സൂഫി സ്വാധീനം വിശ്വ സാഹിത്യത്തിൽ

ദക്ഷിണ പൂർവ യൂറോപ്പ് മുതൽ ഉത്തര മധ്യ ആഫ്രിക്ക വരെയും മധ്യപൗരസ്ത്യ ദേശങ്ങൾ മുതൽ ചൈനയുടെ ഭാഗങ്ങൾ വരെയുമുള്ള സംസ്‌കാരങ്ങളെയും ലോകസാഹിത്യത്തെയും അഗാധമായി സ്വാധീനിച്ച ആത്മീയ വ്യവസ്ഥിതിയാണ് സൂഫിസം. ഇസ്‌ലാമിക സംസ്‌കാരത്തിലും സാഹിത്യത്തിലും ഒരുപോലെ വലിയ തരത്തിലുള്ള സ്വാധീനങ്ങൾ സൂഫിസം ചെലുത്തിയിട്ടുണ്ട്. മധ്യപൗരസ്ത്യ ദേശങ്ങളിലെ വാസ്തുവിദ്യയിലും കവിതയിലും കാലിഗ്രഫിയിലും സൂഫിസത്തിന്റെ സ്വാധീനം കാണാം.
സൂഫിസം
Posted on: March 24, 2019 2:46 pm | Last updated: March 24, 2019 at 2:53 pm

I saw my Lord with the eye of heart, I said who are you?, he answered, you! thus where no where has, as from you nor is there as to you where

ഞാൻ ഹൃദയത്തിന്റെ കണ്ണുകൊണ്ട് എന്റെ റബ്ബിനെ കണ്ടു, ഞാൻ ചോദിച്ചു ആരാണ് നീ.. റബ്ബ് പറഞ്ഞു, നീ തന്നെ. എവിടെ ഇല്ലല്ലോ, നിന്നെക്കാളും എവിടെ. നീ ഉള്ളിടം ആവട്ടെ വേറൊരു എവിടെയും ഇല്ലല്ലോ
(ഹല്ലാജ് മൻസൂർ)
സൂഫികളുടെ ഭാഷ, ഫന(സ്വശരീരത്തെ മറന്നു പ്രേമഭാജനത്തിൽ പൂർണവലയം പ്രാപിക്കുന്ന അവസ്ഥ)യിൽ എത്തിപ്പെട്ട മനസ്സിന്റെ ഭാഷയാണ്. വശ്യമായ ശൈലിയും ആകർഷകമായ ഉച്ചാരണരീതിയും ഇതിനുണ്ട്. ഭാഷ ഏതുമാകട്ടെ, നിഗൂഢമായ അർഥതലങ്ങളിലേക്ക് മനുഷ്യഹൃദയത്തെ കൂട്ടി കൊണ്ടുപോകാനും മനസ്സിലെ തമസ്സിനെ സംസ്‌കരിക്കാനും അതിന് സാധിക്കുന്നു
സൂഫി സാഹിത്യ ചരിത്രത്തിന് പ്രവാചക കാലത്തോളം പഴക്കമുണ്ട്. എങ്കിലും മുസ്‌ലിം അധ്യാത്മിക ചരിത്രത്തിൽ ദിവ്യാനുരാഗ പ്രസ്ഥാനത്തിന് ബീജാവാപം നൽകിയത് എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റാബിയത്തുൽ അദവിയ്യ (റ) ആയിരുന്നു. ഹല്ലാജ്, ഇമാം ഗസ്സാലി, ഇബ്‌നു അറബി തുടങ്ങിയവരെയെല്ലാം വലിയ രൂപത്തിൽ സ്വാധീനിക്കാൻ അവരുടെ രചനകൾക്കായി. അറേബ്യയിലാണ് സൂഫി സാഹിത്യത്തിന്റെയും സൂഫി സംസ്‌കാരത്തിന്റെയും തുടക്കമെങ്കിലും ഇറാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലൂടെ ആഗോള സാഹിത്യ വ്യവഹാരങ്ങളെ സ്വാധീനിക്കാൻ അവക്ക് സാധിച്ചു.

