Connect with us

Cover Story

പൊന്‍താരകം

Published

|

Last Updated

കോട്ടയം പാലാ സ്വദേശി വിശാന്ത് രവീന്ദ്രൻ, കാസർകോട് കാഞ്ഞങ്ങാട്ടെ ഫർസീൻ മൊല്ലാക്കിരിയത്ത്, പാലക്കാട് ഒലവങ്കോട് സ്വദേശിനി ശ്രുതി. ഈ മൂന്ന് പേരെ ഭൂരിപക്ഷം പേർക്കും അറിഞ്ഞുകൊള്ളണമെന്നില്ല. അബൂദബിയിലെ സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി സ്വർണം കൊയ്തവരാണ് ഇവരെന്ന് പറയുമ്പോഴും നമ്മിൽ അത് ആശ്ചര്യം ജനിപ്പിക്കുന്നില്ല. സമൂഹത്തിന്റെ പ്രത്യേക കരുതലും സഹായവും സ്‌നേഹവുമെല്ലാം ആവശ്യമുള്ള ഒരു വിഭാഗത്തിന്റെ കഠിനാധ്വാനവും മനക്കരുത്തുമൊക്കെയാണ് ഇത്തരം കായിക മേളകളിലെ അവരുടെ വിജയം പ്രതിനിധാനം ചെയ്യുന്നത്. സാധാരണ ആൾക്കാരെ പോലെ ജീവിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗം കൂടിയാണത്. അതേസമയം, മറ്റ് കായികമേളകളിലെ വിജയികൾക്ക് ലഭിക്കുന്ന വാർത്താപ്രാധാന്യമോ ആഘോഷപരിസരമോ എന്തിനേറെ അധികാരികളുടെ ഭാഗത്ത് നിന്നുള്ള ഒരു വരവേൽപ്പ് പോലും ഇവർക്ക് ലഭിക്കുന്നില്ല. മറ്റ് കായികതാരങ്ങളുടെ മികച്ച പ്രകടനവും വിജയവുമെല്ലാം ജീവിതത്തിനുള്ള ഭാവി മാർഗമാകുമ്പോൾ, ഈ വിഭാഗത്തിന് ഒളിമ്പിക്‌സിന് മെഡൽ ലഭിച്ചാൽ പോലും അത് അലമാരയിൽ വെക്കാനുള്ള ഉരുപ്പടി മാത്രമാണെന്നതും നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുണ്ട്. സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം ലഭിച്ചയാളാണ് വിശാന്ത് രവീന്ദ്രൻ. മറ്റ് രണ്ട് പേർക്കും ടീം ഇനത്തിലായിരുന്നു തങ്കപ്പതക്കങ്ങൾ. ഇതുകൂടാതെ വെള്ളിയും വെങ്കലവുമൊക്കെ നേടിയ നിരവധി മലയാളികളുമുണ്ട്.

