Connect with us

National

തിരഞ്ഞെടുപ്പ് പടിവാതിലില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് നായകനെ നഷ്ടം

Published

|

Last Updated

മുംബൈ: നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുമിച്ച് നടക്കുന്ന മഹാരാഷ്ട്രയില്‍ പ്രചാരണങ്ങള്‍ക്ക് ചൂട്പിടിക്കവെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കേണ്ട മുതിര്‍ന്ന നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടില്‍ കോണ്‍ഗ്രസ് വിട്ടു. അടുത്തിടെ ഇദ്ദേഹത്തിന്റെ മകന്‍ സുജയ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. വിഖെ പാട്ടീലും ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജികത്ത് പാര്‍ട്ടിക്ക് കൈമാറിയ അദ്ദേഹം മുതിര്‍ന്ന നേതാാക്കളെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം അവഗണിക്കുകയാണെന്നും ആരോപിച്ചു.

മറാത്താ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ വിഖെ പാട്ടീല്‍ ഷിര്‍ദി മണ്ഡലത്തെയാണ് നിലവില്‍ പ്രതിനിധീകരിക്കുന്നത്. മകന്‍ പാര്‍ട്ടിവിട്ടത് മുതല്‍ നേതൃത്വവുമായി ഉടക്കി നില്‍ക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്- എന്‍ സി പി സീറ്റ് ധാരണയെ തുടര്‍ന്ന് അഹമ്മദ്‌നഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വിഖെ പാട്ടീലിന്റെ മകന്‍ പാര്‍ട്ടിവിട്ടത്. എന്‍ സി പിയുമായുള്ള ചര്‍ച്ചയില്‍ ചില സീറ്റുകള്‍ വെച്ചുമാറുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ എന്‍ സി പി നേതാവ് ശരത് പവാര്‍ കടുംപിടിത്തം നടത്തിയതിനാല്‍ നടന്നില്ലെന്നും ഇതിനെ തുടര്‍ന്നാണ് തന്റെ മകന്‍ പാര്‍ട്ടിവിട്ടതെന്നും വിഖെ പാട്ടീല്‍ പറഞ്ഞിരുന്നു.

കുടുംബത്തെ മോഷമാക്കുന്ന തരത്തില്‍ പവാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. ബി ജെ പിയിലെത്തിയ സുജയക്ക് അഹമ്മദ് നഗര്‍ സീറ്റ് തന്നെ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മകന് ബി ജെ പി നല്‍കിയ പരിഗണന മനസ്സിലാക്കിയാണ് വിഖെ പാട്ടീലും കളം മാറുന്നത്. അതിനിടെ രാധാകൃഷ്ണ വിഖെ പാട്ടിലീനെ ശിവസേന നേതാവ് ഉദ്ദവ് താക്കറെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു.

Latest