പണമില്ല, സ്വർണമില്ല; തിരഞ്ഞെടുപ്പ് റെയ്ഡിൽ കേരളത്തിൽ ലഭിക്കുന്നത് ലഹരി മാത്രം!

Posted on: March 31, 2019 10:04 am | Last updated: March 31, 2019 at 5:11 pm

പാലക്കാട്: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശ പ്രകാരമുള്ള കർശന പരിശോധനയിൽ കേരളത്തിൽ നിന്ന് കണ്ടെത്തിയത് ലഹരി മാത്രം. മാർച്ച് മാസം തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതൽ 23 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം കേരളത്തിൽ നിന്ന് 13.86 കോടിയുടെ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളാണ് പിടികൂടിയത്.

അതേ സമയം, മറ്റ് സംസ്ഥാനങ്ങളിൽ വൻതോതിൽ ലഹരിമരുന്നുകൾക്കൊപ്പം അനധികൃതമായി കടത്തിയ പണം, മദ്യം, സ്വർണം തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റവും കുടുതൽ ലഹരി വസ്തുക്കൾ പിടിച്ചത് ഗുജറാത്തിൽ നിന്നാണ്. 500 കോടിയുടെ ലഹരി മരുന്നുകൾ. ആന്ധാ പ്രദേശിൽ നിന്ന് 103.11 കോടിയുടെയും മണിപ്പൂരിൽ നിന്ന് 24.74 കോടിയുടെയും ഉത്തർ പ്രദേശിൽ നിന്ന് 19.86 കോടിയുടെയും ലഹരിവസ്തുക്കൾ പിടിച്ചെടുത്തു.

ഏറ്റവും കൂടുതൽ പണം പിടിച്ചത് ആന്ധ്രാ പ്രദേശിൽ നിന്നാണ് 83.2 കോടി, തമിഴ്‌നാട്ടിൽ നിന്ന് 72.94 കോടി. തെലങ്കാനയിൽ നിന്ന് 18,08 കോടി, ഉത്തർ പ്രദേശിൽ നിന്ന് 14.68 കോടി, പശ്ചിമ ബംഗാളിൽ നിന്ന് 11.15 കോടി രൂപയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത്. മദ്യത്തിന്റെ കണക്കിൽ മഹാരാഷ്ട്രയാണ് മുന്നിൽ.

14.44 ലക്ഷം ലിറ്റർ മദ്യമാണ് സംസ്ഥാനത്ത് നിന്ന് പിടികൂടിയത്. ഉത്തർ പ്രദേശിൽ 9.19 ലക്ഷം ലിറ്ററും കർണാടകയിൽ 6.08 ലക്ഷം ലിറ്ററും പശ്ചിമ ബംഗാളിൽ 5.49 ലക്ഷം ലിറ്ററും ആന്ധാ പ്രദേശിൽ 5.22 ലക്ഷം ലിറ്ററും പിടിച്ചെടുത്തിട്ടുണ്ട്.
സ്വർണം ഏറ്റവും കൂടുതൽ പിടിച്ചെടുത്തത് തമിഴ്‌നാട്ടിൽ നിന്നാണ്. 74.47 കോടിയുടേത്. ഉത്തർ പ്രദേശിൽ നിന്ന് 58.2 കോടിയുടേയും ആന്ധാ പ്രദേശിൽ നിന്ന് 29. 61 കോടിയുടേയും പശ്ചിമ ബംഗാളിൽ നിന്ന് 14.61 കോടിയുടേയും പഞ്ചാബിൽ നിന്ന് 2.32 കോടിയുടേയും സ്വർണം പിടിച്ചെടുത്തിട്ടുണ്ട്.