Connect with us

National

സീറ്റ് ലഭിക്കാത്തതില്‍ വോട്ടര്‍മാര്‍ക്ക് കത്തയച്ച്‌ മുരളി മനോഹര്‍ ജോഷിയുടെ പരസ്യ പ്രതിഷേധം

Published

|

Last Updated

കാണ്‍പൂര്‍:തിരഞ്ഞെടുപ്പ് സീറ്റ് നിഷേധിച്ചതിന് പുറമെ പ്രചാരണ രംഗത്ത് നിന്ന് പോലും മാറ്റിനിര്‍ത്തുന്നതിനെതിരെ പ്രതിഷേധവുമായി മുതിര്‍ന്ന ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷി രംഗത്ത്. താന്‍ പലവട്ടം ജനവിധി തേടിയ കാണ്‍പൂരിലെ വോട്ടര്‍മാര്‍ക്ക് പരസ്യ കത്തയച്ചാണ് ജോഷി പ്രതികരിച്ചിരിക്കുന്നത്. കാണ്‍പൂരിലെ പ്രിയ വോട്ടര്‍മാരെ, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാണ്‍പൂരില്‍ നിന്നുമാത്രമല്ല ഒരിടത്തുനിന്നും ഞാന്‍ മത്സരിക്കേണ്ടെന്ന് ബി ജെ പി യുടെ ജനറല്‍ സെക്രട്ടറി രാം ലാല്‍ അറിയിച്ചു. ഇന്നാണ് അദ്ദേഹം തീരുമാനം അറിയിച്ചതെന്നും കത്തില്‍ പറയുന്നു. കാണ്‍പൂരില്‍ വലിയ ജനസ്വാധീനമുള്ള ജോഷിയുടെ പ്രതികരണം പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുമന്ന കാര്യം ഉറപ്പാണ്.

പാര്‍ട്ടി തീരുമാനം അറിയിച്ച രാം ലാലിനോട് ഇതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് മുരളി മനോഹര്‍ ജോഷി തുറന്ന് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇത്തരം ഒരു തീരുമാനം പാര്‍ട്ടി എടുത്തിട്ടുണ്ടെങ്കില്‍ ദേശീയ പ്രസിഡന്റ് അമിത്ഷാ നേരിട്ട് വന്ന് തീരുമാനം അറിയിക്കണമെന്നാണ് ജോഷിയുടെ നിലപാട്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് നില്‍ക്കാതെ രാം ലാല്‍ മടങ്ങുകയായിരുന്നെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നു. തുടര്‍ന്നാണ് ജോഷി വോട്ടര്‍മാര്‍ക്കുള്ള പരസ്യ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത്്. 75 വയസ്സ് കഴിഞ്ഞവര്‍ക്ക് സീറ്റ് നല്‍കേണ്ടന്ന പാര്‍ട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബി ജെ പി സ്ഥാപക നേതാക്കളായ അഡ്വാനിക്കും ജോഷിക്കും സീറ്റ് നിഷേധിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാല്‍ ഇത്തരം ഒരു തീരുമാനത്തിലേക്ക് ബി ജെ പിയെത്തിയത് ജോഷിയോടും അഡ്വാനിയോടും അമിത് ഷാ- മോദി കൂട്ടുകെട്ടിനുള്ള വിയോജിപ്പാണെന്ന കാര്യം വ്യക്തമാണ്. നേരത്തെ പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി ചെയര്‍മാനായ ജോഷി സര്‍ക്കാറിനെ വിമര്‍ശിച്ച് പലപ്പോഴും രംഗത്തെത്തിയിരുന്നു. ഗംഗ ശുചീകരണം അടക്കമുള്ള പാര്‍ലിമെന്റ് എസ്റ്റ്‌മേറ്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു.
കഴിഞ്ഞ തവണ 57 ശതമാനം വോട്ട് നേടി കാണ്‍പൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജോഷിയെ വളരെ ആസൂത്രിതമായി ബി ജെ പി നേതൃത്വം ഇത്തവണ സ്ഥാനാര്‍ഥി ലിസ്റ്റില്‍ നിന്ന് വെട്ടുകയായിരുന്നു.