Connect with us

Articles

കുറുവടിയെ നേരിടാന്‍ കുറുക്കുവഴികളില്ല

Published

|

Last Updated

ഫാസിസ്റ്റുകളാണ് തങ്ങളെന്ന് സ്വയം തുറന്നു പറയുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്ത്യയിലില്ല. തങ്ങള്‍ മാത്രമാണ് ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ എന്നവകാശപ്പെടാന്‍ ധാരാളം പാര്‍ട്ടികളും നേതാക്കളും ഉണ്ടുതാനും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹലങ്ങള്‍ അരങ്ങു തകര്‍ക്കുന്ന ദിനങ്ങളിലൂടെ കടന്നുപോകുകയാണ് ഇന്ത്യ. ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം തിരഞ്ഞെടുപ്പാനന്തര ഇന്ത്യയില്‍ ഭരണചക്രം ആര് തിരിക്കും എന്നുള്ളത് തന്നെയാണ്.

താനാണ് യഥാര്‍ഥ കാവല്‍ക്കാരന്‍ എന്ന് നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുമ്പോള്‍ ഇപ്പോഴത്തെ കാവല്‍ക്കാരന്‍ കള്ളനും ചതിയനുമാണെന്ന് മുഖ്യ പ്രതിപക്ഷ പോരാളി രാഹുല്‍ ഗാന്ധിയും ആരോപിക്കുന്നു. മോദിക്കു പിന്നില്‍ ഇന്ത്യയിലെ വന്‍കിട കോര്‍പറേറ്റുകളും അവര്‍ സമര്‍ഥമായി നിര്‍മിച്ചുണ്ടാക്കിയ ഹൈന്ദവ ദേശീയത എന്ന ഒരാശയവും കൂട്ടിനുണ്ട്. രാഹുല്‍ ഗാന്ധിയും കൂട്ടരും അതിനെ പ്രതിരോധിക്കാന്‍ ആശ്രയിക്കുന്നത് തീര്‍ത്തും കോര്‍പറേറ്റ് രഹിതരെയാണോ? ഹൈന്ദവ ദേശീയതക്ക് പകരം മതേതര നിരപേക്ഷമായ ആശയത്തെയാണോ അവര്‍ കൂട്ടുപിടിക്കുന്നത്? ഇങ്ങനെ ചില ചോദ്യങ്ങളുടെ പ്രസക്തി ബാക്കിവെച്ചു കൊണ്ടാണ് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് ഗോദയില്‍ അണിനിരന്നിരിക്കുന്നത്. അധികാരം ലഭിക്കാന്‍ സാധ്യതയുള്ള രണ്ട് മുന്നണിയും ഏറെക്കുറെ ഒരേ സാമ്പത്തിക നയത്തെ പിന്തുടരുമ്പോള്‍ ഹൈന്ദവ ദേശീയത അരക്കിട്ടുറപ്പിക്കുന്നതിലും അതുവഴി ഇന്ത്യാ രാജ്യത്ത് ഇപ്പോഴും വേരറ്റിട്ടില്ലാത്ത മതേതര കാഴ്ചപ്പാടിനെ കൈയൊഴിയാനുള്ള വെമ്പലിലും മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ ബി ജെ പിയും ആര്‍ എസ് എസും കൊണ്ടുപിടിച്ച ശ്രമത്തിലുമാണ്. കഴിഞ്ഞ അഞ്ച് കൊല്ലം ഈ പരീക്ഷണത്തില്‍ ഏര്‍പ്പെടുകയും അതിനു വേണ്ടി ഭരണകൂട യന്ത്രത്തെ അവര്‍ പരമാവധി ദുര്‍വിനിയോഗം ചെയ്യുകയുമുണ്ടായി. മറുപക്ഷത്ത് അവരില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചെടുത്ത് പഴയ ജനാധിപത്യ കെട്ടുറപ്പിലേക്ക് കൊണ്ടുവരാനും പരമാവധി മതനിരപേക്ഷമാക്കാനും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യു പി എ സഖ്യവും കൊണ്ടു പിടിച്ച് ശ്രമിക്കുന്നു.

