാരണങ്ങളുണ്ട്. നബി തങ്ങൾ അതിന് മുമ്പ് മസ്ജിദുൽ അഖ്‌സയിൽ പോകുകയോ അവിടം കാണുകയോ ചെയ്തിട്ടില്ല. എന്നാൽ, നാട്ടുകാരിൽ പലരും അവിടെ പോയി കണ്ടിട്ടുണ്ട്. അതുകൊണ്ട് മസ്ജിദുൽ അഖ്‌സയിലേക്കുള്ള യാത്രയും അവിടുത്തെ കാഴ്ചകളുടെ വിവരണവുമെല്ലാം അവർ വിശ്വസിച്ചാൽ ആകാശലോകത്തേക്കുള്ള യാത്ര വിശ്വസിക്കാൻ പ്രയാസമുണ്ടാകില്ല. അതേസമയം, മക്കയിൽ നിന്ന് നേരിട്ടായിരുന്നു യാത്രയെങ്കിൽ അവർ അത് വിശ്വസിച്ചുകൊള്ളണമെന്നില്ല.
മാത്രമല്ല, പരിശുദ്ധമായ രണ്ട് പള്ളികളിലൊന്നും ഖിബ്‌ലകളിൽ ഒന്നാമത്തേതുമാണ് മസ്ജിദുൽ അഖ്‌സ. മഹാന്മാരായ ധാരാളം അമ്പിയാക്കളുടെ പാദസ്പർശമേൽക്കുകയും അവർ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന അനുഗ്രഹീത ഭൂമിയാണിത്. “മക്ക, മദീന, ബൈതുൽ മുഖദ്ദസ് സ്വർഗ നഗരങ്ങളാണ്. സ്വർഗത്തിലേക്ക് നോക്കാനുദ്ദേശിക്കുന്നവർ ബൈത്തുൽ മുഖദ്ദസിലേക്ക് നോക്കട്ടെ” എന്ന നബി വചനം ഇതിന്റെ മഹത്വം വിളിച്ചോതുന്നു.

“അങ്ങനെ പറഞ്ഞോ, എനിക്ക് വിശ്വാസമാണ്”
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ നബി തങ്ങൾ പിറ്റേന്ന് തനിക്കുണ്ടായ അനുഭവം നാട്ടുകാർക്ക് മുമ്പാകെ അവതരിപ്പിച്ചു. കേട്ടവർ അത്ഭുതം കൂറി. ചിലർ പൊട്ടിച്ചിരിച്ച് പരിഹസിച്ചു. നിരവധി ചോദ്യങ്ങളുമായി ചിലർ നബിതങ്ങളെ വളഞ്ഞു. അവിടുന്ന് പറഞ്ഞു: എനിക്കപ്പോൾ ജിബ്‌രീൽ (അ) ബൈതുൽ മുഖദ്ദസിന്റെ രൂപം കാണിച്ചുതന്നു. അവർ ചോദിച്ച ഓരോന്നിനും വ്യക്തമായ മറുപടി കൊടുത്തു. എന്നിട്ടും പലരും വിശ്വസിച്ചില്ല. അവർ നബി തങ്ങളുടെ ഉറ്റകൂട്ടുകാരൻ അബൂബക്കറി(റ)നെ സമീപിച്ചു. അദ്ദേഹം അങ്ങനെ പറഞ്ഞോ? അബൂബക്കർ (റ) അവരോട് ചോദിച്ചു, എങ്കിൽ ഞാനത് വിശ്വസിക്കുന്നു. അവിടുന്ന് ഇതിനേക്കാൾ അത്ഭുതമായ കാര്യം പറഞ്ഞാലും ഞാൻ വിശ്വസിക്കും. കാരണം നബി തങ്ങൾക്ക് ആകാശത്തുനിന്ന് ദിവ്യസന്ദേശം ലഭിക്കുന്നുണ്ട്. അബൂബക്കറി (റ)ന്റെ മറുപടി കേട്ട് അവർ ഇളിഭ്യരായി. അന്നുമുതലാണ് അബൂബക്കറി (റ)ന് സിദ്ദീഖ് എന്ന സ്ഥാനപ്പേര് ലഭിച്ചത്.

നിശാപ്രയാണം ശാരീരികമായിരുന്നോ എന്ന ചർച്ച പണ്ഡിതന്മാർക്കിടയിലുണ്ടായിരുന്നു. ബഹുഭൂരിപക്ഷം പണ്ഡിതരും ശാരീരിക പ്രയാണമായിരുന്നു എന്ന അഭിപ്രായക്കാരാണ്. യാത്ര സംബന്ധിച്ച ഖുർആൻ പറയുന്നത് ഇങ്ങനെയാണ്: “തന്റെ ദാസനെ ഒരു രാത്രിയിൽ മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്‌സയിലേക്ക്, അതിന്റെ പരിസരം നാം അനുഗ്രഹീതമാക്കിയിരിക്കുന്നു, രാപ്രയാണം നടത്തിയവൻ എത്ര പരിശുദ്ധൻ! നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ചിലത് അദ്ദേഹത്തെ കാണിച്ചുകൊടുക്കാനാണത്രെ അത്” (ഇസ്‌റാഅ് 1). ഈ ഖുർആൻ വചനത്തിൽ “അബ്ദ്” (ദാസൻ) എന്ന പദം ശരീരത്തെയാണ് ഉദ്ദേശിക്കുന്നത്. ശരീരവും ആത്മാവും ഉൾക്കൊള്ളുന്നതിനാണ് അബ്ദ് എന്ന പദം പ്രയോഗിക്കുന്നത്. (ഇബ്‌നു കസീർ 2/263). പുറമെ, ഈ സംഭവം ഖുർആൻ പറയുന്നത്, ആശ്ചര്യത്തിന് അറബി ഭാഷയിൽ ഉപയോഗിക്കുന്ന “സുബ്ഹാന” എന്ന പ്രയോഗത്തോടെയാണ്. യാത്ര സ്വപ്‌നത്തിലോ ആത്മീയതലത്തിലോ ആയിരുന്നെങ്കിൽ ആശ്ചര്യമാകുമായിരുന്നില്ല.

പ്രവാചക ജീവിതത്തിലെ നെടുംതൂണും തണലുമായിരുന്ന പ്രിയ പത്‌നി ഖദീജ (റ)യുടെയും പിതൃവ്യൻ അബൂതാലിബിന്റെയും വിയോഗം തീർത്ത ദുഃഖത്തിൽ നിന്നുള്ള മോചനമായിരുന്നു ഈ യാത്ര. ഹബീബിനെ ആശ്വസിപ്പിക്കുകയും സമ്മാനം നൽകി യാത്രയാക്കുകയുമായിരുന്നു അല്ലാഹു. പ്രബോധനവീഥിയിൽ മുഴുവൻ മുർസലീങ്ങളുടെയും പിന്തുണയും പ്രോത്സാഹനവും അവിടുത്തേക്ക് ലഭിച്ചു. സ്രഷ്ടാവിനെ ദർശിക്കാനും സംഭാഷണം നടത്താനും കഴിഞ്ഞതിലൂടെ ആത്മീയതലത്തിൽ അഭൂതപൂർവ ഊർജവും ലഭിച്ചു.

മുജീബ് സഅദി ഈങ്ങാപ്പുഴ
Mujeebsaadi@gmail.com

---- facebook comment plugin here -----

Latest