എം പി അഥവാ മണി പവർ

Posted on: March 20, 2019 7:10 pm | Last updated: March 20, 2019 at 7:10 pm

പാലക്കാട്: ലോക്സഭാ എം പി മാരിൽ ധനികനും പാവപ്പെട്ടവനും കേരളത്തിൽ നിന്ന്. നാഷണൽ ഇലക്്ഷ വാച്ചും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ലോക്സഭയിലേക്ക് രണ്ട് പ്രാവശ്യം തിരഞ്ഞടുത്ത എം പിമാരുടെ സ്വത്ത് വിവരമാണ് പഠനത്തിന് വിധേയമാക്കിയത്.

ഇക്കാലയളവിൽ ഏറ്റവും കൂടുതൽ ആസ്തി സമ്പാദിച്ചത് മുസ്‌ലിം ലീഗ് നേതാവും പൊന്നാനി എം പിയുമായ ഇ ടി മുഹമ്മദ് ബഷീറാണ്, 2,018 ശതമാനം. അതായത് അഞ്ച് വർഷം കൊണ്ട് ഇ ടിയുടെ സ്വത്തുക്കളിൽ ഉണ്ടായത് ഏതാണ്ട് 22 മടങ്ങ് വർധനവ്. 2009 ൽ ആദ്യമായി ലോക്‌സഭാ സ്ഥാനാർഥിയായ സമയത്ത് നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 6,05,855 രൂപയായിരുന്നു ആസ്തി. എന്നാൽ 2014 ൽ 1,32,16,259 രൂപയായി ഉയർന്നു. ഇക്കാലയളവിൽ ആസ്തിയിൽ കുറവ് വന്നവരും പട്ടികയിലുണ്ട്. മൂന്ന് തവണ കാസർകോട് എം പിയായിരുന്ന പി കരുണാകരനാണ് കുറവ് വന്നവരുടെ പട്ടികയിൽ ഒന്നാമത്. സി പി എം നേതാവുകൂടിയായ ഇദ്ദേഹത്തിന്റെ സ്വത്തിൽ 67 ശതമാനം കുറവ് ഉണ്ടായെന്നാണ് കണക്ക്. സ്വത്തിൽ 21 ശതമാനം കുറവ് രേഖപ്പെടുത്തി എറണാകുളം എം പി. കെ വി തോമസും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 2009ൽ 5.5 കോടിയായിരുന്നിടത്ത് 2014ൽ 13.32 കോടിയായാണ് വർധിച്ചത്. കണക്കുകൾ പ്രകാരം രണ്ടാമതും പാർലിമെന്റിലെത്തിയ എംപിമാരിൽ 153 പേരുടെ സ്വത്തുക്കൾ 142 ശതമാനമാണ് വർധിച്ചത്.

5.5 കോടി രൂപയായിരുന്ന ആകെ എം പിമാരുടെ ആസ്തി നാല് വർഷങ്ങൾക്കിപ്പുറം 13.32 കോടിയിലേക്കാണ് ഉയർന്നത്. തൃണമൂൽ കോൺഗ്രസിന്റെ ശിശിർ കുമാർ അധികാരിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 1,700 ശതമാനമാണ് ഇദ്ദേഹത്തിന്റെ സ്വത്തിലുള്ള വർധന. 2009ൽ ഉണ്ടായിരുന്ന 10,83,159 രൂപ 2014ൽ 1,94,98,381 ലേക്ക് ഉയരുയാണ് ചെയ്തത്. എ ഐ എ ഡി എം കെ. എം പി. പി വേണുഗോപാലാണ് മുന്നാം സ്ഥാനത്ത്. 1,281 ശതമാനമാണ് വർധന. ബി ജെപി നേതാവ് ഡോ. രാംശങ്കർ കഠേരിക്ക് 869 ശതമാനം സ്വത്ത് വർധനവും രേഖപ്പെടുത്തി. 15,11,000 രൂപയിൽ നിന്ന് 1,46,34,885 ആയിരുന്നു വർധന. കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷും പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെടുന്നു. കോൺഗ്രസിൽ ഏറ്റവും കൂടുതൽ സ്വത്ത് വർധിച്ചതും മലയാളിയായ കൊടിക്കുന്നിൽ സുരേഷിന്റേതാണ്. 70.2 ശതമാനം വർധനവ് രേഖപ്പെടുത്തിയപ്പോൾ 16,52,747 രൂപയിൽ നിന്നും 1,32,51,330 ആയാണ് വർധിച്ചത്.

അതേസമയം, മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുടെ സ്വത്തിൽ 573, 304 ശതമാനം വർധനവ് രേഖപ്പെടുത്തിയപ്പോൾ ആകെ കോൺഗ്രസ് പ്രതിനിധികളുടെ സ്വത്തിൽ 109 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംപിമാരുടെ സ്വത്തിൽ 140 ശതമാനം വർധന ഉണ്ടായതായും റിപ്പോർട്ട് പറയുന്നു.