വെരി വെരി സ്‌പെഷ്യൽ ഒളിമ്പ്യൻ

100 മീറ്റർ ഫ്രീസ്റ്റൈലിൽ മത്സരിക്കാൻ പൂളിനടുത്തേക്ക് വിശാന്ത് നടന്നുവരുമ്പോൾ ശാന്തിനിലയത്തിലെ അന്തേവാസികൾ പ്രാർഥനയിലായിരുന്നു. ആദ്യം നടന്ന 50 മീറ്റർ മത്സരത്തിൽ വിശാന്തിന് നാലാം സ്ഥാനം മാത്രം ലഭിച്ചതിനാലായിരുന്നു ഇത്. പരിചയമില്ലാത്ത ചുറ്റുപാടായതുകൊണ്ട് അവന്റെ മനോധൈര്യം കുറയരുതെന്ന് മനസ്സിലാക്കി ടീച്ചറമ്മമാർ ഫോണിലൂടെ ബന്ധപ്പെട്ടു, പ്രോത്സാഹിപ്പിച്ചു. മോൻ നന്നായി മത്സരിക്കണം, നീന്തി ഒന്നാമതെത്തണം തുടങ്ങിയ പ്രചോദനങ്ങളുമായി ശാന്തിനിലയത്തിലെ പ്രിൻസിപ്പൽ സിസ്റ്റർ റീനയും പരിശീലക സിസ്റ്റർ ജീസയും മതിയാവോളം പിന്തുണ അറിയിച്ചാണ് കോൾ അവസാനിപ്പിച്ചത്. ആ പ്രോത്സാഹനം വെറുതെയായില്ല. ടീച്ചറമ്മമാരുടെ പ്രോത്സാഹനവും വാക്കും മനസ്സാവഹിച്ച് അവൻ നീന്തൽക്കുളത്തിലേക്ക് ചാടി. ആ നീലജലാശയത്തിൽ നിന്നും അവൻ മുങ്ങിയെടുത്തത് സ്വർണമായിരുന്നു. ഇന്ത്യയുടെ അഭിമാനം ലോകത്തിന് മുമ്പിൽ ഉയർത്തിക്കാട്ടിയപ്പോൾ പ്രശസ്തിയിൽ എത്തിയത് പാലായിലെ അന്തിനാട് ഗ്രാമവും ശാന്തിനിലയം സ്‌പെഷ്യൽ സ്‌കൂളും കൂടിയായിരുന്നു.

വിശാന്ത് എന്നാൽ നേട്ടങ്ങൾ വാരിക്കൂട്ടുന്നവൻ. ഒളിമ്പിക്‌സിൽ സ്വർണത്തിൽ മുത്തമിട്ടപ്പോൾ ആ പേര് അർഥപൂർണമായ നിമിഷം. പിണ്ണാക്കനാട് കാക്കകാട്ട് രവീന്ദ്രൻ എന്ന കർഷകന്റെ മകനാണ് വിശാന്ത്. അമ്മ ബിന്ദുവും വിഷ്ണു, വിശാഖ്, വിശാൽ എന്നീ സഹോദരന്മാരുമാണ് വിശാന്തിന്റെ കുടുംബം. മകന്റെ നേട്ടത്തിൽ വളരെ സന്തോഷത്തിലാണ് രവീന്ദ്രൻ. നീന്തലിൽ മാത്രമല്ല ഡാൻസിലും ചിത്രരചനയിലും വിശാന്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. ശാന്തിനിലയത്തിൽ ഇപ്പോൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് 19കാരനായ വിശാന്ത്.

