ദേഹത്ത് കയറിയിരുന്ന് ഒമ്പതുകാരിയെ കൊലപ്പെടുത്തിയ സംഭവം: വയോധികക്ക് ജീവപര്യന്തം

Posted on: March 17, 2019 2:19 pm | Last updated: March 17, 2019 at 2:19 pm

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ദേഹത്തു കയറിയിരുന്നതിനെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ വയോധികയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 2017 ഒക്ടോബറിലാണ് സംഭവം നടന്നത്.

159 കിലോ തൂക്കമുള്ള വെറോനിക്ക ഗ്രീന്‍ പോസി എന്ന സ്ത്രീയാണ് ബന്ധുവും ഒമ്പതു വയസുകാരിയും സ്‌കൂള്‍ വിദ്യാര്‍ഥിയുമായ ഡെറിക്ക ലിന്‍ഡ്‌സെയെ സോഫയില്‍ കിടത്തിയ ശേഷം പുറത്തു കയറിയിരുന്നത്. തെറ്റു ചെയ്തതിന് കുട്ടിയെ ശിക്ഷിക്കാനായിരുന്നു ഇത്. അഞ്ചു മിനുട്ടോളം ഇതേ നില തുടര്‍ന്നു. ശ്വാസം കിട്ടാതെയായിരുന്നു കുട്ടിയുടെ മരണം. ചലനമില്ലെന്നു കണ്ടതോടെ വെറോനിക്ക കുട്ടിയെ ഇവിടുത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെറോനിക്ക കുറ്റക്കാരിയാണെന്ന് എസ്‌കാമ്പിയ കൗണ്ടി ജൂറി വിധിച്ചത്. വെറോനിക്കക്കു പുറമെ കുട്ടിയുടെ വളര്‍ത്തു മാതാപിതാക്കളായ ജയിംസ് സ്മിത്തും ഗ്രേയ്‌സ് സമിത്തും കുട്ടിയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തി. ജയിംസിന് കോടതി നേരത്തെ പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. അതേസമയം, ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഗ്രേസ് സ്മിത്തിനെ വിചാരണക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ല.