പ്രൗഢമായ ചടങ്ങിൽ തിരൂരങ്ങാടി ഖാസിയായി ഖലീൽ തങ്ങൾ ചുമതലയേറ്റു

Posted on: March 22, 2019 10:27 am | Last updated: March 22, 2019 at 10:27 am
തിരൂരങ്ങാടി ഖാസിയായി ചുമതലയേൽക്കുന്ന സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽബുഖാരിക്ക്
ഇന്ത്യൻ ഗ്രാന്റ്മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ശിരോവസ്ത്രമണിയിക്കുന്നു

തിരൂരങ്ങാടി: ചരിത്ര പ്രസിദ്ധമായ തിരൂരങ്ങാടിയിലെ പുതിയ ഖാസിയായി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരി ചുമതലയേറ്റു. തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ സാദാത്തുക്കളും പണ്ഡിതന്മാരും നിറഞ്ഞ സദസ്സിൽ കോഴിക്കോട് ജിഫ്രി ഹൗസിൽ നിന്നു കൊണ്ടുവന്ന തലപ്പാവ് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽബുഖാരിക്ക് അണിയിച്ചു. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ ഖലീൽ തങ്ങളെ സ്ഥാനവസ്ത്രം അണിയിച്ചു.

വലിയ പള്ളി പരിപാലന കമ്മിറ്റി പ്രസിഡന്റ് പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
പി കെ എസ് തങ്ങൾ തലപ്പാറ, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് ഹസൻ ബുഖാരി വാരണാക്കര, സയ്യിദ് ഹബീബുറഹ്മാൻ ബുഖാരി, സയ്യിദ് സഹൽ ശിഹാബ് കുറ്റിച്ചിറ, താനാളൂർ അബ്ദു മുസ്‌ലിയാർ, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, ഖാസിം കോയ പൊന്നാനി, മമ്പീതി മുഹമ്മദ് കുട്ടി മുസ്‌ലിയാർ, എം എൻ സിദ്ദീഖ് ഹാജി, വി ടി ഹമീദ് ഹാജി, ഹസൻ സഖാഫി വെന്നിയൂർ സംബന്ധിച്ചു. മഹല്ല് സെക്രട്ടറി എം എൻ കുഞ്ഞി മുഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. 1300 വർഷത്തിലധികം പഴക്കമുള്ളതും കേരളത്തിലെ മുസ്‌ലിം ആരാധനാലയങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്ന തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയാണ് തിരൂരങ്ങാടിയിലെ ഖാസിമാരെ നിയമിക്കുന്നത്.