Connect with us

Articles

കാവി പതയുന്ന അക്കാദമിക ഇടങ്ങള്‍

Published

|

Last Updated

മോദി ഭരണത്തിന്റെ അഞ്ച് വര്‍ഷങ്ങള്‍ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും കാവിവത്കരണത്തിന്റെ വര്‍ഷങ്ങള്‍ കൂടിയാണ്. ചരിത്രത്തെയും വിദ്യാഭ്യാസത്തെയും തങ്ങളുടെ ഹിന്ദുത്വ അജണ്ടക്കാവശ്യമായ രീതിയില്‍ വര്‍ഗീയവത്കരിക്കുകയാണ് മോദി ഭരണത്തിന്റെ സൗകര്യമുപയോഗിച്ച് സംഘ്പരിവാര്‍ ചെയ്തത്. മതനിരപേക്ഷതയും ബഹുസ്വരതയും തകര്‍ക്കുന്ന ഹൈന്ദവവത്കരണത്തിന്റെ ഹിംസാത്മകമായ കടന്നുകയറ്റങ്ങള്‍ രാജ്യം ദര്‍ശിച്ചു. ഹിന്ദുത്വവാദികള്‍ക്ക് കൈവന്ന ദേശീയാധികാരം ഉപയോഗിച്ച് മതരാഷ്ട്ര നിര്‍മിതിക്കാവശ്യമായ പ്രത്യയശാസ്ത്ര പ്രബോധനങ്ങള്‍ക്കായി ചരിത്ര സ്ഥാപനങ്ങളെയും അക്കാദമികളെയും മാറ്റിയെടുക്കാനുള്ള അപലപനീയങ്ങളായ നീക്കങ്ങളേറെയുണ്ടായി.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ ചരിത്രഗവേഷണകൗണ്‍സില്‍ തൊട്ടുള്ള അക്കാദമിക് സ്ഥാപനങ്ങളെയും സാംസ്‌കാരിക സ്ഥാപനങ്ങളെയും സംഘ്പരിവാര്‍ ബുദ്ധിജീവികളെകൊണ്ട് കുത്തിനിറച്ചു. ചരിത്ര ഗവേഷണവുമായി യാതൊരു ബന്ധവുമില്ലാത്ത, ഒരൊറ്റ ഗവേഷണ കൃതിപോലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത വൈ. സുദര്‍ശന റാവുവിനെ ചരിത്രഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചു. രാമായണവും മഹാഭാരതവുമെല്ലാം യഥാര്‍ഥ ചരിത്രമാണെന്ന് വാദിക്കുന്ന, ജാതിവ്യവസ്ഥയെ ന്യായീകരിക്കുന്ന പുസ്തകങ്ങളുടെ രചയിതാവാണ് സുദര്‍ശന റാവുവെന്ന കാര്യം മറക്കുന്നില്ല.

സ്വതന്ത്രമായ അക്കാദമിക് സമൂഹം എന്നത് ഏതൊരു സമൂഹത്തിലും ജനാധിപത്യം നിലനില്‍ക്കുന്നതിനും വിപുലമാകുന്നതിനുമുള്ള മുന്നുപാധിയാണ്. എവിടെയെല്ലാം അക്കാദമിക് സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നുവോ അവിടെയെല്ലാം സമഗ്രാധിപത്യമോ ഫാസിസമോ പിടിമുറുക്കുന്നുവെന്നതാണ് ചരിത്രാനുഭവം. മുസ്സോളിനിയും ഹിറ്റ്‌ലറുമെല്ലാം സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യരെയും പണ്ഡിതരെയുമാണ് ഭയപ്പെട്ടത്.
പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ചരിത്ര-ശാസ്ത്ര ഗവേഷണം ഉള്‍പ്പടെയുള്ള ഉന്നത വിദ്യാഭ്യാസ മേഖല കാവിവത്കരിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ അധികം നടന്നിട്ടുണ്ട്. “ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ട്രാന്‍സ് നാഷണല്‍ എജ്യുക്കേഷന്‍” പോലുള്ള ബഹുരാഷ്ട്ര വിദ്യാഭ്യാസ കുത്തകകളെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കടത്തിക്കൊണ്ടുവന്നു. സമ്പദ്ഘടനയുടെ ആഗോളവത്കരണവും ആഗോളവത്കരിക്കപ്പെട്ട ഹിന്ദുത്വവുമാണ് സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്ര അജണ്ട.

