Connect with us

Kerala

ഭീഷണിയുടെ ലഘുലേഖയുമായി വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകള്‍

Published

|

Last Updated

കല്‍പ്പറ്റ: വൈത്തിരിയിലെ റിസോര്‍ട്ടിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകള്‍. മാനന്തവാടി
തലപ്പുഴ മക്കിമലയിലാണ് സ്ത്രീകള്‍ ഉള്‍പ്പെട്ട നാലംഗ സംഘം ഇന്നലെ രാത്രിയെത്തിയത്. എട്ട് മണിയോടെ മക്കിമലയിലെ കടകളിലെത്തി സാധനങ്ങള്‍ വാങ്ങിയ ഇവര്‍ മുദ്രാവാക്യം വിളിക്കുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തു. വൈത്തിരി ഉപ്പുവന്‍ റിസോര്‍ട്ടിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജലീലിന്റെ മുഖചിത്രം അടങ്ങിയ ലഘുലേഖയാണ് വിതരണം ചെയ്തത്. ജലീലിനെ പിണറായി സര്‍ക്കാറും തണ്ടര്‍ബോള്‍ട്ടും റിസോര്‍ട്ടിലെ ഒറ്റുകാരും ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ലഘുലേഖ പറയുന്നു.
കേസില്‍ സര്‍ക്കാറിന്റെ മജിസ്റ്റീരിയല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനമാണ്. ജുഡീഷ്യല്‍ അന്വേഷണത്തിനായി പ്രക്ഷോഭം ശക്തിപ്പെടുത്തും. ചെറിയൊരു തീപ്പൊരി കാട്ടുതീയായി മാറുമെന്നും മാവോയിസ്റ്റ് കബനീദളം വക്താവ് മന്ദാകിനിയുടെ പേരിലുള്ള ലഘുലേഖ പറയുന്നു. വൈത്തിരിയില്‍ ചിതറിയ ജലീലിന്റെ ചോരക്ക് പകരം ചോദിക്കുെമെന്നും ലഘുലേഖയിലുണ്ട്.

മക്കിമലയിലെത്തിയ നാലംഗ സംഘത്തിലെ രണ്ട് പേര്‍ സ്ത്രീകളയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

തണ്ടര്‍ബോള്‍ട്ടും പോലീസും സ്ഥലത്തെത്തി നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി. നേരത്തെ കേരളം സന്ദര്‍ശിക്കുന്നതിനിടെ കാശ്മീരില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്റെ വീട്ടില്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് രാഹുല്‍ഗാന്ധി ന്ദര്‍ശിക്കാന്‍ തീരുമാനമിട്ടിരുന്നു. എന്നാല്‍ വൈത്തിരിയിലെ മാവോയിസ്റ്റ് ഏറ്റ്മുട്ടലുണ്ടായ സാഹചര്യത്തില്‍ സുരക്ഷാ മുന്‍നിര്‍ത്തി സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു.രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന പുതിയ വര്‍ത്തകള്‍ക്കിടെ വയനാട്ടില്‍ മാവോയിസ്റ്റുകളെത്തിയതിനെ ആശങ്കയോടെയാണ് പോലീസ് കാണുന്നത്.

Latest