ശ്രമിക്കുന്നുണ്ട് എന്നത് സത്യമാണെങ്കിലും അത് ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ തക്ക തന്ത്രങ്ങള്‍ മെനയുന്നതിലും പ്രായോഗികമായ നീക്കങ്ങള്‍ നടത്തുന്നതിലും അവര്‍ വിജയിക്കുന്നില്ല എന്നു വേണം വിലയിരുത്താന്‍. അതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങളില്‍ ചെന്ന് അവര്‍ക്കെതിരെ പടനയിക്കാന്‍ ഒപ്പം ചേര്‍ക്കേണ്ടവരെ കൂടെ നിറുത്തുന്നതില്‍ കോണ്‍ഗ്രസിന് തുടക്കത്തില്‍ തന്നെ പിഴച്ചു എന്നാണ്. തിരഞ്ഞെടുപ്പ് പ്രചാരണം ഏറെക്കുറെ മുന്നോട്ടു പോയപ്പോള്‍ യു പി, ബിഹാര്‍, ഡല്‍ഹി, ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലൊന്നും പൊതു വിപത്തിനെതിരെ അണിനിരക്കേണ്ട ശക്തികളെ കൂട്ടിയോജിപ്പിക്കാന്‍ ഫാസിസ്റ്റ് വിരുദ്ധ നിലപാടുള്ള പാര്‍ട്ടികള്‍ക്കൊന്നും ആയിട്ടില്ല. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുമാകില്ല. പടനയിക്കുന്ന രാഹുല്‍ ഗാന്ധിക്കും ഒഴിഞ്ഞുമാറാനാകില്ല. സമയം ഇനിയും ബാക്കിനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസും രാഹുലും അവസരത്തിനൊത്ത് ഉയരുമോ എന്നത് വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

വ്യക്തികളുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തിക്കുമെന്നതുൾപ്പെടെ, നടപ്പിലാകാന്‍ സാധ്യതയില്ലാത്ത വന്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് ജനത്തെ ക്ലീനായി കബളിപ്പിക്കുന്ന തന്ത്രമാണ് ബി ജെ പിയും മോദിയും പയറ്റിയതും ഇപ്പോഴും പയറ്റുന്നതും. പാവങ്ങളായ പൊതുജനത്തിനുള്ളില്‍ അന്തര്‍ലീനമായിട്ടുള്ള “ക്ഷണികമായ പ്രലോഭനങ്ങള്‍ക്ക് അടിമപ്പെടല്‍” എന്ന സാധ്യത തിരിച്ചറിഞ്ഞു കൊണ്ടാണ് ഫാസിസ്റ്റ് മനോഭാവമുള്ള ഭരണകൂടങ്ങള്‍ ഇത്തരം തന്ത്രങ്ങള്‍ സ്വീകരിക്കുന്നത്. ഭൂരിപക്ഷ സമുദായങ്ങളുടെ മത വൈകാരികതയെ ആളിക്കത്തിച്ച് അവരുടെ യഥാര്‍ഥ സഹായികള്‍ തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കുന്നതും ഭരണത്തിനാവശ്യമായ പിന്തുണ നേടലിന്റെ ഭാഗമാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ മോദിയുടെയും അമിത് ഷായുടെയും ഇത്തരം കുടില തന്ത്രങ്ങളെ നേരിടാന്‍ കോണ്‍ഗ്രസും രാഹുലും ഇതിന്റെ മറ്റൊരു പതിപ്പിനെ ആശ്രയിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ദരിദ്രരുടെ അക്കൗണ്ടില്‍ പണമെത്തിക്കുമെന്നും ബാബരി ക്ഷേത്രം പണിയണമെങ്കില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്നും വരെയുള്ള പ്രചാരണങ്ങള്‍ കോണ്‍ഗ്രസും സ്വീകരിച്ചു തുടങ്ങിയെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നു. ഇത്തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ ഫാസിസത്തിനെതിരെയുള്ള യഥാര്‍ഥ ജനാധിപത്യ, മതേതര ബദലാകില്ല രൂപപ്പെടുക എന്നുറപ്പാണ്. അതിലും വലിയ അപകടകരമായ മറ്റൊരു പ്രവണത കോണ്‍ഗ്രസിലെ ചില പ്രമുഖ നേതാക്കളിലെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ട്. ബി ജെ പിയേക്കാള്‍ വലിയ ശത്രു ചില സ്ഥലങ്ങളിലെങ്കിലും ഇടതു പക്ഷമാണെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. അത്തരം സംസ്ഥാനങ്ങളില്‍ ബി ജെ പിയുമായി രഹസ്യ ധാരണയുണ്ടാക്കി ഇടതു പക്ഷത്തെ തകര്‍ക്കുക എന്ന തന്ത്രമാണ് അവര്‍ ആലോചിക്കുന്നത്. ഇതും ബി ജെ പിക്ക് കൂടുതല്‍ കരുത്തുപകരാനേ ഉപകരിക്കൂ. രാഹുല്‍ ഗാന്ധിയെപ്പോലുള്ള ഒരാള്‍ ഇങ്ങനെ ചിന്തിക്കുമെന്ന് വിശ്വസിക്കാതിരിക്കാം. അതേസമയം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ ബുദ്ധി ഉപദേഷ്ടാക്കളില്‍ പല പ്രമുഖരും ഈ ഗണത്തില്‍ പെടുന്നവരാണ്.