പൗലോ കൊയ്‌ലോ, സെർവാന്റീസ്, എൻ കൃഷ്ണപിള്ള

ഏതെങ്കിലും തരത്തിലുള്ള സ്വാധീനത്തിന് വിധേയമാകാത്ത സാഹിത്യ കൃതികൾ കുറവായിരിക്കും എന്നുതന്നെ പറയാം. ജനിച്ചുവളർന്ന ദേശ കാലങ്ങൾ, അനുഭവ- ജ്ഞാനമണ്ഡലങ്ങൾ തുടങ്ങിയവയെല്ലാം ഒരു സാഹിത്യകാരന്റെ രചനകളെ സ്വാധീനിക്കുന്നു. പ്രധാനമായും എഴുത്തുകാരനെ സ്വാധീനിക്കുന്നത് സ്വാനുഭവങ്ങളാണ്. നേരിട്ട് അനുഭവിക്കുന്നതിനു പുറമേ പരോക്ഷ അനുഭവങ്ങളും നിരന്തരം സ്വാധീനിക്കുന്നു. ഇത്തരം പരോക്ഷ അനുഭവങ്ങളാണ് കൂടുതൽ പ്രസക്തമായിട്ടുള്ളത്. ഹെന്റിക് ഇബ്‌സന്റെ പ്രശ്‌ന നാടകങ്ങൾ, എൻ കൃഷ്ണപിള്ളയുടെ കന്യക, ബലാബലം, ഭഗ്‌നഭവനം തുടങ്ങിയ നാടകങ്ങൾക്ക് ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇബ്‌സൻ കൃതികളുടെ പ്രകടമായ സ്വാധീനം കൃഷ്ണപിള്ളയുടെ നാടകങ്ങളിൽ കാണാം. കൃതിയോ ഗ്രന്ഥകാരനോ വേണമെന്നില്ല, ചിലപ്പോൾ ഒരു സാഹിത്യ പ്രസ്ഥാനമോ സാഹിത്യ പ്രവണതയോ രചയിതാക്കളെ സ്വാധീനിച്ചു എന്നു വരാം. ചങ്ങമ്പുഴയുടെ രമണൻ ഇംഗ്ലീഷിലെ ഇടയ വിലാപകാവ്യങ്ങളെ അനുകരിച്ച് എഴുതിയതാണ്. മലയാളത്തിലെ സാഹിത്യ പ്രസ്ഥാനം ഇംഗ്ലീഷിലെ കാല്പനിക പ്രസ്ഥാനത്തോടാണ് കടപ്പെട്ടിരിക്കുന്നത്. കാല്പനികത എന്ന പ്രവണത ഇംഗ്ലീഷുകാർക്ക് ലഭിച്ചത് പേർഷ്യൻ സൂഫി കാവ്യങ്ങളിൽ നിന്നാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സംസ്‌കാരങ്ങളും സാഹിത്യവും തമ്മിലുള്ള അർഥപൂർണമായ സംവാദം എന്ന നിർവചനമാണ് ഇവിടെ സൂഫി സ്വാധീനത്തിന് കൂടുതൽ യോജിക്കുന്നത് എന്ന് തോന്നുന്നു.

ദക്ഷിണ പൂർവ യൂറോപ്പ് മുതൽ ഉത്തര മധ്യ ആഫ്രിക്ക വരെയും മധ്യപൗരസ്ത്യ ദേശങ്ങൾ മുതൽ ചൈനയുടെ ഭാഗങ്ങൾ വരെയുമുള്ള സംസ്‌കാരങ്ങളെയും ലോകസാഹിത്യത്തെയും അഗാധമായി സ്വാധീനിച്ച ആത്മീയ വ്യവസ്ഥിതിയാണ് സൂഫിസം. ഇസ്‌ലാമിക സംസ്‌കാരത്തിലും സാഹിത്യത്തിലും ഒരുപോലെ വലിയ തരത്തിലുള്ള സ്വാധീനങ്ങൾ സൂഫിസം ചെലുത്തിയിട്ടുണ്ട്. മധ്യപൗരസ്ത്യ ദേശങ്ങളിലെ വാസ്തുവിദ്യയിലും കവിതയിലും കാലിഗ്രഫിയിലും സൂഫിസത്തിന്റെ സ്വാധീനം കാണാം. കാല്പനിക പ്രണയം പോലുള്ള ആശയങ്ങൾ പാശ്ചാത്യ ലോകത്തിന് ലഭിച്ചത് യൂറോപ്യന്മാർ സൂഫികളുമായി സഹവസിക്കാൻ ഇടവന്നതിന് ശേഷമാണെന്ന വസ്തുത അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

