Connect with us

Ongoing News

സ്ഥാനാര്‍ഥി പട്ടികയിലെ സ്ത്രീ പ്രാതിനിധ്യം

Published

|

Last Updated

പൊതുരംഗത്തെ സ്ത്രീകളുടെ മുന്നേറ്റത്തിന്റെ അനിവാര്യതയെ കുറിച്ചു പറയുമ്പോള്‍ നൂറ് നാവാണ് നേതാക്കള്‍ക്കൊക്കെയും. ലിംഗസമത്വമെന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് ഒട്ടേറെ വനിതാ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് രാജ്യത്ത്. മിക്കവാറും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വനിതാ സംഘടനകളുമുണ്ട്. എന്നാല്‍ നിയമ നിര്‍മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യം തുലോം വിരളമാണ്. തിരഞ്ഞെടുപ്പു കാലത്ത് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വങ്ങള്‍, മുഖ്യധാരാ പാര്‍ട്ടികള്‍ വിശേഷിച്ചും, ലിംഗസമത്വവും സ്ത്രീ മുന്നേറ്റവുമെല്ലാം മറക്കും. നാമമാത്രമായിരിക്കും പട്ടികയിലെ സ്ത്രീ പ്രാതിനിധ്യം. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജു ജനതാദളുമൊഴിച്ച് മറ്റെല്ലാ കക്ഷികളുടെയും സ്ഥാനാര്‍ഥി പട്ടികയുടെ സ്വഭാവം ഈ പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിലും വ്യത്യസ്തമല്ല.
2014ലെ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ പ്രമുഖ കക്ഷികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 33ഉം ബി ജെ പി 20ഉം വനിതകളെ മാത്രമാണ് മത്സര രംഗത്ത് ഇറക്കിയത്. സമാജ്‌വാദി പാര്‍ട്ടി 16, ആം ആദ്മി പാര്‍ട്ടി 39, വനിതാ നേതാക്കളായ മമതാ ബാനര്‍ജിയും മായാവതിയും നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസും ബി എസ് പിയും യഥാക്രമം 12, 16 എന്നിങ്ങനെയാണ് മറ്റു ചില കക്ഷികള്‍ രംഗത്തിറക്കിയ വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണം. കേരളത്തിലെ 2,54,08,711 വോട്ടര്‍മാരില്‍ 1,31,11,189ഉം സ്ത്രീകളാണ്. സംസ്ഥാനത്തെ ഇടത,് വലത,് ബി ജെ പി എന്നീ മൂന്ന് കക്ഷികളുടെ അറുപത് സ്ഥാനാര്‍ഥികളില്‍ സ്ത്രീകളുടെ എണ്ണം ആറ് മാത്രവും.

16ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊടുവില്‍ 62 വനിതാ പ്രതിനിധികളാണ് (11.23 ശതമാനം) ലോക്‌സഭയില്‍ എത്തിയത്. 15ാം ലോക്‌സഭയില്‍ ഇത് 60 പേരായിരുന്നു. 11 ശതമാനം. 1952ലെ ഒന്നാം ലോക്‌സഭയില്‍ വനിതകളുടെ പ്രാതിനിധ്യം കേവലം 4.4 ശതമാനം മാത്രമായിരുന്നെങ്കിലും ആറ് പതിറ്റാണ്ടിലേറെ കടന്നുപോയിട്ടും 6.8 ശതമാനം സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ മാത്രമേ നവോത്ഥാനത്തെയും സ്ത്രീ ശാക്തീകരണത്തെയും കുറിച്ചു നാവിട്ടടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചുള്ളൂ. 1992ല്‍ 80 ലക്ഷം സ്ത്രീകള്‍ക്ക് ഒരു വനിതാ എം പി എന്നതായിരുന്നു കണക്കെങ്കില്‍ 2014 ആയപ്പോഴേക്കും 90 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് ഒരു വനിതാ എം പി എന്ന നിലയിലായി. അതേസമയം, നമ്മുടെ അയല്‍ രാജ്യമായ ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും പാര്‍ലിമെന്റുകളില്‍ 20 ശതമാനവും നേപ്പാളില്‍ 29.5 ശതമാനവും സ്ത്രീ പ്രാതിനിധ്യമുണ്ട്.

