പുല്‍വാമ: സര്‍ക്കാറിനെ വിമര്‍ശിച്ച് പോസ്റ്റിട്ട അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: March 26, 2019 1:45 pm | Last updated: March 26, 2019 at 3:38 pm

ലക്‌നൗ: പുല്‍വാമ ഭീകരാക്രമണ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചും പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനെ പ്രശംസിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട ബേസിക് ശിക്ഷാ അധികാരിയെയും ഏഴ് അധ്യാപകരെയും യു പി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. സ്വകാര്യ കോളജ് അധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒരു അധ്യാപകനോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.

ഫേസ് ബുക്കിലും വാട്‌സാപ്പിലും ഇവര്‍ നല്‍കിയ പോസ്റ്റില്‍ ബലാകോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ഭരണകൂടത്തിനെതിരെ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു.

ബേസിക് ശിക്ഷാ അധികാരി (ബി എസ് എ) ദിനേഷ് യാദവ്, അധ്യാപകരായ സുരേന്ദ്ര കുമാര്‍, അമരേന്ദ്ര കുമാര്‍, രവീന്ദ്ര കനോജിയ, രവിശങ്കര്‍ യാദവ്, നന്ദ്ജി യാദവ്, നിരങ്കര്‍ ശുക്ല, രാജേഷ് ശുക്ല എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ദിലീപ് സിംഗ് യാദവ് എന്ന അധ്യാപകനെതിരെ കേസ് രജിസറ്റര്‍ ചെയ്യുകയും സത്യപ്രകാശ് വര്‍മയോട് വിശദീകരണം തേടുകയും ചെയ്തു.