Connect with us

Ongoing News

വേനല്‍ ചൂട്; സജീവമായി സോഷ്യല്‍ മീഡിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണം

Published

|

Last Updated

പാലക്കാട്: കനത്ത് ചൂട് തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിച്ചതോടെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണം സജീവം. ജില്ലയിൽ പകൽ സമയത്ത് അസഹനീയമായ ചൂടിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. സ്ഥാനാർഥികൾ സജീവമായി രംഗത്തുണ്ടെങ്കിലും പ്രവർത്തകർ വെയിലത്ത് പ്രചരണത്തിറിങ്ങാൻ മടി കാണിക്കാൻ തുടങ്ങിയതോടെ ഇത് മറികടക്കുന്നതിന് വേണ്ടിയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരണത്തിന് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ആക്കം കുട്ടിയത്.

ഇടത് മുന്നണി പാലക്കാട്, ആലത്തൂർ ലോകസഭമണ്ഡലങ്ങളുടെ പേരിൽ രണ്ട് ഫേസ്ബുക്
പേജ് തയ്യാറാക്കി പ്രചരണം പൊടിപൊടിക്കുകയാണ്. പാലക്കാട് സ്ഥാനാർഥി എം ബി രാജേഷും ആലത്തൂർ സ്ഥാനാർഥി പി കെ ബിജുവും മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും വീണ്ടും തിരെഞ്ഞടുക്കപ്പെട്ടാൽ മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതികളുമാണ് പേജിൽ നിറച്ചിരിക്കുന്നത്. ഇതിന് പുറമെ പഞ്ചായത്ത് തലത്തിൽ വാട്‌സ് ഗ്രൂപ്പുകളും ഇരു മണ്ഡലത്തിലും ഇടത് മുന്നണി തയ്യാറാക്കിയിട്ടുണ്ട്.

യു ഡി എഫ് പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിൽ ഡിജിറ്റല്‍
വാർ ഗ്രൂപ്പ് എന്ന പേരിലാണ് ഫെയ്‌സ് ബുക്ക് പേജ് തയ്യാറാക്കിയിരിക്കുന്നത്. ഇവ കൈകാര്യം ചെയ്യുന്നതിന് അണിയറയിൽ മുപ്പതിലേറെ പേരാണ് പ്രവർത്തിക്കുന്നത്.

പഞ്ചായത്ത് തലത്തിൽ 120 വാട്‌സ് ഗ്രൂപ്പുകളും യു ഡി എഫ് സ്ഥാനാർഥികളായ പാലക്കാട്ട് വി കെ ശ്രീകണ്ഠനും വേണ്ടിയും ആലത്തൂരിൽ രമ്യഹരിദാസിന് വേണ്ടിയും പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ വി കെ ശ്രീകണ്ഠന്റെയും രമ്യഹരിദാസിന്റെയും പേരിൽ ഫെയ്‌സ് ബുക്ക് പേജുകളുണ്ട്. ബൂത്ത് അടിസ്ഥാനത്തിൽ വാട്‌സ് ഗ്രൂപ്പ് കൂട്ടായ്മ രൂപവത്ക്കരിച്ചാണ് എൻ ഡി എ പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിൽ പ്രചാരണം സജീവമാക്കുന്നത്. ഓരോ ബൂത്തിലെ വാട്‌സ് ഗ്രൂപ്പിന്റെ അഡ്മിൻ അതാത് പ്രാദേശിക നേതാക്കളാണ് കൈകാര്യം ചെയ്യുന്നത്. പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറിന്റെയും ആലത്തൂർ സ്ഥാനാർഥി ടി വി ബാബുവിന്റെ പേരിൽ ഫെയ്‌സ് ബുക്ക് പേജും പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്. കനത്ത ചൂടിൽ പ്രചരണപ്രവർത്തനത്തിന് മാന്ദ്യം സംഭവിച്ചാലും സോഷ്യൽ മീഡിയയിലൂടെ ഇത് തരണം ചെയ്യാനാകുമെന്നാണ് നേതാക്കൾ പറയുന്നത്.

ഫള്കസ് ബോർഡുകൾക്കും ചുമരെഴുത്തിനും നിയന്ത്രണം വന്നതോടെ സോഷ്യൽ മീഡിയയിലൂടെ പ്രചാരണത്തിന് ഇനി സാധ്യതയുണ്ട്. യുവാക്കളെല്ലാം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമുള്ളത് ഇത്തരം പ്രചരണത്തിലൂടെ മാത്രമേ മനസ്സ് കീഴ്ടക്കാൻ പറ്റുകയുള്ളുവെന്നും നേതാക്കൾ ചുണ്ടിക്കാട്ടുന്നു. സോഷ്യൽമീഡിയ വഴിയുള്ള പ്രചരണത്തിന് നല്ല പ്രതികരണമാണ് മൂന്ന് മുന്നണികൾക്കും ലഭിക്കുന്നത്. പ്രതികരണത്തിലൂടെ അവരുടെ മനസ്സ് അറിയാനും സാധിക്കുമെന്നാണ് മുന്ന് മുന്നണികളുടെയും നേതാക്കൾ പറയുന്നു.

Latest