നിലവിലെ രണ്ട് പ്രബല മുന്നണികള്‍ (എന്‍ ഡി എ, യു പി എ) സ്വീകരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഈ തരത്തിലാണെങ്കില്‍ ഇത് രണ്ടിനും അപ്പുറത്ത് ഉരുത്തിരിഞ്ഞു വന്നിട്ടുള്ള മൂന്നാം ബദല്‍ എന്ന സംവിധാനത്തിന്റെ സ്ഥിതി നോക്കാം. ബി ജെ പി ഉയര്‍ത്തുന്ന ഫാസിസത്തെ ചെറുക്കാന്‍ ഇടതു പക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ഈ ബദലിനും ആകില്ലെന്നുറപ്പാണ്. സമാജ് വാദി, ബി എസ് പി, തൃണമൂല്‍, ഡി എം കെ തുടങ്ങിയ കക്ഷികള്‍ കുറച്ച് സീറ്റുകള്‍ കരസ്ഥമാക്കുമെന്നുറപ്പാണ്. ഇടതുപക്ഷം അവരുടെ ശക്തി കേന്ദ്രങ്ങളില്‍ കേരളമൊഴികെ എല്ലായിടത്തും ക്ഷയിച്ചു നില്‍ക്കുന്നതിനാല്‍ അവര്‍ക്ക് കാര്യമായ സീറ്റു നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

എന്തായാലും ഇതര പാര്‍ട്ടികളോട് കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിഷേധാത്മക സമീപനം മൂലം തിരഞ്ഞെടുപ്പാനന്തരം ഒരു മികച്ച സഖ്യം ഉരുത്തിരിഞ്ഞു വരാന്‍ സാധ്യത കുറവുമാണ്. തൂക്കുപാര്‍ലിമെന്റാണ് വരുന്നതെങ്കില്‍ കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്കുള്ള കൂറുമാറ്റവും മുറക്ക് നടന്നേക്കും.

നോട്ട് നിരോധനവും കര്‍ഷകര്‍ അനുഭവിക്കുന്ന കടക്കെണിയും വംശീയ വെറിയും ആള്‍ക്കൂട്ട കൊലപാതകങ്ങളുമെല്ലാം മോദിക്കും സംഘത്തിനും എതിരായി ജനവിധിയില്‍ പ്രതിഫലിക്കേണ്ടതാണ്. പക്ഷേ അത് ചുളുവില്‍ നടക്കുമെന്ന പ്രതീക്ഷയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിക്കേണ്ട ഇടങ്ങളിലൊക്കെ വിഘടിച്ച് നില്‍ക്കുന്നു. ഭൂരിപക്ഷ സമുദായത്തിന്റെ മതവൈകാരികതയെ ബി ജെ പിയും ആര്‍ എസ് എസും സമര്‍ഥമായി ചൂഷണം ചെയ്യുന്നതില്‍ വിജയിക്കുകയും ചെയ്യുമ്പോള്‍ മതേതര നിലപാടുള്ള പാര്‍ട്ടികള്‍ ചിലത് മറന്നുപോകുന്നു. അതായത്, ഫാസിസത്തെ ചെറുക്കാന്‍ ലൊട്ടുലൊടുക്ക് വിദ്യകളോ കുറുക്കുവഴികളോ ഇല്ല എന്ന സത്യം. പ്രതിപക്ഷത്തിന്റെ ഐക്യമാണ് ഏകപരിഹാരമായി തെളിഞ്ഞുവരുന്നത്. കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കുകയും മറ്റു പാര്‍ട്ടികള്‍ നിര്‍ണായകമായ പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്താല്‍ അടുത്ത അഞ്ച് വര്‍ഷം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രതീക്ഷകളോടെ ജീവിക്കാം.

കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി

---- facebook comment plugin here -----

Latest