അധികാരത്തിലെത്തിയ ഉടനെ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി പ്രസ്താവിച്ചത് പ്രാചീന ഹിന്ദു ടെക്സ്റ്റുകളെ സ്‌കൂള്‍ പാഠപുസ്തകമാക്കുമെന്നായിരുന്നല്ലോ. ജ്യോതിഷവും മന്ത്രവാദവുമെല്ലാം സിലബസിന്റെ ഭാഗമാക്കി പ്രചരിപ്പിക്കാന്‍ വാജ്‌പേയ് സര്‍ക്കാറിന്റെ കാലം മുതല്‍ നീക്കങ്ങളാരംഭിച്ചതാണ്. മോദി ഭരണത്തിനു കീഴിലത് തീവ്രഗതിയിലായി. ആധുനികതയുടേതായ എല്ലാത്തിനെയും നിഷേധിക്കുന്ന ഭൂതകാലാരാധനയുടെ മിഥ്യാഭ്രമങ്ങളിലേക്ക് ഒരു തലമുറയെ പുനരാനയിക്കാനാണ് അവര്‍ നോക്കുന്നത്.
വിദ്യാഭ്യാസ വ്യവസ്ഥയില്‍ ഹിന്ദുത്വത്തിനനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ദീനനാഥ് ബത്രയുടെ നേതൃത്വത്തില്‍ ആര്‍ എസ് എസ് ശിക്ഷാസംസ്‌കൃതി ഉത്ഥാന്‍ന്യാസിന് രൂപം കൊടുത്തിരിക്കുന്നത്. കേന്ദ്രത്തില്‍ തങ്ങള്‍ക്ക് കൈവന്ന അധികാരത്തെ ഉപയോഗിച്ച് വിദ്യാഭ്യാസത്തെയാകെ ഉടച്ചുവാര്‍ക്കണമെന്നാണ് ശിക്ഷാസംസ്‌കൃതി ഉത്ഥാന്‍ന്യാസ് മോദി സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്. ഗുജറാത്തിലെ 42,000ഓളം വരുന്ന അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ ഈ ദിശയിലാണ് രൂപപ്പെടുത്തിയത്. അവിടെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഒമ്പത് പാഠപുസ്തകങ്ങളില്‍ എട്ടെണ്ണവും ദീനനാഥ് ബത്ര എഴുതിയതാണ്. ചരിത്രം, ശാസ്ത്രം, ഭൂമിശാസ്ത്രം, മതം, മറ്റു അടിസ്ഥാന വിഷയങ്ങള്‍ എല്ലാം ഈ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് കുട്ടികളെ പഠിപ്പിക്കുന്നത്.

കാണ്ഡകോശ ഗവേഷണം കണ്ടുപിടിച്ചത് അമേരിക്കയല്ലായെന്നും ഭാരതത്തിന്റെ ഇതിഹാസ കൃതികളില്‍ സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് തന്നെ ഇതുണ്ടായിരുന്നു എന്നുമാണ് ദീനനാഥ് ബത്രയുടെ പാഠപുസ്തകങ്ങള്‍ പറയുന്നത്. ഇന്റര്‍നെറ്റും ടെലിവിഷനുമൊക്കെ പൗരാണിക ഇന്ത്യയില്‍ നിലനിന്നിരുന്നുവെന്നും ബത്രയുടെ പാഠപുസ്തകങ്ങള്‍ തട്ടിവിടുന്നു. മഹാഭാരതത്തിലെ ഹസ്തിനപുരിയിലിരുന്ന് സഞ്ജയന്‍ തന്റെ ദിവ്യദൃഷ്ടികൊണ്ട് കുരുക്ഷേത്രയുദ്ധം തത്സമയം അന്ധനായ ധൃതരാഷ്ട്രര്‍ക്ക് വിവരിച്ചുകൊടുത്തുപോലും! ലൈവ് ടെലികാസ്റ്റിംഗ് മഹാഭാരത കാലത്തുതന്നെ ഇന്ത്യയിലുണ്ടായിരുന്നുവെന്നാണ് ഇവര്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്.