സ്ത്രീസ്വാതന്ത്ര്യം ചവിട്ടിമെതിക്കുന്നുവെന്നു കുറ്റപ്പെടുത്താറുള്ള താലിബാന്റെ ആധിപത്യത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ 27.7 ശതമാനം വരും സ്ത്രീ പ്രാതിനിധ്യം. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും വടക്കന്‍ ആഫ്രിക്കയിലും 17.1 ശതമാനം, ഏഷ്യയില്‍ 18.4 ശതമാനം, യൂറോപ്പില്‍ 24.4 ശതമാനം, നോര്‍ഡിക്ക് രാജ്യങ്ങളില്‍ 41.1 ശതമാനം എന്നിങ്ങനെയാണ് മറ്റു ഭൂഖണ്ഡങ്ങളിലെ തോത്. ഭരണമേഖലയിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ഇന്ത്യാ സ്‌പെന്‍ഡ് റിപ്പോര്‍ട്ടനുസരിച്ച് ലോകത്തെ 193 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 149ാം സ്ഥാനമാണുള്ളത്.
സ്ത്രീകള്‍ക്ക് വിജയസാധ്യത കുറവാണെന്നാണ് അവരെ തഴയുന്നതിന് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പറയാറുള്ള കാരണം. എന്നാല്‍ വനിതാ സ്ഥാനാര്‍ഥികള്‍ക്ക് പുരുഷ സ്ഥാനാര്‍ഥികളേക്കാള്‍ വിജയസാധ്യത കൂടുതലാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. സ്ത്രീ-പുരുഷ സ്ഥാനാര്‍ഥികള്‍ പരസ്പരം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ കൂടുതല്‍ വിജയിക്കാറുള്ളത് വനിതാ സ്ഥാനാര്‍ഥികളാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. 1996ലെ തിരഞ്ഞെടുപ്പില്‍ പുരുഷ സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിച്ച വനിതകളില്‍ 6.7 ശതമാനം വിജയിച്ചപ്പോള്‍ സ്ത്രീകള്‍ക്കെതിര മത്സരിച്ച പുരുഷന്മാരുടെ വിജയം 3.8 ശതമാനം മാത്രമായിരുന്നു. 1998ലെ തിരഞ്ഞെടുപ്പില്‍ 15.7 ശതമാനവും 1999ലും 2004ലും യഥാക്രമം 17.3, 12.4 ശതമാനവും സ്ത്രീകള്‍ വിജയിച്ചപ്പോള്‍ പുരുഷന്മാരുടെത് യഥാക്രമം 10.3, 11.3, 9.8 ശതമാനമായിരുന്നു.

ഗൃഹഭരണത്തിലും ഭര്‍ത്താക്കളുടെയും സന്താനങ്ങളുടെയും പരിപാലനത്തിലും ശ്രദ്ധിച്ച് സ്വസ്ഥമായ ഒരു കുടുംബ ജീവിതം നയിച്ചിരുന്ന സ്ത്രീകളെ ലിംഗസമത്വവും അവസരസമത്വവും പ്രസംഗിച്ച് പൊതുരംഗത്തിറക്കി വില്‍പനച്ചരക്കാക്കുന്നതിലപ്പുറം നിയമസഭകളിലോ പാര്‍ലിമെന്റിലോ അര്‍ഹമായ പ്രാതിനിധ്യം നേടിക്കൊടുക്കുന്നതില്‍ ഒരു പാര്‍ട്ടി നേതൃത്വത്തിനും താത്പര്യമില്ലെന്നതാണ് വസ്തുത. അല്ലായിരുന്നെങ്കില്‍ 2010ല്‍ അവതരിപ്പിച്ച, നിയമ നിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നിര്‍ദേശിക്കുന്ന, ബില്‍ എന്തുകൊണ്ടാണ് ലോക്‌സഭയില്‍ പസാകാതെ പോയത്? ഇക്കാലയളവില്‍ ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസാവകാശം തുടങ്ങി വളരെ സുപ്രധാനമായ ബില്ലുകള്‍ ലോക്‌സഭ പാസാക്കി.

അതേസമയം സ്ത്രീസംവരണ ബില്‍ അനിശ്ചിതമായി നീണ്ടു പോവുകയാണ്. അധികാര സ്ഥാനങ്ങളില്‍ കണ്ണുംനട്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളൊന്നും ആ സ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അവകാശികള്‍ രംഗത്ത് വരാന്‍ ഇഷ്ടപ്പെടുന്നില്ലെന്നത് തന്നെയാണ് ഇതിന്റെ കാരണം. പഞ്ചായത്തുകളില്‍ 50 ശതമാനം വരെ സ്ത്രീ സംവരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇവിടെ മിക്ക മണ്ഡലങ്ങളിലും ഭര്‍ത്താക്കന്‍മാര്‍ക്ക് വേണ്ടി ഭാര്യമാരെ രംഗത്തിറക്കുകയും തിരഞ്ഞെടുപ്പില്‍ അവര്‍ വിജയിച്ചാല്‍ ഭര്‍ത്താവ് പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

ലോക്‌സഭയിലും നിയമസഭകളിലും ഇത് നടക്കില്ലല്ലോ. പാര്‍ലിമെന്റിലും നിയമസഭകളിലും കൂടുതല്‍ സ്ത്രീകളെ എത്തിക്കുന്നതിലുപരി സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് അവരുടെ നന്മ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. രാജ്യത്ത് സ്ത്രീകള്‍ക്ക് സമാധാനത്തോടെ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണിന്ന്. എവിടെയും ഏത് നിമിഷവും- നിയമനിര്‍മാണ സഭകളില്‍ പോലും അവര്‍ അക്രമിക്കപ്പെടാം. വനിതാ മുഖ്യമന്ത്രിമാര്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും സ്ഥിതി വ്യത്യസ്തമല്ല. ഇതിനു പരിഹാരം കാണാതെ സ്ത്രീസംവരണത്തെക്കുറിച്ചു സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ഉള്ളില്‍ കാപട്യമാണ്.

---- facebook comment plugin here -----

Latest