ളാലം തോട്ടിലെ ഓളങ്ങളിൽ
പിറന്ന താരം

എല്ലാവരുടെയും ജീവിതത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാകാറുണ്ട്. താൻ എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ ദൈവം തരുന്ന ഒരു സുവാർണാവസരം. അതായിരുന്നു ശാന്തിനിലയത്തിലേക്കുള്ള വിശാന്തിന്റെ പറിച്ചുനടൽ. വീടിന് സമീപമുള്ള ചെമ്മനമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്‌കൂളിലാണ് വിശാന്ത് അഞ്ചാം ക്ലാസ് വരെ പഠിച്ചത്. സാധാരണ കുട്ടികൾക്കൊപ്പം പഠിച്ചെത്താൻ കഴിയുന്നില്ലെന്ന തിരിച്ചറിവ് അവനെ ശാന്തിനിലയത്തിൽ എത്തിച്ചു. വേനൽക്കാലത്ത് ജലക്ഷാമം നേരിട്ടപ്പോൾ സിസ്റ്റർ ജീസ ഏഴാച്ചേരി താമരമുക്ക് ജ്യോതിഭവന് അടുത്തുള്ള ളാലം തോട്ടിൽ, ആൺകുട്ടികളുടെ ഹോസ്റ്റലായ ജ്യോതിഭവനിലെ കുട്ടികളെ കുളിപ്പിക്കാൻ കൊണ്ടുപോയി. ആ കൂട്ടത്തിൽ വിശാന്തും ഉണ്ടായിരുന്നു. കുട്ടികൾ തോട്ടിൽ കുളിക്കുന്നതിനിടയിൽ വിശാന്ത് നീന്തുന്നത് സിസ്റ്റർ ജീസ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മറ്റുള്ളവർ നീന്തുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തോ ഒന്ന് അവനിൽ സിസ്റ്റർ കണ്ടു. അവന് നീന്തൽ നല്ലതുപോലെ വഴങ്ങുമെന്നതും അവന്റെ ഇഷ്ടവും തിരിച്ചറിഞ്ഞ ജീസ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. അവന്റെ കഴിവിനെ വളർത്താൻ അഹോരാത്രം പരിശ്രമിച്ചു.
സിസ്റ്റർ ജീസയാണ് നീന്തലിന്റെ ബാലപാഠങ്ങൾ പകർന്ന് നൽകിയതെങ്കിലും പ്രൊഫഷനൽ നീന്തലുകാരനാകാൻ പരിശീലകനെ ആവശ്യമായിരുന്നു. അങ്ങനെയാണ് പരിചയ സമ്പന്നനായ പാലായിലെ തോപ്പൻസ് സ്വിമ്മിംഗ് അക്കാദമിയിലെ കോച്ച് ജോയി ജോസഫിന്റെ അടുത്തെത്തുന്നത്. മൂന്ന് വർഷമായി ജോയി ജോസഫിന്റെ കീഴിൽ പരിശീലനം നടത്തുന്നുണ്ട്. മുംബൈ, ഗുജറാത്ത്, ഗോവ, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. ദേശീയ തലത്തിലേക്കുള്ള മത്സരത്തിന് കേരളത്തിൽ നിന്ന് നാല് പേർ പങ്കെടുത്തെങ്കിലും സെലക്ഷൻ കിട്ടിയത് രണ്ട് പേർക്കാണ്. അതിൽ ഒരാൾ വിശാന്തായിരുന്നു. അങ്ങനെ അബൂദബിയിൽ ഒളിമ്പിക്‌സ് സ്വർണമായി അത് പിറക്കുകയായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ വിശാന്ത് ആദ്യം ഓടിയെത്തിയത് സിസ്റ്റർ ജീസയുടെ അടുത്തേക്കായിരുന്നു. സ്വർണമെഡലും ഫലകവും ആ കാൽക്കൽ സമർപ്പിച്ചു.

