രാഹുൽ വരുമ്പോള്‍ ചോദ്യങ്ങൾ നിരവധി

തിരുവനന്തപുരം
Posted on: March 24, 2019 9:23 am | Last updated: March 24, 2019 at 9:25 am

സ്ഥാനാർഥിത്വം തീരുമാനിച്ചില്ലെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന വാർത്തകൾ ഊർജമാക്കാൻ കോൺഗ്രസ്. രാഹുൽ ഇവിടെ വന്നാൽ ദക്ഷിണേന്ത്യയിലും കേരളത്തിൽ പ്രത്യേകിച്ചും ഉണർവ് ഉണ്ടാകുമെന്നാണ് കോൺഗ്രസ് അവകാശവാദമെങ്കിലും ദേശീയതലത്തിൽ ഇത് തിരിച്ചടിക്കുമെന്നാണ് വിലയിരുത്തൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മുഖ്യ എതിരാളി ആരെന്ന ചോദ്യം ഉയർത്തി പുതിയ വാർത്തകളെ എൽ ഡി എഫും പ്രതിരോധിച്ച് തുടങ്ങി. രാഹുലിന്റെ സ്ഥാനാർഥിത്വം എന്ത് സന്ദേശം നൽകുമെന്ന ചോദ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. സിറ്റിംഗ് സീറ്റായ അമേഠിയിൽ തോൽവി ഭയന്നാണ് രാഹുൽ കേരളത്തിൽ മത്സരിക്കാനെത്തുന്നതെന്ന പ്രചാരണവുമായി ബി ജെ പിയും കളത്തിലുണ്ട്.

തർക്കത്തിൽ കുരുങ്ങി രൂക്ഷമായ ഗ്രൂപ്പ് യുദ്ധത്തിന് വഴിതുറന്ന വയനാട്ടിൽ ഏറെ ചർച്ചകൾക്ക് ശേഷമാണ് ടി സിദ്ദീഖ് സ്ഥാനാർഥിയായി വരുന്നത്. ഉമ്മൻ ചാണ്ടിയുടെ ഉറച്ച നിലപാടിനൊടുവിൽ എ ഗ്രൂപ്പ് ഈ സീറ്റ് സ്വന്തമാക്കി. ഐ ഗ്രൂപ്പ് ഇതിന്റെ അസംതൃപ്തിയിൽ കഴിയുകയായിരുന്നു. ഈ അസ്വസ്ഥതകളെല്ലാം നിലനിൽക്കെയാണ് രാഹുൽ വയനാട്ടിലേക്ക് മത്സരിക്കാൻ വരുന്നുവെന്ന പ്രഖ്യാപനം സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ നടത്തുന്നത്. സിദ്ദീഖിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ച് അദ്ദേഹം പ്രചാരണം തുടങ്ങിയിരുന്നുവെങ്കിലും എ ഐ സി സി ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല.
ദക്ഷിണേന്ത്യയിൽ നിന്നൊരു സീറ്റിൽ രാഹുൽ സ്ഥാനാർഥിയാകുമെന്നും വയനാടും ഇതിനായി പരിഗണിക്കുന്നുണ്ടെന്നും നേരത്തേ വാർത്തകൾ വന്നിരുന്നു. സിദ്ദീഖിനെ സ്ഥാനാർഥിയാക്കിയതോടെ ഇനി മാറ്റം ഉണ്ടാകില്ലെന്ന പ്രതീക്ഷയിൽ നിൽക്കെയാണ് പൊടുന്നനെ വീണ്ടും രാഹുലിന്റെ പേര് ഉയരുന്നത്. സിദ്ദീഖിന്റെ സീറ്റ് ഉറപ്പിക്കാൻ ഉറച്ച നിലപാടെടുത്ത ഉമ്മൻ ചാണ്ടി തന്നെയാണ് ആദ്യം ഇക്കാര്യം അറിയിക്കുന്നത്. പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും സ്വാഗതം ചെയ്തു. വൈകാതെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറുകയാണെന്ന ടി സിദ്ദീഖിന്റെ പ്രഖ്യാപനവും.

കോൺഗ്രസിലെ പ്രബല ഗ്രൂപ്പുകളും ഘടകകക്ഷികളും രാഹുൽ വരുമെന്ന സൂചനകളെ ആവേശത്തോടെയാണ് വരവേറ്റത്. എ ഐ സി സി ഇനിയും സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്ന നിലയിലാണ് ഇപ്പോഴത്തെ പ്രചാരണമത്രയും.
രാഹുൽ വയനാട്ടിലേക്ക് വന്നാൽ അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഉറപ്പ്. മുഖ്യ എതിരാളി ബി ജെ പിയാണെന്നിരിക്കെ പ്രതിപക്ഷ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി അവർക്കെതിരെ യല്ലേ മത്സരിക്കേണ്ടതെന്നാണ് ഉയരുന്ന ചോദ്യം. വയനാട്ടിലെ എതിരാളി ഇടതുപക്ഷമാണ്. തിരുവനന്തപുരം ഒഴികെ മറ്റൊരിടത്തും ബി ജെ പിയുമായി ശക്തമായ മത്സരമില്ല. കോൺഗ്രസുമായി കൂടുതൽ അടുപ്പമുള്ള സി പി ഐയാണ് വയനാട്ടിൽ മത്സരിക്കുന്നത്. ഇങ്ങനെയൊരാൾക്കെതിരെ രാഹുൽ മത്സരിക്കുന്നത് വിശാല മതേതര ചേരിയെ ദുർബലപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ദക്ഷിണേന്ത്യ പിടിക്കാനാണെങ്കിൽ എന്തുകൊണ്ട് ബി ജെ പി മുഖ്യ എതിരാളിയായുള്ള കർണാടകയിൽ നിന്ന് മത്സരിക്കുന്നില്ലെന്ന ചോദ്യം ഇതിനകം ഉയർന്നുകഴിഞ്ഞു. കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് പി സി സികളെല്ലാം അവരുടെ സംസ്ഥാനങ്ങളിൽ നിന്ന് രാഹുൽ മത്സരിക്കണമെന്ന ആവശ്യം ഉയർത്തിയതാണ്.
ബി ജെ പിയെ നേരിടാൻ വയനാട്ടിലെ സ്ഥാനാർഥിത്വം എന്ത് സംഭാവന നൽകുമെന്ന ചോദ്യത്തിനും രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ കോൺഗ്രസ് മറുപടി പറയേണ്ടി വരും. ഇതിനപ്പുറമാണ് ബി ജെ പി ദേശീയതലത്തിൽ നടത്തുന്ന പ്രചാരണം. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ഉത്തരേന്ത്യയിൽ നിന്ന് തോൽവി ഭയന്ന് പിന്മാറിയെന്ന പ്രചരണവും കോൺഗ്രസിന് ദോഷം ചെയ്യുമെന്ന് ഉറപ്പാണ്.