Connect with us

Kerala

ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നല്‍കിയ പ്രേരണ കുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണ

Published

|

Last Updated

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീം കോടതിയില്‍ കേസ് നല്‍കിയ പ്രേരണാ കുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഡല്‍ഹിയില്‍ ബി ജെ പി നേതാവാണ് പ്രേരണകുമാരി. ഇവരുടെ ഭര്‍ത്താവ് ബി ജെ പി ലീഗല്‍ സെല്ലിന്റെ സുപ്രീം കോടതി യൂണിറ്റ് സെക്രട്ടറിയും, പോഷകസംഘടനയുടെ ഔദ്യോഗിക വക്താവുമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

ബി ജെ പി നേതൃനിരയില്‍ പെട്ട പ്രേരണാ കുമാരിയെ കൊണ്ട് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നല്‍കിയതിന് പിന്നിലെ ഗൂഢശക്തി ആരെന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്. ചൗക്കിദാര്‍ പ്രേരണ എന്ന ട്വിറ്റര്‍ അക്കൗണ്ടിലെ സ്‌ക്രീന്‍ ഷോട്ടും ബി ജെ പി പതാക പിടിച്ചു നില്‍ക്കുന്ന പ്രേരണയുടെ ചിത്രവും കുറിപ്പിനൊപ്പം കടകംപള്ളി നല്‍കിയിട്ടുണ്ട്.

പ്രേരണാകുമാരിയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ശംഭു ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണെന്നതും ഇതിനോട് കൂട്ടിവായിക്കണം. ശബരിമല യുവതീപ്രവേശനത്തിനായി വാദിച്ചതും, അനുകൂല വിധിക്കായി 12 വര്‍ഷം കേസ് നടത്തിച്ചതും ചൗക്കീദാര്‍ പ്രേരണാകുമാരി അടക്കമുളള സംഘപരിവാറുകാരായ, ബി ജെ പിക്കാരായ സ്ത്രീകളാണെന്നത് കേരളം കലാപ കലുഷിതമാക്കാന്‍ ആര്‍ എസ് എസ് നീക്കം നടത്തിയപ്പോള്‍ ഞങ്ങള്‍ വിളിച്ചു പറഞ്ഞതാണ്. അന്ന് അത് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍ക്കുള്ള കാലത്തിന്റെ മറുപടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കുറേക്കൂടി ദൃഢമായ തെളിവുകളെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പറയുന്നു.