പല ആഗോള സാഹിത്യ ഗ്രന്ഥങ്ങളിലും സൂഫി സാഹിത്യത്തിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ സ്വാധീനം വ്യക്തമാണ്. William Tellന്റെ സ്വിസ് ഇതിഹാസം 12ാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫിയുമായിരുന്ന അത്താറിന്റെ പക്ഷി സമ്മേളനം (conference of birds) എന്ന കൃതിയോട് ബന്ധപ്പെട്ടുകിടക്കുന്നു. സെർവാന്റിയുടെ “ഡോൺ ക്വിക് ഹോട്ട്’ സൂഫി കഥകളുടെ സ്വാധീനവലയത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് എഴുത്തുകാരൻ തന്നെ സമ്മതിച്ചിട്ടുണ്ട്. പൗലോ കൊയ്‌ലോയുടെ രചനകളിലെല്ലാം ഇത്തരത്തിലുള്ള സൂഫി സ്വാധീനം വ്യക്തമാണ്. അദ്ദേഹത്തിന്റെ The Alchemist എന്ന ഗ്രന്ഥത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ സൂഫിസത്തോട് ബന്ധപ്പെട്ടിരിക്കുന്നു (ആൽക്കമി എന്ന പദം തന്നെ പിറവിയെടുക്കുന്നത് താഴ്ന്നതരം ലോഹങ്ങളിൽ നിന്നും സ്വർണം രൂപപ്പെടുത്തുക എന്നതിൽ നിന്നാണ്. മനുഷ്യനെ ശുദ്ധീകരിച്ച് പരിശുദ്ധ തലങ്ങളിലേക്ക് എത്തിക്കുക എന്നതിലേക്കുള്ള സൂചന). ഇദ്ദേഹത്തെ ജലാലുദ്ദീൻ റൂമി ഏറെ സ്വാധീനിച്ചിട്ടുണ്ട്.
ഇബ്‌നു അറബിയുടെ കൃതികളാണ് ദാന്തെയുടെ ഡിവൈൻ കോമഡി എന്ന കൃതി രചിക്കുന്നതിന് കാരണമെന്ന് മനസ്സിലാക്കുമ്പോൾ സൂഫി സാഹിത്യങ്ങൾ പാശ്ചാത്യ സാഹിത്യ രംഗങ്ങളിൽ എത്രമാത്രം സ്വാധീനം ചെലുത്തി എന്ന് നമുക്കു മനസ്സിലാകും.

സൂഫിസവും സാഹിത്യവും ഇന്ത്യയിൽ
ഇന്ത്യയിൽ ഇസ്‌ലാം പ്രചരിക്കുന്നത് സൂഫികളുടെ കടന്നു വരവോടെയാണ്. ജാതീയത ഗ്രസിച്ച സമൂഹത്തിൽ സൂഫികളുടെ സൗഹാർദ പൂർണമായ ഇസ്‌ലാമിക നിലപാട് ധാരാളം അയിത്ത ജാതിക്കാർ ഇസ്‌ലാം പുൽകാൻ കാരണമാക്കി. ഖാജാ മുഈനുദ്ദീൻ ചിശ്തി (റ), നിസാമുദീൻ ഔലിയ (റ) എന്നീ സൂഫി ദാർശനികന്മാരിലൂടെ ലക്ഷക്കണക്കിന് പേർ ഇസ്‌ലാമിലേക്ക് കടന്നു വന്നു. ബുൾബുൾ ഷാ എന്ന സൂഫി ഫകീർ കാരണം കശ്മീരികൾ ഭൂരിഭാഗവും ഇസ്‌ലാം സ്വീകരിച്ചു. ദക്ഷിണേന്ത്യൻ ഭാഗങ്ങളിലും സൂഫികൾ വഴിയായി ധാരാളം പേർ ഇസ്‌ലാം മതത്തിലേക്ക് കടന്നുവന്നിട്ടുണ്ട്.
സൂഫികളുടെ പ്രബോധന വഴി ആത്മീയ കലകളുടെ സംഗമ ഭൂമിയായിരുന്നു. നിഗൂഢ രഹസ്യങ്ങളുടെ കലവറകൾ കാട്ടിയും ദൈവിക പ്രണയം കാംക്ഷിച്ചും ധാരാളം ഗ്രന്ഥങ്ങൾ അവർ രചിച്ചു. എന്നാൽ അവയിൽ പലതും പൊതു സമൂഹത്തിന് ഇന്നും അന്യമാണ്. ആത്മ സംസ്‌കരണ ചിന്താ രീതികളോ ഗ്രന്ഥങ്ങളോ അവയിലെ ആന്തരികാർഥങ്ങളോ വിശദീകരിക്കുവാൻ സാധാരണക്കാർക്ക് കഴിയാറില്ല എന്നുമാത്രമല്ല, തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട് എന്നതുകൊണ്ടാണിത്.