ദേശീയ കായിക താരങ്ങളുടെ
നിലയം

1991ലെ ശിശുദിനത്തിലാണ് ശാന്തിനിലയം സ്‌കൂൾ പിറവിയെടുക്കുന്നത്. 15 കുട്ടികളെ കൊണ്ടാണ് ആരംഭിച്ചത്. ഇന്ന് 180 കുട്ടികളുണ്ട്; 38 ജീവനക്കാരും. പഠനം മാത്രമല്ല, കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന കളികളും കരവിരുതുകളും എല്ലാം ചേർന്ന സ്‌നേഹനിലയമാണിത്. ചിത്രരചന, ക്രാഫ്റ്റ്, ജ്യൂവൽ വർക്ക്, കൃഷി, ബാൻഡ് ടീം, ഡാൻസ് തുടങ്ങിയ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിച്ച് സാധാരണ കുട്ടികളേക്കാൾ മികച്ചവരാക്കി മാറ്റുക എന്നതാണ് ശാന്തിനിലയത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ 27 വർഷമായി അന്തിനാട്ടിൽ പ്രവർത്തിക്കുന്ന ശാന്തിനിലയം സ്‌പെഷ്യൽ സ്‌കൂളിൽ നിന്ന് ഇതിനകം നിരവധി ദേശീയ കായിക താരങ്ങൾ ഉദയം ചെയ്തിട്ടുണ്ട്. 1999 ലാണ് ആദ്യമായി ശാന്തിനിലയത്തിലെ കുട്ടികൾ സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്. അന്ന് അമേരിക്കയിലെ നോർത്ത് കരോലിനയിൽ നടന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ ശാന്തിനിലയത്തിലെ മൂന്ന് കുട്ടികൾ പങ്കെടുത്തു. ഇന്ത്യൻ വോളിബോൾ ടീമിനെ പ്രതിനിധാനം ചെയ്ത് ആ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടാൻ കഴിഞ്ഞു. 2013ൽ ആസ്‌ത്രേലിയയിൽ നടന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ അഞ്ച് കുട്ടികൾ പങ്കെടുത്തു. അന്ന് ആറ് സ്വർണവും മൂന്ന് വെങ്കലവും ശാന്തിനിലയത്തിലെ കുട്ടികൾ നേടിയെടുത്തു. 2015ൽ അമേരിക്കയിലെ ലോസ്ആഞ്ചൽസിൽ നടന്ന ഒളിമ്പിക്‌സിൽ ആറ് കുട്ടികൾ പങ്കെടുക്കുകയും അഞ്ച് വെങ്കലം നേടുകയും ചെയ്തു. ഇത്തവണ സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഭാരതത്തിന്റെ വോളിബോൾ ടീമിലുണ്ടായിരുന്ന മഞ്ജു മാത്യുവും ഇവിടുത്തെ വിദ്യാർഥിനിയാണ്. ഈ മികച്ചനേട്ടത്തിന് കുട്ടികളെ രൂപപ്പെടുത്തിയെടുക്കുന്നതിൽ മൂന്ന് വ്യക്തികളുടെ അഹോരാത്ര പരിശ്രമം ഉണ്ട്. നീന്തൽ കോച്ച് ജോയി ജോസഫ്, വോളിബോൾ കോച്ച് അല്ലിയമ്മ ജോൺ, ശാന്തിനിലയം സ്‌പെഷ്യൽ സ്‌കൂൾ സ്ഥാപക സിസ്റ്റർ ജീസ എന്നിവരുടെ കഠിനപ്രയത്‌നമാണ് കുട്ടികളിലെ കായികശേഷിക്ക് കരുത്ത് പകരുന്നത്.

അലമാരക്ക് അലങ്കാരമാകാൻ മാത്രമുള്ള മെഡലുകൾ

ഈ നേട്ടങ്ങൾ എല്ലാം കൈവരിക്കുമ്പോഴും ഭാവിയെ കുറിച്ചുള്ള പേടിയാണ് വിശാന്തിനെ പോലുള്ള അത്‌ലറ്റുകൾക്കുള്ളത്. കാരണം വിശാന്ത് ഉൾപ്പെടെയുള്ള സ്‌പെഷ്യൽ ഒളിമ്പ്യൻമാർക്ക് അവർ നേടിയെടുക്കുന്ന മെഡലുകൾ അലമാരയിൽ വെക്കാൻ മാത്രമേ ഉപകരിക്കു. അതുപയോഗിച്ച് ഭാവിയെ കരുപ്പിടിപ്പിക്കാൻ ഇവർക്ക് കഴിയില്ല. വൈകല്യങ്ങൾക്കിടയിലും ഒരു ജോലി തന്നെയാണ് ഇവർക്ക് മുമ്പിലുള്ള ഏറ്റവും വലിയ പ്രശ്‌നം. ദേശീയ തലത്തിൽ മികവറിയിച്ചാൽ തന്നെ മറ്റ് കായിക താരങ്ങൾക്ക് സർക്കാർ ജോലികൾ ലഭിച്ച് ജീവിതം സുസ്ഥിരമാകുമ്പോൾ ലഭിച്ച മെഡലുകൾ ഒന്നിനും ഉപകരിക്കാതെ പോകുകയാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്കെന്ന് ശാന്തിനിലയം പ്രിൻസിപ്പൽ റീന സിറിയക് ഓർമിപ്പിക്കുന്നു. എൽ ഡി സി ജോലികൾ ലഭിക്കാൻ ഇവർ യോഗ്യരാണെന്നും ആ നീതിയെങ്കിലും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായി സ്‌പെഷ്യൽ ഒളിമ്പിക് കായിക താരങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരണമെന്നാണ് ഇവർക്ക് അഭ്യർഥിക്കാനുള്ളത്.

രേണുക ഷാജി
renukamanjakavil@gmail.com

---- facebook comment plugin here -----

Latest