അങ്ങേയറ്റം സങ്കുചിതമായ ദേശീയത വളര്‍ത്തുകയാണ് ഇത്തരം കെട്ടുകഥകള്‍ എഴുന്നള്ളിച്ചുകൊണ്ട് സംഘ്പരിവാര്‍ ചെയ്യുന്നത്. യുക്തിക്കും ചരിത്രത്തിനും പകരം കല്‍പിത കഥകളെയും ഇതിഹാസ സന്ദര്‍ഭങ്ങളെയും എഴുന്നള്ളിക്കുകയാണവര്‍. ഡോ. റൊമീല ഥാപറും ഡോ. ഇര്‍ഫാന്‍ ഹബീബുമെല്ലാം സംഘ്പരിവാറിന്റെ ഇത്തരം പദ്ധതികളെ ചവറുപരിപാടികളെന്നാണ് വിശേഷിപ്പിച്ചത്.
അക്കാദമിക് രംഗത്ത് മഹനീയമായ സംഭാവനകള്‍ നല്‍കിയ നിരവധി പേരുണ്ടായിട്ടും അവരെയൊന്നും പരിഗണിക്കാതെ സംഘ്പരിവാര്‍ പ്രതിനിധികളെ ചരിത്ര കൗണ്‍സില്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളുടെ മേധാവികളായി അവരോധിച്ചു. ചരിത്ര പണ്ഡിതന്മാര്‍ക്കു പകരം 22 സംഘ്പരിവാര്‍ സംഘടനകളുടെ ഭാരവാഹികളായ ആര്‍ എസ് എസുകാരെയാണ് ചരിത്ര ഗവേഷണ കൗണ്‍സിലില്‍ തിരുകിക്കയറ്റിയത്.

ഇന്ത്യയില്‍ ജാതീയതയും തൊട്ടുകൂടായ്മയും സൃഷ്ടിച്ചത് അറബികളും തുര്‍ക്കികളും മുഗളന്മാരുമാണെന്ന് വാദിക്കുന്ന ബുദ്ധിജീവിയാണ് ബ്രജ്ബി ഹാരികുമാര്‍. ഐ സി സി ആറിന്റെ അധ്യക്ഷനായി നിയമിതനായ ഡോ. ലോകേഷ് ചന്ദ്രയും കറകളഞ്ഞ ആര്‍ എസ് എസുകാരനാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി നിയമിക്കപ്പെട്ട ഗജചന്ദ്ര ചൗഹാന്‍, ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസിന്റെ ചെയര്‍മാനായി നിയമിക്കപ്പെട്ട അച്യുത സമന്ദ എന്നിവരുടെയെല്ലാം യോഗ്യത ആര്‍ എസ് എസുകാരാണ് എന്നത് മാത്രമാണ്. മലയാള സാഹിത്യകാരനായ സേതുവിനെ മാറ്റിയാണല്ലോ നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ അധ്യക്ഷനായി ബാല്‍ദേവ്ശര്‍മയെ അവരോധിച്ചത്.

ജവര്‍ഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ട ഡോ. ജഗദീഷ് കുമാര്‍ തികഞ്ഞ ആര്‍ എസ് എസുകാരനാണ്. ഡോ. ജഗദീഷ് കുമാറിന്റെ ജനാധിപത്യവിരുദ്ധമായ നിലപാടുകളും തീരുമാനങ്ങളുമാണ് ജെ എന്‍ യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് കാരണമായത്.

ഉന്നത വിദ്യാഭ്യാസരംഗത്തെ കാവിവത്കരിക്കുക എന്ന അജണ്ടയെ മുന്‍നിര്‍ത്തി, 20 കേന്ദ്ര സര്‍വകലാശാലകളും 31 സംസ്ഥാന സര്‍വകലാശാലകളും ഉള്‍പ്പടെ 51 യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരുടെ യോഗം ആര്‍ എസ് എസ് മുന്‍കൈയെടുത്ത് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തു. ആര്‍ എസ് എസിന്റെ കീഴിലുള്ള ശിക്ഷാസംസ്‌കൃതി ഉഠാന്‍ ന്യാസ് എന്ന സംഘടന എന്‍ സി ആര്‍ ടിയുടെ പാഠപുസ്തകങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടു. അറബി, ഉറുദു, ഇംഗ്ലീഷ് വാക്കുകളും വിഖ്യാത കവികളായ മിര്‍സാ ഗാലിബ്, രവീന്ദ്രനാഥ ടാഗോര്‍ എന്നിവരുടെ കവിതകളും ലോകപ്രശസ്ത ചിത്രകാരന്‍ എം എഫ് ഹുസൈന്റെ ജീവചരിത്ര ഭാഗങ്ങളും മുഗള്‍ ചക്രവര്‍ത്തിമാരെ ഉദാരന്മാരായി വിശേഷിപ്പിക്കുന്ന പാഠഭാഗങ്ങളും ഒഴിവാക്കണമെന്നാണ് ശിക്ഷാസംസ്‌കൃതി ഉത്ഥാന്‍ന്യാസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ചാതുര്‍വര്‍ണ്യപ്രോക്തമായ വരേണ്യബോധവും അസഹിഷ്ണുതയും വിദ്യാഭ്യാസ മേഖല ഉള്‍പ്പടെ എല്ലാ മേഖലകളിലും ആധിപത്യം നേടിയിരിക്കുന്നു. ഇന്ത്യയെന്ന ദേശരാഷ്ട്രത്തെ ഹൈന്ദവസംസ്‌കാരത്തിന്റെ ഏകത്വത്തിലേക്ക് ബലം പ്രയോഗിച്ച് വിലയിപ്പിച്ചെടുക്കാനുള്ള ഹിംസാത്മക നീക്കങ്ങളാണ് സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ചരിത്ര സ്മാരകങ്ങളെയും വര്‍ഗീയവത്കരിക്കാനും പിടിച്ചെടുക്കാനുമുള്ള നീക്കങ്ങള്‍ ആസൂത്രിതമായി ആരംഭിച്ചിരിക്കുന്നത്.