ഹെൻറിക് ഇബ്സൻ, അല്ലാമാ ഇഖ്ബാൽ, കാഫ്ക

ഉറുദു സാഹിത്യം പ്രധാനമായും ഇന്ത്യയിലെ സൂഫി സാഹിത്യത്തിന്റെ ഉറവിടമായിരുന്നു. ഗസലുകളും ഖവാലിയും സൂഫി സാഹിത്യത്തിന്റെ മകുടോദാഹരണങ്ങളായി ഇന്നും മുഖ്യധാരാ സാഹിത്യ വേദികളിലടക്കം നിരന്തരം ആഘോഷിക്കപ്പെടുന്നു. ഇന്ത്യൻ സൂഫി സാഹിത്യത്തിന്റെ കടന്നുവരവ് പേർഷ്യൻ സൂഫി സംസ്‌കാരങ്ങളിലൂടെ ആയിരുന്നു. അതുകൊണ്ടുതന്നെയായിരിക്കണം പേർഷ്യൻ സാഹിത്യ മേഖലയുമായും സംസ്‌കാരവുമായും ഇന്ത്യൻ സാഹിത്യം അനിഷേധ്യ ബന്ധം പുലർത്തുന്നത്. ഖാജാ മുഈനുദ്ദീൻ ചിശ്തി (റ)യുടെ രചനകളിലും ഉറുദു സാഹിത്യ ഗ്രന്ഥങ്ങളിലും ഇത്തരത്തിലുള്ള പേർഷ്യൻ ബന്ധം വ്യക്തമാണ്. ഇപ്രകാരംതന്നെ സൂഫി സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകിയ മഹത് വ്യക്തിത്വമാണ് നിസാമുദ്ദീൻ ഔലിയ (റ)യുടെ ശിഷ്യനും പണ്ഡിതനുമായിരുന്ന അമീർ ഖുസ്രു (ഇന്ത്യയുടെ തത്ത എന്നപേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്). സൂഫി സാഹിത്യത്തിന് താളവും ഈണവും നൽകിയതും സ്വന്തം ശൈലി സമ്മാനിച്ചതും ഈ സാത്വിക കവിയായിരുന്നു. അതിനുശേഷം ഖാജാ മീർ ദർദ്, അക്ബർ അൽ ആബാദി എന്നിവരെ പോലുള്ള സൂഫി കവികളുടെ ഹൃദ്യാവിഷ്‌കാരങ്ങൾ അനേകായിരങ്ങളെ അധ്യാത്മികതയുടെ അനന്ത ലോകത്തേക്ക് കൈ പിടിച്ചു കൊണ്ടുപോയി. മാത്രമല്ല വൈദേശിക ആധിപത്യത്തിനെതിരെ ശബ്ദിക്കാനും പ്രകൃതി സൗന്ദര്യത്തിന്റെ ദൈവ ഹസ്തങ്ങളെ വാഴ്ത്തിപ്പാടാനും അല്ലാമ ഇഖ്ബാലിനെ പോലുള്ള സാഹിത്യകാരന്മാർ രംഗപ്രവേശം ചെയ്തു. സൂഫി സാഹിത്യശൈലി വലിയ തരത്തിൽ സ്വാധീനിച്ച ഉറുദു കവിയായിരുന്നു മിർസാ ഗാലിബ്. പാശ്ചാത്യ സാഹിത്യത്തിൽ അസ്തിത്വവാദം (existentialism) എന്ന സാഹിത്യശാഖ പ്രത്യക്ഷപ്പെടുന്നത് 1920 കളിലാണ്. എന്നാൽ, ആൽബെർട്ട് കാമുവും ഫ്രാൻസ് കാഫ്‌കെയുമെല്ലാം രചനകളിൽ അസ്തിത്വവാദം വിഷയമാക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ ഗാലിബ് രചനകളിൽ അതു പ്രമേയമാക്കിയിരുന്നു.
(അവസാനിച്ചിട്ടില്ല)

ഇർശാദ് മരക്കാർ
[email protected]