Connect with us

National

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ദേവഗൗഡക്കും ശരത്പവാറിനും പിന്നാലെ സ്റ്റാലിനും

Published

|

Last Updated

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ യു പി എ സഖ്യകക്ഷികളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പ് കൂടുതല്‍ ശക്തമാകുന്നു. ഡി എം കെ നേതാവ് എം കെ സ്റ്റാലിനാണ് പരസ്യായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇടത് പാര്‍ട്ടികള്‍ക്കെതിരായി മത്സരിക്കുന്നത് ഉത്തരേന്ത്യയില്‍ ബി ജെ പിക്ക് ഗുണകരമാകുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമെല്ലാം

ഡി എം കെ സഖ്യത്തിനൊപ്പം ചേര്‍ന്ന് മത്സരിക്കുന്ന സാഹചര്യത്തില്‍ സ്റ്റാലിന്റെ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ എന്‍ സി പി യുടെ നേതാവ് ശരത് പവാറും കര്‍ണാടകയിലെ സഖ്യകക്ഷി നേതാവായ എച്ച് ഡി ദേവഗൗഡയും സമാപന അഭിപ്രായം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുമ്പില്‍ നേരത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. യു പി എയുടെ പ്രധാന സഖ്യകക്ഷികളുടെ നേതാക്കള്‍ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തില്‍ ഇത് അവഗണിച്ച് രാഹുല്‍ രംഗത്തെത്താനുള്ള സാധ്യത വിരളമാണ്.

അതിനിടെ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ മറ്റ് പാര്‍ട്ടികള്‍ ഇടപെടേണ്ടതില്ലെന്നും ഒരു സമ്മര്‍ദത്തിനും വഴങ്ങരുതെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. കേരളത്തില്‍ എക്കാലത്തും ഇടതുപക്ഷമാണ് എതിരാളികള്‍. രാഹുല്‍ കേരളത്തില്‍ മത്സരിച്ചാലൊന്നും ദേശീയതലത്തിലുള്ള ബി ജെ പി വിരുദ്ധ സഖ്യം തകരില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

അതേ സമയം രാഹുലിന്റെ സ്ഥാനാര്‍ഥിത്വം വൈകുന്നതില്‍ വയനാട്ടില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ശം ശക്തമാകുകയാണ്. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കാമെന്ന് നേതാക്കള്‍ രഹസ്യം പറയുന്നു.