Connect with us

Alappuzha

കനത്ത ചൂട് തുടരും; ജാഗ്രതാ മുന്നറിയിപ്പ് നാളെ വരെ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് നാളെ വരെ നീട്ടി. ഇന്നും നാളെയും വയനാട് ഒഴികെയുള്ള ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയിൽ നിന്ന് ഉയർന്ന നിലയിൽ തുടരാനാണ് സാധ്യത.

ഇന്നലെ വരെയാണ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇതാണ് രണ്ട് ദിവസം കൂടി നീട്ടിയത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ ചൂട് കാരണം വിവിധ അസ്വസ്ഥതയുണ്ടായവരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് പതിനഞ്ച് പേർക്കാണ് ഇന്നലെ പൊള്ളലേറ്റത്. അതിൽ എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾക്ക് വീതം സൂര്യാഘാതവും പതിമൂന്ന് പേർക്ക് സൂര്യാതപമേറ്റുള്ള പൊള്ളലുമുണ്ടായി. ഇരുപത് പേർക്ക് ശരീരത്തിൽ ചൂടേറ്റുള്ള പാടുകളും രൂപപ്പെട്ടു.

ആലപ്പുഴ നാല് പേർക്കും കോട്ടയം, പാലക്കാട് ജില്ലകളിൽ മൂന്ന് പേർക്ക് വീതവുമാണ് സൂര്യാതപത്തിൽ പൊള്ളലേറ്റത്.
ആശങ്കക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ടെങ്കിലും മുൻകരുതൽ ഒരാഴ്ച കൂടി തുടരണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. പൊതുജനങ്ങൾ രാവിലെ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണണമെന്നും നിർദേശമുണ്ട്.

Latest