Connect with us

Kerala

വയനാട്ടില്‍ രാഹുല്‍ വരാനുള്ള സാധ്യത മങ്ങുന്നു

Published

|

Last Updated


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായി വരാനുള്ള സാധ്യത മങ്ങുന്നു. യു പി എയിലെ ഘടകക്ഷികള്‍ ഉയര്‍ത്തുന്ന എതിര്‍പ്പാണ് രാഹുലിനെ പിന്തിരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പോരാട്ടം ബി ജെ പിക്ക് എതിരായാണ് വേണ്ടതെന്ന് യു പി എയിലെ സഖ്യകക്ഷികള്‍ രാഹുലിനെ ഉണര്‍ത്തിയെന്നും എന്‍ സി പി നേതാവ് ശരത്പവാര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എടുത്തെന്നുമാണ് റിപ്പോര്‍ട്ട്.

വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനം രാഹുലാണ് എടുക്കേണ്ടതെന്നാണ് ദേശീയ നേതാക്കള്‍ പറയുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഇത് സംബന്ധിച്ച് നിരന്തരം ഹൈക്കമാന്‍ഡുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും അനുകൂലമായ ഒരു പ്രതികരണവും ഇതുവെര ഉണ്ടായിട്ടില്ല.
രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ സംസ്ഥാനത്തെ യു ഡി എഫ് അണികള്‍ വലിയ ആവേശത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആവേശമെല്ലാം കെട്ടടങ്ങിയ അവസ്ഥയാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ പ്രവര്‍ത്തകര്‍ നേതൃത്വത്തെ വിളിച്ച് ആശങ്ക പങ്കുവെക്കുന്നു.

നിലവിലെ അവസ്ഥയില്‍ രാഹുലല്ലാതെ മറ്റാരെങ്കിലുമാണ് സ്ഥാനാര്‍ഥിയെങ്കില്‍ അത് തിരഞ്ഞെടുപ്പില്‍ മുന്നണിയെ ബാധിക്കുമെന്ന് വയനാട് ഡി സി സി പ്രസിഡന്റ് ഐ സി ബലകൃഷ്ണന്‍ പറഞ്ഞു. സമാന അഭിപ്രായം തന്നെയാണ് മലപ്പുറം ഡി സി സി പ്രസിഡന്റ് വി വി പ്രകാശും പങ്കുവെച്ചത്. മത്സരത്തിനിറങ്ങാന്‍ തനിക്ക് ഒരു നിര്‍ദേശവും ലഭിച്ചിട്ടി്‌ല്ലെന്നും രാഹുല്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖും പറഞ്ഞു. രാഹുല്‍ പിന്‍മാറരുതെന്ന് മുസ്ലിംലീഗും ആവശ്യപ്പെടുന്നു. എന്നാല്‍ തീരുമാനം ഉടന്‍ വേണമെന്നാണ് ഘടകക്ഷികളുടെ നിലപാട്.

തീരുമാനം നീണ്ടിക്കൊണ്ടുപോയാല്‍ സംസ്ഥാനത്ത് മൊത്തതില്‍ യു ഡി എഫിന്റെ സാധ്യതയെ തന്നെ ബാധിച്ചേക്കുമെന്ന് ഘടകകഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഇനിയും നീട്ടിക്കൊണ്ടുപോകുന്ന ഉചിതമല്ലെന്നും ഇന്ന് തന്നെ തീരുമാനം പ്രഖ്യാപിക്കണമെന്നും മുസ്ലിംലീഗ് നേതൃത്വം കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവരെ ധരിപ്പിച്ചു. രാഹുലിന്റെ കാര്യതതിലുള്ള അനിശ്ചിതത്വം പ്രചാരണത്തെ ബാധിക്കുന്നുവെന്ന് ആര്‍ എസ് പിയും കേരള കോണ്‍ഗ്രസും അറിയിച്ചു.
ഇതിനിടെ മുന്‍നിലപാടില്‍ നിന്ന് വ്യതിചലിക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുകയും ചെയ്തു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് ആദ്യം മാധ്യമങ്ങള്‍ക്ക് മുമ്പാകെ പറഞ്ഞത് ഉമ്മന്‍ചാണ്ടിയായിരുന്നു. എന്നാല്‍ രാഹുല്‍ മത്സരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ഉമ്മന്‍ചാണ്ടി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. രാഹുല്‍ സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ നേരത്തെയുണ്ടായിരുന്ന ആത്മവിശ്വാസം ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കില്ലെന്ന് ഇതിലൂടെ വ്യക്തമാകുന്നത്.

Latest