1980കളിലാണ് ബാബരി മസ്ജിദ് രാമജന്മഭൂമിയാണെന്ന വാദമുയര്‍ത്തി ഭൂരിപക്ഷ മതധ്രുവീകരണത്തിനുള്ള സംഘടിതമായ ക്യാമ്പയിനുകള്‍ ആരംഭിക്കുന്നത്. 1867ല്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിന്റെ ഒരു ചരിത്രം സെറ്റില്‍മെന്റ് ഓഫീസറായിരുന്ന കര്‍ണാല്‍ജി തയ്യാറാക്കി. അതിലാണ് അയോധ്യയിലെ ശ്രീരാമ ജന്മസ്ഥാനത്ത് നല്ലൊരു ക്ഷേത്രം ഉണ്ടായിരുന്നിരിക്കണമെന്നും 1528ല്‍ ബാബര്‍ അയോധ്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ആ സമയത്ത് ബാബറുടെ കല്‍പന പ്രകാരം ആ ക്ഷേത്രം നശിപ്പിച്ചിട്ടുണ്ടെന്നും തോന്നുന്നുവെന്നാണ് ഫൈസാബാദിന്റെ ചരിത്രത്തില്‍ എഴുതി പിടിപ്പിച്ചത്. അതായത് ബ്രിട്ടീഷുകാരുടെ തോന്നലുകളിലും ഊഹാപോഹങ്ങളിലുമാണ് രാമജന്മഭൂമി പ്രശ്‌നം രൂപപ്പെട്ടുവന്നത്.

ആര്‍ എസ് എസിന്റെ ചരിത്രവിഭാഗമായ “ഇതിഹാസ് സങ്കലന്‍ സമിതി” താജ്മഹല്‍ ഉള്‍പ്പടെയുള്ള ചരിത്രസ്മാരകങ്ങളെ പിടിച്ചെടുക്കാനുള്ള വിധ്വംസക നീക്കങ്ങള്‍ ആവിഷ്‌കരച്ചു കഴിഞ്ഞു. മുംതാസിന്റെ ശവകുടീരം പൊളിച്ചുമാറ്റി ഹിന്ദുക്കള്‍ക്ക് ശിവലിംഗാരാധനക്ക് തുറന്നുകൊടുക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഇപ്പോള്‍ യമുനയുടെ മറുകരയില്‍ താജ്മഹലിനഭിമുഖമായി എല്ലാ ദിവസവും സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൂജകള്‍ നടക്കുന്നു. ചരിത്ര പ്രസിദ്ധമായ ചെങ്കോട്ട ഡാല്‍മിയക്ക് ഏല്‍പ്പിച്ചുകൊടുത്തത് ഉള്‍പ്പടെയുള്ള നീക്കങ്ങള്‍ ഇന്ത്യയുടെ ദേശീയ പാരമ്പര്യത്തെ തന്നെ സംഹരിക്കുന്ന കോര്‍പറേറ്റ് വത്കരണത്തിന്റെ ഭീകരതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

വിജ്ഞാനവിരുദ്ധവും വര്‍ഗീയ പ്രോക്തവുമായ സംഘ്പരിവാര്‍ അജണ്ടയെ നമ്മുടെ സംസ്‌കാരത്തിന്റെ എല്ലാ മണ്ഡലങ്ങളില്‍ നിന്നും അക്കാദമിക് മേഖലയില്‍ നിന്നും പുറന്തള്ളാന്‍ പ്രാപ്തമായ മതനിരപേക്ഷ ശക്തികളെ ദേശീയാധികാരത്തിലെത്തിക്കാനുള്ള അവസരം ഇപ്പോള്‍ നമുക്ക് കൈവന്നിരിക്കുന്നു.

Latest