Connect with us

Editorial

അസിം പ്രേംജി സമ്പന്നര്‍ക്ക് മാതൃക

Published

|

Last Updated

ഇന്ത്യയിലെ അതിസമ്പന്നരില്‍ മുന്‍നിരയിലുള്ള വ്യക്തിയെന്ന നിലയിലാണ് രാജ്യത്തെ പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ വിപ്രോയുടെ ചെയര്‍മാന്‍ അസിം പ്രേംജി പൊതുവെ അറിയപ്പെടുന്നത്. ഇതിനപ്പുറം അദ്ദേഹത്തിന് മനുഷ്യസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദാനശീലത്തിന്റെയും തിളക്കമാര്‍ന്ന മറ്റൊരു മുഖമുണ്ട്. സഹസ്രകോടികളാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വര്‍ഷവും അദ്ദേഹം ചെലവിടുന്നത്. നടപ്പു വര്‍ഷം അസിം പ്രേംജി ഫൗണ്ടേഷന്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെച്ചത് “വിപ്രോ”യുടെ 34 ശതമാനത്തോളം ഓഹരി വിഹിതം വരുന്ന 52,750 കോടി രൂപയാണ്. ഇതോടെ ഫൗണ്ടേഷന്‍ ഈയിനത്തില്‍ നീക്കിവെച്ച തുക 1,45,000 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയിലെ 36 അതിസമ്പന്നരുടെ കണക്കെടുത്താല്‍ അവര്‍ ദാനം ചെയ്ത തുകയില്‍ 80 ശതമാനവും അസിം പ്രേംജിയുടേതാണെന്നു കാണാം. അതിസമ്പന്നരുടെ ആസ്തിയില്‍ പകുതിയിലേറെയും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാന്‍ പ്രേരിപ്പിക്കുന്ന ബില്‍ഗ്രേറ്റിന്റെ “ദ ഗിവിംഗ് പ്ലെഡ് ക്യാമ്പയി”നില്‍ പങ്കാളിയായ ആദ്യ ഇന്ത്യക്കാരന്‍ അസിം പ്രേംജിയായിരുന്നു. ചൈന ആസ്ഥാനമായ ഹാറൂണ്‍ മാസിക ഇന്ത്യയിലെ മനുഷ്യ സ്‌നേഹികളില്‍ ഒന്നാമനായി തിരഞ്ഞെടുത്തത് അസിം പ്രേംജിയെയാണ്.

അല്‍പം പണം കൈവശം വന്നുചേരുമ്പോള്‍ ധൂര്‍ത്തും അത്യാഡംബരവും കാണിക്കുന്നവരാണ് ആളുകള്‍ പൊതുവെ. 13,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് കടന്ന വിവാദ വ്യവസായി നീരവ് മോദി ധരിച്ച കോട്ടിന്റെ വില ഒമ്പത് ലക്ഷം രൂപയാണ്. 15.5 ലക്ഷം രൂപ വാടക വരുന്ന ഫ്‌ളാറ്റിലാണ് അയാളുടെ താമസം. മറ്റൊരു വ്യവസായി വിജയ് മല്യ ലണ്ടനില്‍ താമസിക്കുന്ന റീഗന്റ്‌സ്പാര്‍ക്കിലെ ആഡംബര മാളികയിലെ ശുചിമുറി പോലും സ്വര്‍ണം പൂശിയതാണത്രെ. ഇന്ത്യയിലായിരുന്ന കാലത്ത് മല്യ യാത്ര ചെയ്തിരുന്നത് 400 കോടി രൂപ മുടക്കി വാങ്ങിയ അത്യാഡംബര വിമാനത്തിലായിരുന്നു. എന്നാല്‍ അസിം പ്രേംജി തന്റെ ജീവനക്കാരില്‍ നിന്നു വാങ്ങിയ പഴയ മെഴ്‌സിഡസ് കാര്‍ സ്വയം ഓടിച്ചാണ് ഇപ്പോഴും യാത്ര ചെയ്യുന്നത്. വല്ലപ്പോഴും വിമാനത്തില്‍ യാത്ര ചെയ്യുകയാണെങ്കില്‍ അത് ചെലവ് കുറഞ്ഞ എക്കോണമിക്‌സ് ക്ലാസിലായിരിക്കും. ചിലപ്പോഴൊക്കെ പൊതുവാഹനത്തിലും ഓട്ടോറിക്ഷയിലും യാത്ര ചെയ്യാറുണ്ട്. ഓഫീസില്‍ ചെന്നാല്‍ ഭക്ഷണം കാന്റീനില്‍ നിന്നാണ്. എന്റെ ജീവനക്കാര്‍ക്ക് ഭക്ഷിക്കാന്‍ കൊള്ളാവുന്നതാണെങ്കില്‍ എനിക്കും അതാകാമല്ലോ എന്നാണ് അദ്ദേഹം പറയാറുള്ളത്.

ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് കുടിയേറിപ്പാര്‍ത്ത മുസ്‌ലിം കുടുംബത്തിലെ അംഗമായ അസിം പ്രേംജി ലോകത്തെ സമ്പന്നര്‍ക്ക് മാതൃകയാണ്. കാരുണ്യ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്ന സഹസ്രകോടികള്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും വിവിധ സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തോടെ ഗ്രാമങ്ങളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് അദ്ദേഹം മുഖ്യമായും വിനിയോഗിക്കുന്നത്. നിലവില്‍ കര്‍ണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പുതുച്ചേരി, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അസിം പ്രേംജി ഫൗണ്ടേഷന്‍ പ്രവര്‍ത്തനം സജീവമാണ്. 2015ല്‍ ദാനപ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം നീക്കി വെച്ച 27,514 കോടിയുടെ ഗുണം എട്ട് സംസ്ഥാനങ്ങളിലെ 34,500 വിദ്യാലയങ്ങള്‍ അനുഭവിക്കുകയുണ്ടായി. മറ്റു സമ്പന്നരും ഈ മാതൃക പിന്തുടര്‍ന്നാല്‍ രാജ്യം അനുഭവിക്കുന്ന ദാരിദ്ര്യവും നിരക്ഷരതയും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും വലിയൊരളവോളം പരിഹരിക്കാനാകും.

ഇന്ത്യന്‍ ജനതയില്‍ മൂന്നിലൊന്നും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ദരിദ്രരാണ്. ഇവരില്‍ 18 കോടി അതിദരിദ്രരുമാണ്. ഇന്ത്യയില്‍ ജനിക്കുന്ന 1000 കുട്ടികളില്‍ 38 പേര്‍ പട്ടിണിമൂലം ഒന്നാം ജന്മദിനത്തിനു മുമ്പ് മരിക്കുന്നു. സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ സജീവമാണെങ്കിലും ജനങ്ങളില്‍ വലിയൊരു വിഭാഗം ഇപ്പോഴും നിരക്ഷരരാണ്. ആരോഗ്യ രംഗവും ബഹുദൂരം പിന്നിലാണ്. മുഴുവന്‍ പേര്‍ക്കും മികച്ച ആതുരസേവനം നല്‍കണമെങ്കില്‍ രാജ്യം ബഹുദൂരം ഇനിയും മുന്നേറേണ്ടതുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുമേഖലകളില്‍ സര്‍ക്കാര്‍ വേണ്ടത്ര പണം നിക്ഷേപിക്കാത്തതും, അതിസമ്പന്നരും വന്‍കിട കമ്പനികളും കൃത്യമായി നികുതിയടക്കാത്തതുമാണ് ഈ ദുരവസ്ഥക്ക് കാരണമെന്ന് വേള്‍ഡ് എക്കണോമിക്ക് ഫോറം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ഏജന്‍സി ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

അഴിമതിയും ധൂര്‍ത്തും ഭരണപരമായ പിടിപ്പുകേടും കാരണം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പൊതുവെ കടക്കെണിയിലാണ്. പദ്ധതി, വികസന രംഗത്ത് ആവശ്യത്തിനു വിനിയോഗിക്കാനുള്ള വിഹിതം പൊതു ഖജനാവുകളിലില്ല. അതേസമയം അതിസമ്പന്നരുടെ വശം സമ്പത്ത് കുന്നുകൂടിക്കിടക്കുന്നു. രാജ്യത്തെ 50 ശതമാനം ആസ്തിയും അതിസമ്പന്നരായ ഒമ്പത് പേരുടെ കൈവശമാണ്. വാര്‍ഷിക ബജറ്റ് അടങ്കലിനേക്കാള്‍ കൂടുതല്‍ വരും ശതകോടീശ്വരന്മാരുടെ സമ്പാദ്യം. സമ്പന്നര്‍ക്കും സാധാരണക്കാര്‍ക്കുമിടയിലുള്ള സാമ്പത്തികാന്തരം പാടേ ഇല്ലാതാക്കി സമ്പൂര്‍ണമായ സാമ്പത്തിക സമത്വം നടപ്പാക്കാന്‍ സാധ്യമല്ല. പകരം ധനം കുത്തകവത്കരിക്കപ്പെടാത്ത സ്ഥിതിവിശേഷം സൃഷ്ടിച്ചാല്‍ അസന്തുലിതത്വം ഗണ്യമായി കുറക്കാനാകും. അസിം പ്രേംജിയെ പോലെ സമ്പന്നര്‍ സ്വത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവരുടെ ഉന്നമനത്തിനു നീക്കിവെക്കണം. ഇതുവഴി ദരിദ്രരുടെയും നിരക്ഷരരുടെയും എണ്ണം വന്‍തോതില്‍ കുറക്കാനും ആരോഗ്യരംഗം മെച്ചപ്പെടുത്താനും സാധിക്കുമെന്നതിന് ഇസ്‌ലാമിന്റെ ആദ്യകാലഘട്ട ചരിത്രം സാക്ഷിയാണ്. ഉമര്‍(റ)വിന്റെ ഭരണം ഗാന്ധിജിയെ പോലുള്ള ഇസ്‌ലാമേതര നേതാക്കളെയും ബുദ്ധിജീവികളെയും ചിന്തകരെയും ആകര്‍ഷിച്ചതിന്റെ പ്രധാന ഘടകവും ഇസ്‌ലാമിന്റെ വ്യവസ്ഥാപിതമായ സാമ്പത്തിക ശാസ്ത്രമായിരുന്നു.

Latest